VIDEO - വരൂ...സൗദി ഹൗസിലെ വിസ്മയം കാണാം

ദോഹ-ലോകകപ്പ് ഫുട്‌ബോൾ കാണാനെത്തുന്നവർക്ക് ദോഹ കോർണിഷിൽ ഒരുക്കിയിരിക്കുന്ന വിസ്മയമാണ് സൗദി ഹൗസ്. സമ്പന്നമായ സംസ്‌കാരവും പൈതൃകവുമുള്ള സൗദി എന്ന രാജ്യത്തിന്റെ ഹൃദയത്തിലേക്കുള്ള കവാടമാണിത്. 
ലോകകപ്പ് ഫുട്‌ബോളിൽ പങ്കെടുക്കുന്ന മറ്റൊരു രാജ്യവും ഒരുക്കാത്ത തരത്തിലുള്ള കൗതുകമാണിത്. നൂറ്റാണ്ടുകൾ പഴക്കമുള്ള സൗദിയുടെ സംസ്‌കാരവും ഫുട്‌ബോളിനും കായികലോകത്തിനും രാജ്യം നൽകുന്ന പ്രാധാന്യവും ഒറ്റനോട്ടത്തിൽ തന്നെ എളുപ്പത്തിൽ മനസ്സിലാക്കാൻ സാധിക്കുന്ന സൗദി ഹൗസാണ് ദോഹ കോർണിഷിൽ ഒരുക്കിയിരിക്കുന്നത്. സൗദിയുടെ പരിച്ഛേദം എന്ന് വിളിക്കാവുന്ന അതിമനോഹര പ്രദർശനം. സൗദി കായിക മന്ത്രാലയവും സൗദി അറേബ്യൻ ഫുട്‌ബോൾ ഫെഡറേഷനുമാണ് ഈ വിസ്മയം ഒരുക്കിയിരിക്കുന്നത്. രാജ്യത്തിന്റെ പാരമ്പര്യങ്ങളും ആതിഥ്യമര്യാദയും ഫുട്‌ബോളിനോടുള്ള രാജ്യത്തിന്റെ അചഞ്ചലമായ അഭിനിവേശവും ആഘോഷിക്കുന്നതാണ് സൗദി ഹൗസ്. ഉച്ചക്ക് പന്ത്രണ്ടു മുതൽ രാത്രി 12 വരെ പ്രദർശന ഹാൾ ആളുകളെയും കാത്തിരിക്കുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ളവർ പ്രദർശനം കാണാനെത്തുന്നുണ്ട്.
ഏകദേശം രണ്ടു ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമുണ്ട് സൗദി ഹൗസിന്. പ്രാദേശിക കലാകാരൻമാരും സൗദി ആർട്ടിസ്റ്റുകളും പ്രദർശനത്തെ കൂടുതൽ വശ്യമാക്കുന്നുണ്ട്. ഹൗസിൽ ഒരുക്കിയ കൂറ്റൻ സ്‌ക്രീനിൽ ഫുട്‌ബോൾ മത്സരവും വീക്ഷിക്കാം. സൗദിയുടെ രണ്ടു മാച്ചുകളും ആയിരങ്ങളാണ് സ്‌ക്രീനിന് മുന്നിലിരുന്ന് കണ്ടത്. പത്തു ഭാഗങ്ങളായി 21 വ്യത്യസ്ത പ്രദർശനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. സൗദിയുടെ ഫുട്‌ബോൾ ചരിത്രം വിളിച്ചോതുന്നതാണ് ഇതിൽ ഏറ്റവും പ്രധാം. സൗദിയുടെ ലോകകപ്പ്, ഏഷ്യൻ കപ്പ് പ്രാതിനിധ്യങ്ങളും ആ മത്സരങ്ങളിൽ പങ്കെടുത്തവരുടെ ചിത്രങ്ങളും ജഴ്‌സികളുമെല്ലാം പ്രദർശനത്തിലുണ്ട്. സൗദി വിഭവങ്ങൾ ആസ്വദിക്കാനുള്ള അവസരവുമുണ്ട്. വൈവിധ്യമാർന്ന നാടോടിക്കഥകളും സംസ്‌കാരവും അനുഭവിക്കാൻ അതിഥികൾക്ക് കൾച്ചറൽ സോൺ അവസരമൊരുക്കുന്നു. 
ഭൂമിയിലെ ഏറ്റവും വലിയ കായികമേളയിൽ സൗദിയുടെ സംസ്‌കാരവും അപാരമായ ആതിഥ്യമര്യാദയും പാരമ്പര്യങ്ങളും ഫുട്ബോൾ ചരിത്രവും ലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള മികച്ച അവസരമാണ് സൗദി ഹൗസ് നൽകുന്നതെന്ന് സൗദി കായിക മന്ത്രി അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ രാജകുമാരൻ പറഞ്ഞു. സൗദിയുടെ പരിവർത്തന വിഷൻ 2030 ന് നന്ദി. സൗദി അറേബ്യ എന്നത്തേക്കാളും കൂടുതലായി ലോകത്തിന് മുന്നിൽ തുറന്നുവെച്ചിരിക്കുന്നു. മിഡിൽ ഈസ്റ്റിലെ ആദ്യ ലോകകപ്പ് പൂർണ്ണമായി ആഘോഷിക്കാനും സൗദിയുടെ അഭിനിവേശവും ചരിത്രവും സംസ്‌കാരവും എല്ലാ കോണുകളിൽ നിന്നുമുള്ള ആരാധകരുമായി പങ്കിടാനും ഞങ്ങൾ ആഗ്രഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സൗദിയിൽനിന്നുള്ളവരിൽ പലരും ആദ്യമായി ലോകകപ്പ് ആസ്വദിക്കുന്നവരാണ്. അവർക്കുള്ള സൗകര്യം ഒരുക്കുന്നതിലും സൗദിയുടെ ഫുട്‌ബോൾ ടീമിന് പിന്തുണ അർപ്പിക്കുന്നതിനുമായി വൻ സന്നാഹമാണ് സൗദിഹൗസിൽ ഒരുക്കിയിരിക്കുന്നത്. ഒരിക്കൽ സന്ദർശിച്ചാൽ വീണ്ടുംവീണ്ടും മാടിവിളിക്കുന്ന തരത്തിലുള്ള ദൃശ്യവിരുന്നുണ്ട് സൗദി ഹൗസിൽ. ഹൗസിലേക്ക് പ്രവേശിക്കുമ്പോൾ ചോക്ലേറ്റും തിരിച്ചിറങ്ങുമ്പോൾ ഈത്തപ്പഴവും സമ്മാനിച്ചാണ് സംഘാടകർ കാത്തിരിക്കുന്നത്.
 

Latest News