Sorry, you need to enable JavaScript to visit this website.

തുരങ്കമുണ്ടാക്കി റെയില്‍വേ എന്‍ജിന്‍ പൊളിച്ചു കടത്തിയ സംഘം പിടിയില്‍

മുസാഫര്‍പൂര്‍- അറ്റകുറ്റപ്പണികള്‍ക്കായി റെയില്‍വേ യാര്‍ഡില്‍ കൊണ്ടുവന്ന ഡീസല്‍ എന്‍ജിന്‍ പൊളിച്ച് തുരങ്കം കുഴിച്ച് കടത്തിയ മോഷ്ടാക്കള്‍ പിടിയില്‍. ബിഹാറിലെ ബെഗുസരായ് ജില്ലയിലെ റെയില്‍വേ യാര്‍ഡില്‍ നിന്നാണ് ഡീസല്‍ എന്‍ജിന്‍ ഭാഗങ്ങളാക്കി മോഷ്ടിക്കപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു.

മോഷ്ടാക്കള്‍ പുറത്തുനിന്ന് യാര്‍ഡിന്റെ മുറ്റത്തേക്ക് തുരങ്കമുണ്ടാക്കിയാണ് എന്‍ജിന്‍ ഭാഗങ്ങള്‍ മോഷ്ടിക്കാന്‍ തുടങ്ങിയത്. അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന എന്‍ജിന്റെ മുഴുവന്‍ ഭാഗവും ഈ തുരങ്കം വഴി സാവധാനം അവര്‍ പുറത്തുകടത്തിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. 

ഗര്‍ഹാര യാര്‍ഡില്‍ അറ്റകുറ്റപ്പണികള്‍ക്കായി കൊണ്ടുവന്ന ഡീസല്‍ എന്‍ജിന്‍ മോഷണം പോയതിന് കഴിഞ്ഞയാഴ്ച ബരൗനി പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അന്വേഷണത്തില്‍ മൂന്ന് പേരെ അറസ്റ്റ് ചെയ്തതായി മുസാഫര്‍പൂര്‍ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ് ഇന്‍സ്പെക്ടര്‍ പി. എസ്. ദുബെ പറഞ്ഞു. ചോദ്യം ചെയ്യലില്‍ ഇവര്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുസാഫര്‍പൂര്‍ ജില്ലയിലെ പ്രഭാത് നഗര്‍ പ്രദേശത്തെ സ്‌ക്രാപ്പ് ഗോഡൗണില്‍ നടത്തിയ പരിശോധനയില്‍ 13 ചാക്ക് നിറയെ ട്രെയിന്‍ ഭാഗങ്ങള്‍ കണ്ടെടുത്തതായി അദ്ദേഹം പറഞ്ഞു. സ്‌ക്രാപ്പ് ഗോഡൗണിന്റെ ഉടമയ്ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് കൂട്ടിച്ചേര്‍ത്തു.

എന്‍ജിന്‍ ഭാഗങ്ങള്‍, വിന്റേജ് ട്രെയിന്‍ എന്‍ജിനുകളുടെ ചക്രങ്ങള്‍, കട്ടിയുള്ള ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച റെയില്‍വേ ഭാഗങ്ങള്‍ എന്നിവ കണ്ടെടുത്തവയില്‍ ഉള്‍പ്പെടുന്നു. റെയില്‍വേ യാര്‍ഡിലേക്ക് തുരങ്കം നിര്‍മിച്ച് അതിലൂടെ ലോക്കോമോട്ടീവ് ഭാഗങ്ങളും മറ്റും ചാക്കില്‍ കെട്ടി കൊണ്ടുപോകുകയായിരുന്നു. സ്റ്റീല്‍ പാലങ്ങളുടെ ബോള്‍ട്ട് അഴിച്ച് അവയുടെ ഭാഗങ്ങള്‍ മോഷ്ടിക്കുന്നതിലും സംഘത്തിന് പങ്കുണ്ട്.

കഴിഞ്ഞ വര്‍ഷം സമസ്തിപൂര്‍ ലോക്കോ ഡീസല്‍ ഷെഡിലെ റെയില്‍വേ എന്‍ജിനീയറെ പൂര്‍ണിയ കോടതി വളപ്പില്‍ സൂക്ഷിച്ചിരുന്ന പഴയ ആവി എന്‍ജിന്‍ വിറ്റെന്നാരോപിച്ച് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സമസ്തിപുരിലെ ഡിവിഷണല്‍ മെക്കാനിക്കല്‍ എന്‍ജിനീയറുടെ വ്യാജ കത്ത് ഉപയോഗിച്ച് മറ്റ് റെയില്‍വേ ഉദ്യോഗസ്ഥരുടെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ഒത്താശയോടെ എന്‍ജിന്‍ വിറ്റെന്നായിരുന്നു ആരോപണം.

Tags

Latest News