പാസ്‌പോര്‍ട്ടിനും വിവാഹ രജിസ്‌ട്രേഷനും ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നു

ന്യൂദല്‍ഹി- വിദ്യാഭ്യാസവും തൊഴിലും പാസ്‌പോര്‍ട്ടും ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതിനായി 1969ലെ ജനന, മരണ രജിസ്‌ട്രേഷന്‍ നിയമം ഭേദഗതിചെയ്യുന്ന ബില്‍ പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനത്തില്‍ അവതരിപ്പിക്കും.
പൊതുജനാഭിപ്രായംതേടി ബില്ലിന്റെ കരട് കഴിഞ്ഞവര്‍ഷം പുറത്തിറക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരുകളില്‍നിന്നും മറ്റും ലഭിച്ച നിര്‍ദേശങ്ങള്‍കൂടി പരിഗണിച്ച് മാറ്റങ്ങളോടെയാകും ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുക. അടുത്തമാസം ഏഴിനാണ് ശീതകാല സമ്മേളനം ആരംഭിക്കുന്നത്.

വിദ്യാഭ്യാസസ്ഥാപനങ്ങളിലെ പ്രവേശനം, വോട്ടവകാശം, പാസ്‌പോര്‍ട്ട്, െ്രെഡവിങ് ലൈസന്‍സ്, വിവാഹ രജിസ്‌ട്രേഷന്‍, പൊതുമേഖലയിലെയും തദ്ദേശ സര്‍ക്കാര്‍വകുപ്പുകളിലെയും തൊഴില്‍ നിയമനങ്ങള്‍ എന്നിവക്കെല്ലാം ജനനസര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുമെന്ന് ബില്ലില്‍ പറയുന്നു. സ്‌കൂള്‍ പ്രവേശനം പോലെയുള്ള അടിസ്ഥാന സേവനങ്ങള്‍ക്ക് ജനന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നതോടെ നിലവിലുള്ള നിയമം കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനാകുമെന്നാണ് കരുതുന്നത്.

ജനനത്തിലും മരണത്തിലും ആശുപത്രികളില്‍നിന്ന് നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് അതതിടങ്ങളിലെ രജിസ്ട്രാര്‍ക്കും നല്‍കണമെന്ന് നിര്‍ബന്ധമാക്കും. സമയാസമയം വിവരം നല്‍കിയില്ലെങ്കില്‍ ആശുപത്രികള്‍ക്ക് പിഴചുമത്തും. മുമ്പ് 50 രൂപയായിരുന്ന പിഴ ആയിരമാക്കി ഉയര്‍ത്തും.
രജിസ്റ്റര്‍ ഓഫീസുകളില്‍ ലഭിക്കുന്ന ഈ വിവരങ്ങള്‍ കേന്ദ്രതലത്തില്‍ സൂക്ഷിക്കും. ഇതുവഴി 18 വയസ്സായാല്‍ വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കാനും വ്യക്തി മരിച്ചാല്‍ പേരു നീക്കാനുമാകുമെന്നും വിലയിരുത്തുന്നു.

 

Latest News