Sorry, you need to enable JavaScript to visit this website.

തായിഫിലെ അല്‍കാത്തിബ് കൊട്ടാരം നവീകരിക്കുന്നു, ഒരു കോടി റിയാല്‍ ചെലവ്

തായിഫ് - തായിഫിലെ അല്‍സലാമ സ്ട്രീറ്റിലെ ഏറ്റവും പ്രധാനപ്പെട്ട പൈതൃക കൊട്ടാരമായ അല്‍കാത്തിബ് പാലസിന്റെ നവീകരണ പദ്ധതി ആരംഭിച്ചു. പത്ത് മില്യണ്‍ റിയാലിന് സൗദി സാംസ്‌കാരിക മന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ പൈതൃക വകുപ്പാണ് നവീകരണം നടത്തുന്നത്.
130 വര്‍ഷം പഴക്കമുള്ള ഈ കൊട്ടാരം 1898 ല്‍ ഹിജാസ് ഗവര്‍ണര്‍ ഔന്‍ റഫീഖ് ബാഷയുടെ ക്ലര്‍ക്കായിരുന്ന മുഹമ്മദ് ബിന്‍ അബ്ദുല്‍ അഹദാണ് നിര്‍മിച്ചത്. മൂന്നു വര്‍ഷം മാത്രമായിരുന്നു അദ്ദേഹം ഈ കൊട്ടാരത്തില്‍ താമസിച്ചത്. പിന്നീട് അദ്ദേഹത്തിന്റെ മക്കള്‍ ഇവിടെ താമസിക്കുകയും കിഴക്ക് ഭാഗം മണ്ണും കല്ലും ഉപയോഗിച്ച് നവീകരിക്കുകയും ചെയ്തു.
സ്വന്തമായി കൊട്ടാരം തായിഫില്‍ ഉണ്ടാക്കുന്നതിന് മുമ്പ് ഫൈസല്‍ ബിന്‍ അബ്ദുല്‍ അസീസ് രാജാവ് ഉഷ്ണ കാലത്ത് ഇവിടെ താമസിക്കാറുണ്ടായിരുന്നു. അക്കാരണത്താല്‍ ഇതിന് ഖസ്‌റുന്നിയാബ എന്നും പേരുണ്ട്. രാജാവിന് കൊട്ടാരം കണ്ടയുടനെ ഇഷ്ടപ്പെട്ടെന്നും അതിന് മൂന്നാം നില നിര്‍മിക്കാന്‍ അബ്ദുല്‍ വാഹിദിന്റെ മക്കളോട് ആവശ്യപ്പെടുകയും ചെയ്തു. മൂന്നാം നിലക്കൊപ്പം വടക്ക് ഭാഗത്തേക്ക് വികസിപ്പിക്കുകയും ഉഷ്ണ കാലത്ത് കൊട്ടാരം വാടകക്ക് നല്‍കാന്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തു. ഫൈസല്‍ രാജാവിന് ശേഷം അദ്ദേഹത്തിന്റെ മക്കളായ അബ്ദുല്ല, മുഹമ്മദ്, സഅദ്, സൗദ്, ഖാലിദ്, തുര്‍ക്കി, മകളായ സാറ എന്നിവരെല്ലാം ഇവിടെ താമസിച്ചിരുന്നു. ചുണ്ണാമ്പും മണ്ണും മരവും കൊണ്ട് റോമന്‍ വാസ്തുവിദ്യപ്രകാരമാണ് ഇത് നിര്‍മിച്ചിരുന്നത്. ഇതിന് ചുറ്റും പഴങ്ങളും പച്ചക്കറികളും കൃഷി ചെയ്യുന്ന തോട്ടവുമുണ്ട്.
ടൂറിസം വികസനത്തിന്റെ ഭാഗമായി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ നിര്‍ദേശ പ്രകാരം സൗദിയിലെ ചരിത്രസ്ഥലങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമാണ് ഈ കൊട്ടാര നവീകരണവും.

 

Latest News