ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ  സഹോദരന്‍ അറസ്റ്റില്‍

ന്യൂദല്‍ഹി- പോലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്‌തെന്ന കേസില്‍ കോണ്‍ഗ്രസ് മുന്‍ എംഎല്‍എയും കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ സഹോദരനുമായ ആസിഫ് മുഹമ്മദ് ഖാനെ ദല്‍ഹി പോലീസ് അറസ്റ്റ് ചെയ്തു. തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിയില്ലാതെ ജാമിഅ നഗറില്‍ യോഗം നടത്തുകയും ഇതു തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യുകയും മോശമായി പെരുമാറുകയും ചെയ്‌തെന്ന പരാതിയിലാണ് അറസ്റ്റെന്ന് ഡിസിപി ഇഷ പാണ്ഡെ പറഞ്ഞു. അനുമതിയെക്കുറിച്ച് പൊലീസ് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍, ആസിഫ് മുഹമ്മദ് അക്രമാസക്തനാകുകയും എസ്‌ഐയോട് മോശമായി പെരുമാറുകയുമായിരുന്നെന്ന് ഡിസിപി പറഞ്ഞു. 
അടുത്തമാസം ദല്‍ഹി കോര്‍പറേഷനിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ആസിഫ് മുഹമ്മദ് ഖാന്റെ മകള്‍ ആരിബ ഖാന്‍ ഷഹീന്‍ബാഗിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാണ്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി നടന്ന പൊതുപരിപാടിക്കിടെയായിരുന്നു സംഭവം. എന്നാല്‍ ഇതിന് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് പോലീസ് ഇടപെട്ടത്. 
വേറെ  രണ്ട് പേരെ കൂടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അതേസമയം, പണം നല്‍കി വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ആംആദ്മി പ്രവര്‍ത്തകരുടെ ശ്രമം തടയാനെത്തിയപ്പോള്‍ പോലീസ് ഇടപെട്ടെന്നാണ് ആസിഫിന്റെ പ്രതികരണം.
 

Latest News