Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

മുഹമ്മദ് ആസിമിന് കിട്ടിയത് ലോകകപ്പാണ്

ദോഹ- ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന്റെ സന്തോഷമുണ്ട് മുഹമ്മദ് ആസിമിന്. എക്കാലത്തും അത്ഭുതത്തോടെ കണ്ടിരുന്ന ഗാനിം അൽ മുഫ്ത എന്ന ലോകപ്രശസ്ത വ്യക്തിയെ നേരിൽ കണ്ടതിന്റെയും സംസാരിക്കാൻ ഭാഗ്യം ലഭിച്ചതിന്റെയും ആഹ്ലാദത്തിലാണ് ആസിം. ഖത്തർ ലോകകപ്പ് ഫുട്‌ബോൾ ഉദ്ഘാടന വേദിയിൽ തിളങ്ങിയ ഗാനിം അൽ മുഫ്തയുടെ ജീവിതവുമായി ഏറെ സാമ്യമുണ്ട് കോഴിക്കോട് ഓമശേരിക്ക് സമീപത്തെ വെളിമണ്ണ മുഹമ്മദ് സഈദിന്റെ മകൻ മുഹമ്മദ് ആസിമിനും. മുഹമ്മദ് ആസിമിനും ജന്മനാ ഇരുകൈകളുമില്ല. തോളെല്ലുകളുടെ ഭാഗത്ത് മജ്ജയും മാംസവും ഇല്ല. ഇരുകാലുകൾക്കും നീളവും വണ്ണവും വ്യത്യാസമുണ്ട്. നിവർന്നു നിൽക്കാനുള്ള ബുദ്ധിമുട്ട് വേറെയും. എന്നിട്ടും ഒരിക്കൽ ആസിം പെരിയാർ നീന്തിക്കടന്നു. ഗാനിം അൽ മുഫ്തയും പ്രതിബന്ധങ്ങളെ നീന്തിക്കടന്നാണ് ലോകകപ്പ് വേദിയിൽ എത്തിയത്. ഖത്തർ സന്ദർശനത്തിന് എത്തിയ മുഹമ്മദ് ആസിമും ഗാനിം അൽ മുഫ്തയും ഏറെനേരം സംസാരിച്ചു. 
 ഖത്തറിൽ സന്ദർശനത്തിനെത്തിയ മുഹമ്മദ് ആസിമിനെ അവിചാരിതമായാണ് ഗാനിമിനെ സന്ദർശിക്കാനുള്ള അവസരം ഒത്തുവന്നത്. ശനിയാഴ്ച ഗാനിമിന്റെ വീട്ടിൽ ഉപ്പയോടൊപ്പമാണ് ആസിം എത്തിയത്. ജന്മനാ കൈകളില്ലാതിരുന്ന ആസിം സ്വപ്രയത്‌നം കൊണ്ട് കൊയ്‌തെടുത്ത നേട്ടങ്ങളേറെയാണ്. 2021-ലെ ഇന്റർനാഷണൽ ചിൽഡ്രൻസ് പീസിലെ ഫൈനലിസ്റ്റായതാണ് ആസിമിന്റെ നേട്ടത്തിലെ ഏറ്റവും ഒടുവിൽ രേഖപ്പെടുത്തപ്പെട്ടത്. 39 രാജ്യങ്ങളിൽനിന്നുള്ള 169 പ്രതിനിധികളിൽനിന്നാണ് ഈ നേട്ടം ആസിം സ്വന്തമാക്കിയത്. 2017-ലെ സംസ്ഥാന സർക്കാറിന്റെ ഉജ്ജ്വലബാല്യം അവാർഡ്, തൊട്ടടുത്ത വർഷം എ.പി.ജെ അബ്ദുൽ കലാം ഫൗണ്ടേഷൻ ഇൻസ്‌പൈയറിംഗ് അവാർഡ് എന്നിവയും ആസിമിന്റെ നേട്ടങ്ങളിൽ ചിലതാണ്. പെരിയാർ നദിയിലെ 800 മീറ്റർ ദൂരം 61 മിനിറ്റുകൊണ്ട് നീന്തിത്തീർത്തതിന്റെ ഇന്ത്യൻ ബുക്ക് ഓഫ് അവാർഡും ആസിമിന്റെ പേരിലാണ്. 
ഖത്തറിലെ ഫുട്‌ബോൾ മേളയുടെ ആഹ്ലാദത്തിലേക്കാണ് ആസിം വിമാനമിറങ്ങിയത്. തന്നെ പോലെയുള്ള ഭിന്നശേഷിക്കാരോട് ഖത്തർ സർക്കാർ കാണിക്കുന്ന കരുതലിനെ പറ്റി ആസിം വാതോരാതെ സംസാരിക്കുന്നു. ഫുട്‌ബോൾ തിരക്കുകൾക്കിടയിലും എല്ലാവരെയും തുല്യരായി കാണാനുള്ള സർക്കാർ നടപടി ലോകത്തിന് തന്നെ പ്രതീക്ഷ നൽകുന്നതാണ്. തന്റെ പ്രവർത്തനങ്ങളെപ്പറ്റി ഗാനിം ചോദിച്ചറിഞ്ഞുവെന്ന് ആസിം പറഞ്ഞു. ഭിന്നശേഷിക്കാരായവർക്ക് ഏറെ പ്രചോദനം നൽകുന്നതാണ് ഗാനിം മുഫ്തയുടെ ജീവിതം. ലോകം മുഴുവൻ കാതോർത്തുനിന്ന നിമിഷത്തിന്റെ ഭാഗമാകാൻ ഗാനിമിന് കഴിഞ്ഞത് ഏവർക്കും പ്രചോദനമേകുന്നതാണ്. ഗാനിമിനെ ഇന്ത്യയിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹം അത് സ്വീകരിച്ചുവെന്നും ആസിം പറഞ്ഞു.
 

Latest News