മഡ്രീഡ് - ലോക ഒന്നാം നമ്പർ റഫായേൽ നദാലിന്റെ കളി മൺ കോർടിലെ കുതിപ്പിന് മഡ്രീഡ് ഓപൺ ടെന്നിസിന്റെ ക്വാർട്ടറിൽ ഡൊമിനിക് തിയേം വിരാമമിട്ടു. ക്ലേ കോർടിൽ ഒരു വർഷത്തോളമായി പരാജയമറിയാതെ മുന്നേറുകയായിരുന്നു. തുടർച്ചയായ 50 സെറ്റ് ജയിച്ച റെക്കോർഡ് കഴിഞ്ഞ ദിവസമാണ് സ്ഥാപിച്ചത്. 5-7, 3-6 നാണ് തോറ്റത്. ഇതോടെ ഒന്നാം റാങ്ക് റോജർ ഫെദരർക്ക് നദാൽ അടിയറ വെച്ചു.
കഴിഞ്ഞ ദിവസം പ്രി ക്വാർട്ടറിലാണ് നദാൽ ക്ലേ കോർടിൽ തുടർച്ചയായ 50 സെറ്റ് ജയിക്കുന്ന ആദ്യ താരമായത്. തുടർച്ചയായി 49 സെറ്റ് ജയിച്ച ജോൺ മക്കൻറോയുടെ 34 വർഷം പഴക്കമുള്ള റെക്കോർഡാണ് ഡിയേഗൊ ഷ്വാട്‌സ്മാനെതിരായ കളിയിൽ നദാൽ തകർത്തത്. എന്നാൽ ക്വാർട്ടറിൽ നദാലിനെതിരായ ആദ്യ സെറ്റ് 7-5 ന് തിയേം സ്വന്തമാക്കി. രണ്ടാം സെറ്റും ജയിച്ച് സെമിയിലെത്തുകയും ചെയ്തു. മഡ്രീഡിൽ നിലവിലെ ചാമ്പ്യനാണ് നദാൽ. മോണ്ടികാർലോയിലും ബാഴ്‌സലോണയിലും കിരീടം നേടിയാണ് മഡ്രീഡിലെത്തിയത്. ഒരു വർഷം മുമ്പ് നദാലിനെ ക്ലേ കോർടിൽ അവസാനം തോൽപിച്ചതും തിയേം തന്നെയായിരുന്നു, റോം മാസ്റ്റേഴ്‌സിൽ.
യുവാൻ മാർടിൻ ദെൽപോട്രൊ, മരിയ ഷരപോവ, ലോക ഒന്നാം നമ്പർ സിമോണ ഹാലെപ് തുടങ്ങിയവരും പുറത്തായി. ദെൽപോട്രോയെ യോഗ്യതാ റൗണ്ടിലൂടെ വന്ന ദുസാൻ ലയോവിച് ടൈബ്രേക്കറിൽ തോൽപിച്ചു. ഷരപോവയെ നെതർലാന്റ്‌സുകാരി കികി ബെർടൻസും കഴിഞ്ഞ രണ്ടു തവണ ചാമ്പ്യനായ ഹാലെപ്പിനെ കരൊലൈൻ പ്ലിസ്‌കോവയുമാണ് തോൽപിച്ചത്. കരൊലൈന്റെ സഹോദരി കാതറിനയെയാണ് കഴിഞ്ഞ റൗണ്ടിൽ ഹാലെപ് തോൽപിച്ചിരുന്നത്. ഗർബീൻ മുഗുരുസ, എലീന സ്വിറ്റോലിന, യെലേന ഓസ്റ്റാപെങ്കൊ എന്നിവരും നേരത്തെ പുറത്തായി. പ്ലിസ്‌കോവ മുൻ വിംബിൾഡൺ ചാമ്പ്യൻ പെട്ര കവിറ്റോവക്കെതിരെ സെമി കളിക്കും. ബെർടൻസ് സെമിയിൽ ഏഴാം സീഡ് കരൊലൈൻ ഗാർഷ്യയെയും അട്ടിമറിച്ചു.