ന്യൂദല്‍ഹി- പെരുമ്പാവൂര്‍ ജിഷ വധക്കേസിലെ പ്രതിയുടെ ഹരജി പരിഗണിക്കുന്നത് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റി. ജയില്‍ മാറ്റം ആവശ്യപ്പെട്ട് പ്രതി അമീറുല്‍ ഇസ്ലാം സമര്‍പ്പിച്ച ഹരജിയാണ് സുപ്രീം കോടതി മാറ്റിയത്.
കേരളത്തില്‍ നിന്ന് അസമിലേക്ക് ജയില്‍ മാറ്റണമെന്നായിരുന്നു ഹരജിയിലെ ആവശ്യം. ഭാര്യയും മാതാപിതാക്കളും അസമിലാണെന്നും അവര്‍ കടുത്ത ദാരിദ്ര്യത്തിലാണെന്നും അതിനാല്‍ ജയില്‍ മാറ്റാന്‍ അനുവദിക്കണമെന്നുമാണ് ആവശ്യം. വിയ്യൂര്‍ ജയിലില്‍ തന്നെ സന്ദര്‍ശിക്കാന്‍ അവര്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും പ്രതി ചൂണ്ടിക്കാണിച്ചിരുന്നു.
നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ വിചാരണക്കോടതി വധശിക്ഷയ്ക്ക് വിധിച്ചതിനെ തുടര്‍ന്ന് അമീറുല്‍ ഇസ്ലാമിനെ വിയ്യൂര്‍ ജയിലിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.