Sorry, you need to enable JavaScript to visit this website.

വിദ്യാർഥികളെ നാടുകടത്തരുത്

കഴിഞ്ഞ നൂറു വർഷമായി മലയാളികൾ മികച്ച അവസരങ്ങൾ തേടി വിദേശയാത്ര നടത്തുന്നു. മികച്ച പഠനാന്തരീക്ഷം തേടി വിദ്യാർഥികൾ സംസ്ഥാനത്തിന്റെ അതിരുകൾ വിട്ടുപോകുന്നത് അതിനാൽ തന്നെ സ്വാഭാവികമാണ്. എന്നാൽ നമ്മുടെ സർവകലാശാലകൾ അവയുടെ കെടുകാര്യസ്ഥത ഒന്നുകൊണ്ടു മാത്രം വിദ്യാർഥികളെ അന്യനാടുകളിലേക്ക് തള്ളിവിടുകയാണെങ്കിൽ അതിന്റെ അനന്തര ഫലം വളരെ വലുതായിരിക്കും. കേരളം നേടിയെന്ന് അഭിമാനിക്കുന്ന എല്ലാ നേട്ടങ്ങളെയും അത് ഇല്ലാതാക്കിക്കളയുമെന്ന് ഉറപ്പാണ്.

 


വൈസ് ചാൻസലർ നിയമനത്തർക്കത്തിൽ സർക്കാരും ഗവർണറും ചക്കളത്തിപ്പോര് തുടരവേ, വിദ്യാർഥികൾ കേരളം വിടുകയാണ്. വിദ്യാഭ്യാസ പുരോഗതിയുടെ കാര്യത്തിൽ രാജ്യത്തിന് മാതൃകയായ കേരളം, ഉന്നത വിദ്യാഭ്യാസ രംഗത്ത് ഇനിയും പിറകോട്ടടിക്കുമെന്ന സൂചനകളാണ് ലഭിക്കുന്നത്. കേരളത്തിലെ സർവകലാശാലകളിൽ ബിരുദ പ്രവേശനം പൂർത്തിയായപ്പോൾ മൂവായിരത്തോളം സീറ്റുകൾ  ഒഴിഞ്ഞു കിടക്കുന്നതായാണ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സേവ് എജ്യൂക്കേഷൻ ഫോറവും മറ്റും ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയടക്കമുള്ളവരെ സമീപിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

പ്രാഥമിക വിദ്യാഭ്യാസ രംഗത്ത് മുന്നിലുള്ള കേരളം മുമ്പു തന്നെ ഉന്നത വിദ്യാഭ്യാസ രംഗത്ത് പിന്നിലാണ്. സർവകലാശാലകൾ കെടുകാര്യസ്ഥതയുടെ കൂത്തരങ്ങായി മാറിയിട്ട് കാലം കുറച്ചേറെയായി. നന്നാവില്ല എന്നതിനാൽ എല്ലാവരും എല്ലാം കണ്ടും കേട്ടും മൗനത്തിൽ കഴിയുന്നതിനിടെയാണ് ഗവർണറുടെ ശബ്ദകോലാഹലം. പരീക്ഷ നടത്തിപ്പിലും ഫലപ്രഖ്യാപനത്തിലുമെല്ലാം നമ്മുടെ സർവകലാശാലകൾ ഏറെ പിന്നിലാണ്. വിദ്യാർഥികളുടെ താൽപര്യങ്ങൾക്കാണ് ഇവിടങ്ങളിൽ അവസാനത്തെ പരിഗണന. അതിനാൽ തന്നെ അവർ സ്വസ്ഥമായി പഠിക്കാൻ കഴിയുന്നിടത്തേക്ക് പറന്നുപോകുന്നു.

ദൽഹിയോ മുംബൈയോ ബാഗ്ലൂരോ ഒന്നും നമ്മുടെ വിദ്യാർഥികൾക്ക് ഇപ്പോൾ അകലെയല്ല. ദൽഹി യൂനിവേഴ്‌സിറ്റിയിലെ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾ താമസിക്കുന്ന നോർത്ത് ദൽഹിയിലെ കമല നഗർ, വിജയനഗർ തുടങ്ങിയ പ്രദേശങ്ങളിൽ പോയാൽ കേരളത്തിൽ പോയ പ്രതീതിയാണ്. തലങ്ങും വിലങ്ങും മലയാളിക്കുട്ടികളും മലയാളവും. അമിതമായ രാഷ്ട്രീയവത്കരണമാണ് കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയെ കുത്തുപാളയെടുപ്പിക്കുന്നത്. 

ഉന്നത വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് പോകുന്ന യുവാക്കളുടെ വലിയ പ്രവണതക്ക് കേരളം സാക്ഷ്യം വഹിക്കുന്നതായി ഈയിടെ മുരളി തുമ്മാരുകുടി ഒരു ലേഖനത്തിൽ എഴുതുകയുണ്ടായി.  മലയാളി വിദ്യാർഥികളെ ലോകമെമ്പാടും കാണാം. 444 ചതുരശ്ര കിലോമീറ്റർ വിസ്തീർണവും വെറും 1.55 ലക്ഷം ജനസംഖ്യയുമുള്ള ചെറിയ ഡച്ച് കരീബിയൻ രാജ്യമായ കുറക്കാവോയിൽ പോലും കേരളത്തിൽനിന്നുള്ള വിദ്യാർഥികളുള്ളതായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. നേരത്തെ, കേരളീയർ തൊഴിൽ തേടി മറ്റ് രാജ്യങ്ങളിലേക്ക് പോയിരുന്നെങ്കിൽ, പലരും ഇപ്പോൾ പഠനത്തിനായി അങ്ങനെ പോകുന്നു. തൽഫലമായി, യു.കെ, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിൽ പഠിക്കാൻ വിദ്യാർഥികളെ ആകർഷിക്കുന്ന വിദേശ വിദ്യാഭ്യാസ മേളകൾ, പരിശീലന കേന്ദ്രങ്ങൾ, മാധ്യമങ്ങളിലെ പരസ്യങ്ങൾ, പൊതു ഇടങ്ങൾ എന്നിവ കേരളത്തിൽ സർവ സാധാരണമായിരിക്കുന്നു. 

കേരളത്തിൽനിന്നുള്ള യുവാക്കളുടെ ഈ പലായനത്തിന്റെ സാമ്പത്തികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ വലുതാണ്. കേരളത്തിൽനിന്ന് പഠനത്തിനായി പോകുന്ന വിദ്യാർഥികളുടെ എണ്ണം സംബന്ധിച്ച ഏറ്റവും വിശ്വസനീയമായ ഡാറ്റ കേന്ദ്ര സർക്കാർ പാർലമെന്റിൽ നൽകിയ വിവരങ്ങളാണ്. കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം 2019 ൽ 30,948 മലയാളികൾ പഠനത്തിനായി വിദേശത്തേക്ക് പോയി. ഇത് 2016 ലെ സംഖ്യയേക്കാൾ  18,428 പേർ കൂടുതലാണ്. കേരളത്തിലെ പാസ്‌പോർട്ട് ഓഫീസുകളിൽനിന്നാണ് ഈ ഡാറ്റ ലഭിച്ചതെന്നതിനാൽ സംസ്ഥാനത്തിന് പുറത്തുള്ള സ്ഥലങ്ങളിൽ നിന്നും ഗൾഫ് രാജ്യങ്ങളിൽനിന്നും യാത്ര ചെയ്ത മലയാളികൾ ഇതിൽ ഉൾപ്പെട്ടിട്ടില്ല.

ഇന്ത്യൻ വിദ്യാർഥികളുടെ വിദേശത്തേക്കുള്ള കുടിയേറ്റം ഓരോ വർഷവും 40 ശതമാനം വർധിക്കുന്നതായി അനൗദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നു. ദക്ഷിണേന്ത്യയിൽ ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലുമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ വിദേശ രാജ്യങ്ങളിലേക്ക് കുടിയേറുന്നത്. എങ്കിലും ജനസംഖ്യാനുപാതികമായി വിദ്യാർഥികളുടെ എണ്ണത്തിൽ കേരളം മുന്നിലാണ്. സൂചനകൾ അനുസരിച്ച്, അടുത്ത അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നുള്ള വിദ്യാർഥികളുടെ എണ്ണം ഒരു ലക്ഷം കവിയും. ഇത് ഒരു വലിയ കണക്കാണ്. 2020-21 ൽ കേരള ഹയർ സെക്കണ്ടറി, വി.എച്ച്.എസ്.ഇ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ എന്നീ ബോർഡുകൾക്ക് കീഴിൽ 12 ാം ക്ലാസ് പരീക്ഷ പാസായ വിദ്യാർഥികളുടെ എണ്ണം 4,23,2028 ആയിരുന്നു. ഇവരിൽ നാലിലൊന്ന് വിദ്യാർഥികൾ അവരുടെ അക്കാദമിക് ജീവിതത്തിന്റെ ഏതെങ്കിലും ഘട്ടത്തിൽ ഡിഗ്രി, പി.ജി അല്ലെങ്കിൽ പിഎച്ച്.ഡി എന്നിവയിൽ വിദേശത്തേക്ക് മാറുകയാണെങ്കിൽ അത് കേരള സമൂഹത്തിൽ വലിയ സാമ്പത്തിക, സാമൂഹിക മാറ്റങ്ങൾക്ക് കാരണമാകും.

മാത്യു കുഴൽനാടൻ നിയമസഭയിൽ നടത്തിയ ഒരു പ്രസംഗത്തിൽ ഇതിന്റെ വിവിധ വശങ്ങൾ പരാമർശിക്കുകയുണ്ടായി. കേരളത്തിൽ എം.ബി.എയോ സിവിൽ/മെക്കാനിക്കൽ എൻജിനീയറിംഗ് ബിരുദമോ ഉള്ള പുതിയ ഉദ്യോഗാർഥിക്ക് വാഗ്ദാനം ചെയ്യുന്ന ശമ്പളം 10,000-14,000 രൂപ മാത്രമാണ്. തൽഫലമായി, സംസ്ഥാനത്ത് 12 ാം ക്ലാസ് പരീക്ഷ പാസായ ഒരു കുട്ടിയുടെ ചിന്ത, 'എനിക്ക് എങ്ങനെയെങ്കിലും ഈ നാട്ടിൽനിന്നു പുറത്തുകടക്കണം'  എന്നതാണ്.

സംസ്ഥാനത്തിന്റെ സ്വകാര്യ മേഖലയിലെ ഐ.ടി പ്രൊഫഷണലുകൾക്ക് മാത്രമേ ന്യായമായ ശമ്പളം ലഭിക്കുന്നുള്ളൂ. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു ലക്ഷം പേർക്ക് തൊഴിൽ നൽകിയെന്നാണ് കേരള സർക്കാർ അവകാശപ്പെടുന്നത്. ഇതിനർഥം ഓരോ വർഷവും 20,000 ജോലികൾ എന്നാണ്. 2021 ലെ സംസ്ഥാന ആസൂത്രണ ബോർഡ് റിപ്പോർട്ട് അനുസരിച്ച്, 2020-21 ൽ 1,01,686 വിദ്യാർഥികൾ സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ചേരുകയും 27,916 ഉദ്യോഗാർഥികൾ എൻജിനീയറിംഗ് കോളേജുകളിൽ പ്രവേശനം നേടുകയും ചെയ്തു.

പ്രമുഖ മലയാളം പത്രം നടത്തിയ സർവേയിൽ സംസ്ഥാനത്തെ വിദ്യാർഥികൾ വിദേശ പഠനത്തിന് മുൻഗണന നൽകുന്നത് എന്തുകൊണ്ടാണെന്ന് സൂചിപ്പിക്കുന്നു. അനുയോജ്യമായ ജോലികൾ കേരളത്തിൽ ലഭ്യമല്ലെന്നാണ് ഏറ്റവും കൂടുതൽ പ്രതികരണം (33.51%). വിദ്യാർഥികൾ കടൽ കടക്കുന്നതിന് രണ്ടാമത്തെ കാരണം വിദേശ വിദ്യാഭ്യാസത്തിന്റെ ഉയർന്ന നിലവാരമാണ് (29.56%). മറ്റ് കാരണങ്ങളിൽ കേരളത്തിലെ മോശം വേതനം (12.61%), സംസ്ഥാനത്തെ പ്രതികൂല സാമൂഹിക - സാമ്പത്തിക സ്ഥിതി (6.55%), വിദേശ രാജ്യങ്ങളിലെ സ്‌റ്റേ ബാക്ക് ഓപ്ഷനുകൾ (4.34%), കേരളത്തിലെ മോശം ജീവിത സാഹചര്യങ്ങൾ (3.59%), സംസ്ഥാനത്തെ ലിംഗപക്ഷപാതവും പുരുഷ മേധാവിത്വവും (3.38%), കേരളത്തിലെ സദാചാര പോലീസിംഗ് (1.07%), വിദേശത്തെ കുറഞ്ഞ രക്ഷാകർതൃ ഇടപെടൽ (0.83%) എന്നിവ ഉൾപ്പെടുന്നു. ഭൂരിഭാഗം വിദ്യാർഥികളും സ്‌കോളർഷിപ്പില്ലാതെയാണ് വിദേശത്ത് പഠിക്കുന്നത്. ചെലവിനുള്ള പണം അവർ കുടുംബത്തിൽനിന്നോ ലോൺ ഉപയോഗിച്ചോ നേടുന്നു. വിദേശത്ത് പഠിക്കുന്നതിലൂടെയും മറ്റ് രാജ്യങ്ങളിൽ സ്ഥിര താമസത്തിലൂടെയും ജീവിതം സുരക്ഷിതമാക്കാവുന്ന വർക്ക് പെർമിറ്റുകളാണ് ഈ വിദ്യാർഥികളുടെ പ്രധാന ലക്ഷ്യം.

കഴിഞ്ഞ നൂറു വർഷമായി മലയാളികൾ മികച്ച അവസരങ്ങൾ തേടി വിദേശയാത്ര നടത്തുന്നു. മികച്ച പഠനാന്തരീക്ഷം തേടി വിദ്യാർഥികൾ സംസ്ഥാനത്തിന്റെ അതിരുകൾ വിട്ടുപോകുന്നത് അതിനാൽ തന്നെ സ്വാഭാവികമാണ്. എന്നാൽ നമ്മുടെ സർവകലാശാലകൾ അവയുടെ കെടുകാര്യസ്ഥത ഒന്നു കൊണ്ടു മാത്രം വിദ്യാർഥികളെ അന്യനാടുകളിലേക്ക് തള്ളിവിടുകയാണെങ്കിൽ അതിന്റെ അനന്തര ഫലം വളരെ വലുതായിരിക്കും. കേരളം നേടിയെന്ന് അഭിമാനിക്കുന്ന എല്ലാ നേട്ടങ്ങളെയും അത് ഇല്ലാതാക്കിക്കളയുമെന്ന് ഉറപ്പാണ്.

Latest News