Sorry, you need to enable JavaScript to visit this website.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് പ്രചരണത്തിന് വിദേശികളെ രംഗത്തിറക്കി ബി. ജെ. പി; പരാതിയുമായി തൃണമൂല്‍

അഹമ്മദാബാദ്- തെരഞ്ഞെടുപ്പ് പ്രചരണത്തിന് ബി. ജെ. പി വിദേശികളെ രംഗത്തിറക്കി. തെരഞ്ഞെടുപ്പ് കമ്മീഷന് പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്.

ബി. ജെ. പിയുടെ പ്രചരണത്തില്‍ പങ്കെടുത്ത വിദേശികള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് സാകേത് ഗോഖ്‌ലെ തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. 1951ലെ ജനപ്രാതിനിധ്യ നിയമത്തിന്റേയും ഇന്ത്യ വിസാ നിയമത്തിന്റേയും ലംഘനമാണ് വിദേശികളെ രംഗത്തിറക്കി നടത്തിയ പ്രചരണമെന്ന് സാകേത് ഗോഖലെ കത്തില്‍ ആരോപിച്ചു. 

ഗുജാറാത്ത് ബി. ജെ. പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വിദേശികള്‍ ബി. ജെ. പിക്കായി പ്രചരണം നടത്തുന്ന വീഡിയോ പുറത്തുവന്നത്. നിങ്ങള്‍ക്ക് മഹാനായ നേതാവുണ്ടെന്നും നിങ്ങളുടെ നേതാവില്‍ വിശ്വസിക്കുകയെന്നുമുള്ള വിദേശികളുടെ വാക്കുകള്‍ അടിക്കുറിപ്പായി നല്‍കിയാണ് വീഡിയോ ഗുജറാത്ത് ബി. ജെ. പി പ്രചരിപ്പിച്ചത്. ഇതോടെയാണ് സംഭവം വിവാദമായത്. 

ബി. ജെ. പിയുടെ പ്രചരണ വീഡിയോയിലെ വിദേശികളുടെ ശബ്ദം റഷ്യക്കാരുടേതിന് സമാനമാണെന്നും തെരഞ്ഞെടുപ്പിലെ വിദേശ ഇടപെടല്‍ ഗുരുതരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുമെന്നും സാകേത് ഗോഖലെ കത്തില്‍ ചൂണ്ടിക്കാട്ടി. 

ഗുജറാത്തില്‍ കടുത്ത വെല്ലുവിളിയായി കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തിയത് ബി. ജെ. പിക്ക് തിരിച്ചടിയായിട്ടുണ്ട്. അതോടൊപ്പം കോവിഡ് പ്രതിരോധത്തിലെ പാളിച്ചകള്‍, ഭരണ വിരുദ്ധ വികാരം തുടങ്ങിയവയെല്ലാം ബി. ജെ. പിയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

Tags

Latest News