Sorry, you need to enable JavaScript to visit this website.

കാര്യം വിട്ട് കളി വേണ്ട, ഫുട്‌ബോള്‍ ഭ്രാന്തിനെതിരെ സമസ്തയുടെ സന്ദേശം

കോഴിക്കോട്- അമിതമായ ഫുട്‌ബോള്‍ ലഹരിക്കെതിരെ ബോധവല്‍ക്കരണവുമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ. വെള്ളിയാഴ്ച ജുമുഅ നമസ്‌കാരത്തിനുശേഷം വിശ്വാസികളെ ഇക്കാര്യം ഉണര്‍ത്തണമെന്ന് ഖത്തീബുമാര്‍ക്ക് നല്‍കിയ സന്ദേശത്തില്‍ പറയുന്നു.
സന്ദേശത്തിന്റെ പൂര്‍ണരൂപം:

ലോകകപ്പ്: ഫുട്‌ബോളും വിശ്വാസിയും

ഫുട്‌ബോള്‍  ഒരു കായികാഭ്യാസമെന്ന നിലയില്‍ നിഷിദ്ധമായ കളിയല്ല. മനുഷ്യരുടെ ശാരീരികവും മാനസികവുമായ അഭിവൃദ്ധിക്ക് ഗുണകരമാവുന്ന ഏതൊന്നും അടിസ്ഥാനപരമായി മനുഷ്യന് അനുവദനീയമാണ്. തിരുനബി(സ)കുട്ടികളെ ഓട്ട മത്സരത്തിന് പ്രോത്സാഹിപ്പിക്കുമായിരുന്നു.

പെരുന്നാള്‍ ദിവസം അമ്പുകള്‍ കൊണ്ടുള്ള പരമ്പരാഗതമായ പരിപാടി അവതരിപ്പിച്ച ഏത്യോപ്യക്കാരോട് അത് തുടരാന്‍ നബി (സ്വ) പറയുകയുണ്ടായി.

വിനോദങ്ങള്‍ അനിയന്ത്രിതമായി മനുഷ്യനെ സ്വാധീനിക്കുകയും ജീവിതം തന്നെ വിനോദമാവുകയും ചെയ്യുന്നതിനെതിരെ ഇസ്‌ലാം ശക്തമായി താക്കീത് ചെയ്യുന്നുണ്ട്. കായികാഭ്യാസങ്ങളില്‍ റസൂല്‍  ഏര്‍പ്പെട്ടതും പത്‌നി ആഇശ(റ)യുമായി തിരുനബി മത്സരിച്ചതും എത്യോപ്യക്കാര്‍ പള്ളിയില്‍ നടത്തിയ കായികാഭ്യാസങ്ങള്‍ നോക്കിക്കാണുവാന്‍ പ്രവാചകന്‍  പത്‌നി ആഇശ(റ)ക്ക് അവസരമൊരുക്കിയതും ചരിത്രത്തില്‍ പ്രസിദ്ധമാണ്. എന്നാല്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ട് വേണം കളിയും. കാര്യം വിട്ട് കളിയില്ല. നമസ്‌കാരം കൃത്യസമത്ത് നിര്‍വഹിക്കുന്നതില്‍നിന്നും തടസ്സപ്പെടുത്തുന്ന വിധത്തില്‍ ആയിരിക്കരുത് വിനോദങ്ങളോടുള്ള വിശ്വാസിയുടെ സമീപനം.

ഖുര്‍ആന്‍ പറയുന്നു:

'അനാവശ്യ കാര്യങ്ങളില്‍നിന്നും തിരിഞ്ഞുകളയുന്നവരായിരിക്കും വിശ്വാസികള്‍' ( 23:3)

വ്യര്‍ത്ഥമായ വാക്കുകള്‍ അവര്‍ കേട്ടാല്‍ അതില്‍ നിന്നവര്‍ തിരിഞ്ഞുകളയുകയും ഇപ്രകാരം പറയുകയും ചെയ്യും: ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ കര്‍മ്മങ്ങളാണ്. നിങ്ങള്‍ക്കുള്ളത് നിങ്ങളുടെ കര്‍മ്മങ്ങളും. നിങ്ങള്‍ക്കു സലാം. മൂഢന്‍മാരെ ഞങ്ങള്‍ക്ക് ആാ!വശ്യമില്ല.
( 28:55).

കളിക്കമ്പം ജ്വരവും ലഹരിയുമാവരുത്

ഒരു കാര്യത്തിലും അമിതമായ സ്വാധീനമോ ആവേശമോ ഒരു വിശ്വാസിക്ക് ഉണ്ടാവാന്‍ പാടില്ല. കളിക്കുന്നതിലും കളി കാണുന്നതിലുമെല്ലാം ഒരു വിശ്വാസിയുടെ നിലപാട് അതായിരിക്കണം. കാരണം അവന്‍ ചെലവിടുന്ന സമയവും പണവും അവന്റെ നാഥന്‍ നല്‍കിയതാണ്. ഓരോ നിമിഷത്തിനും ഓരോ പൈസക്കും അവന്‍ അവന്റെ രക്ഷിതാവിന് മുമ്പില്‍ കണക്ക് ബോധിപ്പിക്കേണ്ടി വരും. അതുകൊണ്ടുതന്നെ ഫുട്‌ബോള്‍ ഒരു ലഹരിയായി തീരാന്‍ പാടില്ല. ചില കളികളും കളിക്കാരും നമ്മില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതാണ്. ആ സ്വാധീനം ഒരു ലഹരിയായി മാറാതിരിക്കാന്‍ ശ്രദ്ധിക്കണം. പല ഉത്തരവാദിത്ത്വങ്ങളെക്കുറിച്ചും മറപ്പിക്കുകയും എല്ലാം മറന്ന് അവയില്‍ ലയിച്ചുചേരുകയും ചെയ്യുന്ന ഏതൊന്നും ലഹരിയാണ്. മദ്യവും മയക്കുമരുന്നും മാത്രമല്ല ലഹരി; നാം വിനോദങ്ങളായി കാണുന്ന പലതും നമ്മുടെ ഉത്തരവാദിത്തബോധത്തെ തളര്‍ത്തുന്നുണ്ടെങ്കില്‍ അതെല്ലാം നിഷിദ്ധങ്ങളായി ഗണിക്കപ്പെടേണ്ടതുണ്ട്.

കളി ജമാഅത്തുകള്‍ നഷ്ടപ്പെടുത്തരുത്

ലോകകപ്പിലെ മിക്ക കളികളും ഇന്ത്യയില്‍ രാത്രിയിലും അര്‍ധരാത്രിക്ക് ശേഷവുമാണ് നടക്കുന്നത്. രാത്രിയാവുന്നതുവരെയുള്ള സമയങ്ങളില്‍ കളി കാണുന്നവര്‍ പകലിലും രാത്രിയിലും നടക്കുന്ന ജമാഅത്ത് നമസ്‌കാരങ്ങള്‍ക്ക് ഭംഗം വരാത്ത വിധമായിരിക്കണം അത് കാണേണ്ടത്. ഫുട്‌ബോള്‍ ലഹരി ഒരിക്കലും ജമാഅത്ത് നമസ്‌കാരത്തില്‍നിന്ന് ഒരു വിശ്വാസിയെയും പിറകോട്ടെടുപ്പിക്കരുത്.

ഉറക്കമൊഴിയരുത്:

ഖുര്‍ആന്‍:

നിങ്ങളുടെ ഉറക്കത്തെ നാം വിശ്രമമാക്കുകയും ചെയ്തിരിക്കുന്നു.
രാത്രിയെ നാം ഒരു വസ്ത്രമാക്കുകയും ചെയ്തു.

പകലിനെ നാം ജീവസന്ധാരണവേളയാക്കുകയും ചെയ്തിരിക്കുന്നു.
(78: 9, 10, 11 )

ഫാന്‍സ് (ആരാധകര്‍)

ഫുഡ്‌ബോള്‍ എന്ന കളിയെ ഏറെ ഇഷ്ടപ്പെടുന്നവര്‍ക്ക് ഏതെങ്കിലും ടീമിനോടോ കളിക്കാരോടോ പ്രത്യേക താല്‍പര്യം ഉണ്ടാവുക സ്വാഭാവികമാണ്. എന്നാല്‍ ആ താല്‍പര്യം ആരാധനയായി പരിവര്‍ത്തിക്കപ്പെടുന്നതും അവരുടെ ഫാന്‍സുകളും അടിമകളുമായിത്തീരുന്നതും ശരിയല്ല.

സകലതെരുവുകളിലും കുഗ്രാമങ്ങളില്‍ പോലും പതിനായിരങ്ങളും ലക്ഷങ്ങളും മുടക്കിയുള്ള കൂറ്റന്‍ ബോര്‍ഡുകളും കട്ടൗട്ടുകളുമാണ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

ഭക്ഷണത്തിന് വകയില്ലാത്തവരും ഒരു തൊഴിലോ വരുമാനമോ ഇല്ലാത്തവരും ഈ ദുര്‍വ്യയത്തില്‍ പങ്കുചേരുന്നു എന്നതാണ് ആശ്ചര്യകരം. ഇത് കാല്‍പന്തിനോടുള്ള സ്‌നേഹമല്ല, മറിച്ച് മനസ്സില്‍ കെട്ടിയുയര്‍ത്തിയിട്ടുള്ള തന്റെ ഫുട്‌ബോള്‍ ഹീറോയോടുള്ള വീരാരാധനയുടെ ബഹിര്‍സ്ഫുരണം മാത്രമാണ്.
സ്‌നേഹവും കളി താല്‍പര്യവും അതിര് വിട്ട് ആരാധനയിലേക്കെത്തുമ്പോള്‍ വളരെ അപകടമാണ്. അല്ലാഹു വിനെ മാത്രമേ ആരാധിക്കാവൂ.ഫാന്‍സ് എന്നത് വ്യക്തി ആരാധനയാക്കുന്നത് ശിര്‍ക്കിന്റെ പോലും കാരണമാകും.
അതുപോലെ ദുര്‍വ്യയം പാടില്ല

ഖുര്‍ആന്‍:

തീര്‍ച്ചയായും ദുര്‍വ്യയം ചെയ്യുന്നവര്‍ പിശാചുക്കളുടെ സഹോദരങ്ങളാകുന്നു. പിശാച് തന്റെ രക്ഷിതാവിനോട് ഏറെ നന്ദികെട്ടവനാകുന്നു.
17:27).

കളിയെ സ്‌പോര്‍ട്‌സ് മാന്‍ സ്പിരിറ്റില്‍ ഉള്‍ക്കൊള്ളുന്നതിന് പകരം വ്യക്തിയോട് ആരാധനയും ആ രാഷ്ട്രത്തോട് ദേശീയ പ്രതിബദ്ധതയും പാടില്ല. ഇന്ത്യയെ ആദ്യത്തെ അധിനിവേശികളും ക്രൂരന്മാരുമായ പോര്‍ച്ചുഗലിനെയും ഇസ്ലാമിക വിരുദ്ധ രാജ്യങ്ങളേയും അന്തമായി ഉള്‍ക്കൊണ്ട് അവരുടെ പതാക കെട്ടി നടക്കുന്നതും ശരിയായ രീതിയല്ല.

സമസ്ത കേരള ജംഇയ്യത്തുല്‍ ഖുതുബാ
സംസ്ഥാന കമ്മിറ്റി

 

Latest News