കാറില്‍ ടിന്റഡ് ഗ്ലാസ്, സൂപ്പര്‍ സ്റ്റാര്‍  വിജയ്ക്ക് ചെന്നൈ പോലീസ് പിഴ ചുമത്തി 

ചെന്നൈ- തമിഴ് സൂപ്പര്‍താരം വിജയ്ക്ക് പിഴ ചുമത്തി ചെന്നൈ സിറ്റി ട്രാഫിക് പോലീസ്. ടിന്റഡ് ഗ്ലാസ് ഉപയോഗിച്ച് വാഹനം ഓടിച്ചതിനാണ് താരത്തിന് പിഴ ലഭിച്ചത്. 500 രൂപയാണ് പിഴ. ഞായറാഴ്ച ആരാധകരെ കാണാനായി ഈസ്റ്റ് കോസ്റ്റ് റോഡിലെ പനയൂരിലെ വിജയ് മക്കള്‍ ഇയക്കം ഓഫീസിലേക്ക് പോയ നടന്റെ ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ താരം ഉപയോഗിച്ച കാറില്‍ സണ്‍ കണ്‍ട്രോള്‍ ടിന്റഡ് ഗ്ലാസ് ഉണ്ടെന്നും അത് കാറുകളില്‍ ഉപയോഗിക്കാന്‍ പാടില്ലെന്നും ചൂണ്ടിക്കാട്ടി ഒരാള്‍ രംഗത്ത് വരികയുമായിരുന്നു.
നിയമലംഘനം ചൂണ്ടിക്കാട്ടി വീഡിയോ ട്വീറ്റ് ചെയ്ത ഇയാള്‍ ഗ്രേറ്റര്‍ ചെന്നൈ ട്രാഫിക് പോലീസിനെ ടാഗ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ട പോലീസ് പിഴ ചുമത്തുകയും ടിന്റഡ് ഗ്ലാസ് നീക്കം ചെയ്യാന്‍ നിര്‍ദേശിക്കുകയുമായിരുന്നു. ഇതാദ്യമായല്ല വിജയ് വാഹനവുമായി ബന്ധപ്പെട്ട പൊല്ലാപ്പുകളില്‍പ്പെടുന്നത്. കഴിഞ്ഞ വര്‍ഷം മദ്രാസ് ഹൈക്കോടതി താരത്തിന് ഒരു ലക്ഷം രൂപ പിഴ വിധിച്ചിരുന്നു. ഇംഗ്ലണ്ടില്‍ നിന്നും ഇറക്കുമതി ചെയ്ത റോള്‍സ് റോയിസ് കാറിന് എന്‍ട്രീ ടാക്സ് അടക്കാത്തതിനെ തുടര്‍ന്നായിരുന്നു ഇത്.
 

Latest News