Sorry, you need to enable JavaScript to visit this website.

VIDDO ജിദ്ദയില്‍ വ്യാപക നാശം; നൂറുകണക്കിന് കാറുകള്‍ ഒഴുക്കില്‍ പെട്ടു

ജിദ്ദ- കോരിച്ചൊരിഞ്ഞ മഴയില്‍ ജിദ്ദ നഗരത്തില്‍ വ്യാപക നാശങ്ങളുണ്ടായി. നഗരത്തില്‍ പലയിടത്തും കാറുകള്‍ ഒഴുക്കില്‍ പെട്ടു. നഗരത്തില്‍ നിരവധി റോഡുകള്‍ വെള്ളത്തിലായി. നിരവധി കാറുകളും മറ്റു വാഹനങ്ങളും വെള്ളത്തില്‍ കുടങ്ങി. ഡ്രൈവര്‍മാരും യാത്രക്കാരും ചേര്‍ന്ന് ചില കാറുകള്‍ സുരക്ഷിത സ്ഥലങ്ങളിലേക്ക് തള്ളിനീക്കാന്‍ ശ്രമിച്ചു. കനത്ത മഴക്കിടെ ഒഴുക്കില്‍ പെട്ട് രണ്ടു പേര്‍ മരണപ്പെട്ടതായി മക്ക പ്രവിശ്യ സിവില്‍ ഡിഫന്‍സ് വക്താവ് കേണല്‍ മുഹമ്മദ് അല്‍ഖര്‍നി അറിയിച്ചു. അനിവാര്യ സാഹചര്യങ്ങളില്‍ ഒഴികെ ആരും വീടുകളില്‍ നിന്ന് പുറത്തിറങ്ങരുതെന്ന് സിവില്‍ ഡിഫന്‍സ് വക്താവ് ആവശ്യപ്പെട്ടു.
ശക്തമായ പ്രളയത്തില്‍ ഒഴുക്കില്‍ പെട്ട കാറുകള്‍ മറ്റു കാറുകള്‍ക്കു മുകളിലായി. നഗരത്തില്‍ നിരവധി സ്ഥലങ്ങളില്‍ മരങ്ങള്‍ കടപുഴകിവീണ് റോഡുകളില്‍ ഗതാഗതം തടസ്സപ്പെട്ടു. മരങ്ങള്‍ പതിച്ച് വാഹനങ്ങള്‍ക്കും വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും വെള്ളം കയറി. കിംഗ് അബ്ദുല്‍ അസീസ് യൂനിവേഴ്‌സിറ്റി ഹാളുകളിലും ക്ലാസ് മുറികളിലും വെള്ളം കയറി. നഗരത്തില്‍ ഒരിടത്ത് മതില്‍ തകര്‍ന്ന് ഏതാനും കാറുകള്‍ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ചു. നഗരത്തില്‍ ഏതാനും പ്രദേശങ്ങളില്‍ ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായി.
ജിദ്ദയില്‍ വെള്ളം കയറിയ റോഡുകളില്‍ കുടുങ്ങിയവരെ സിവില്‍ ഡിഫന്‍സ് റബ്ബര്‍ ബോട്ടുകളും ഷെവലുകളും ഉപയോഗിച്ച് സുരക്ഷിത സ്ഥലങ്ങളില്‍ എത്തിച്ചു. കനത്ത മഴയെ തുടര്‍ന്ന് ഏതാനും വിമാന സര്‍വീസുകള്‍ നീട്ടിവെച്ചതായി ജിദ്ദ എയര്‍പോര്‍ട്ട് അറിയിച്ചു. വിമാന സര്‍വീസുകളുടെ സമയം അറിയാന്‍ യാത്രക്കാര്‍ വിമാന കമ്പനികളുമായി ബന്ധപ്പെടണമെന്നും ജിദ്ദ എയര്‍പോര്‍ട്ട് പറഞ്ഞു. ഹറമൈന്‍ ട്രെയിനുകള്‍ നിശ്ചിത സമയത്ത് സര്‍വീസുകള്‍ നടത്തി. നഗരത്തിലെ റോഡുകളില്‍ നിന്ന് ജിദ്ദ നഗരസഭ ടാങ്കറുകളില്‍ വെള്ളം അടിച്ചൊഴിവാക്കിക്കൊണ്ടിരിക്കുകയാണ്.
വെള്ളം കയറിയതിനെ തുടര്‍ന്ന് ജിദ്ദ, മക്ക എക്‌സ്പ്രസ്‌വേ അടക്കം ജിദ്ദയില്‍ ഏതാനും റോഡുകളും അടിപ്പാതകളും അടച്ചതായി മക്ക ഗവര്‍ണറേറ്റിലെ ക്രൈസിസ് സെന്റര്‍ അറിയിച്ചു. അല്‍മുന്‍തസഹാത്ത് മേല്‍പാലം മുതല്‍ കിംഗ് അബ്ദുല്ല മേല്‍പാലം വരെയുള്ള ഭാഗത്ത് അല്‍ഹറമൈന്‍ റോഡ് പൂര്‍ണമായും അടച്ചു. പ്രിന്‍സ് മാജിദ് റോഡും ഫലസ്തീന്‍ സ്ട്രീറ്റും സന്ധിക്കുന്ന ഇന്റര്‍സെക്ഷനിലെ അടിപ്പാത, കിംഗ് ഫഹദ് റോഡും കിംഗ് അബ്ദുല്ല റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ വടക്കുദിശയിലുള്ള അടിപ്പാത, വടക്കുദിശയിലുള്ള അല്‍ജാമിഅ അടിപ്പാത, കിംഗ് അബ്ദുല്ല റോഡും മദീന റോഡും സന്ധിക്കുന്ന ഇന്റര്‍സെക്ഷനില്‍ പടിഞ്ഞാറു ദിശയിലുള്ള അടിപ്പാത എന്നിവയാണ് അടച്ചത്. മഴക്കുള്ള സാധ്യത മുന്നില്‍ കണ്ട് സിവില്‍ ഡിഫന്‍സും നഗരസഭയും സുരക്ഷാ വകുപ്പുകളും വലിയ തയാറെടുപ്പുകള്‍ നടത്തിയിരുന്നു.
ഇന്നലെ രാവിലെ എട്ടു മുതല്‍ ഉച്ചക്ക് രണ്ടു വരെ നഗരത്തില്‍ 179 മില്ലിമീറ്റര്‍ മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ജിദ്ദയില്‍ വന്‍ ദുരന്തം വിതച്ച 2009 ല്‍ രേഖപ്പെടുത്തിയതിനെക്കാള്‍ ഉയര്‍ന്ന മഴയാണ് നഗരത്തില്‍ പെയ്തതെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
മക്കയിലും മദീനയിലും കനത്ത മഴപെയ്തു. വിശുദ്ധ ഹറമില്‍ മഴവകവെക്കാതെ തീര്‍ഥാടകര്‍ ത്വവാഫ് കര്‍മം നിര്‍വഹിച്ചു. മസ്ജിദുന്നബവിയില്‍ സുബ്ഹി നമസ്‌കാരത്തിനിടെയാണ് മഴ കോരിച്ചൊരിഞ്ഞത്. യാമ്പുവിലും പരിസരപ്രദേശങ്ങളിലും ഇന്നലെ രാവിലെ ശക്തമായ മഴ പെയ്തു. മദീനയില്‍ അല്‍ഖൈഫ് ഗ്രാമമത്തില്‍ മഴവെള്ളപ്പാച്ചിലില്‍ പെട്ട കാറില്‍ കുടുങ്ങിയ അഞ്ചംഗ കുടുംബത്തെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി.

 

Latest News