തൃശൂര്‍-യുവാവിനെ കൊലപ്പെടുത്തി മൊബൈല്‍ ഫോണും പണവും മോഷ്ടിച്ച പ്രതിക്ക് 17 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ.
കണ്ണൂര്‍ രാമപുരം വാരം സ്വദേശി വിജയന് നായരുടെ മകന് ജയകൃഷ്ണനെ (39) കൊലപ്പെടുത്തിയ കേസിലാണ് പൂക്കോട് ഇരിങ്ങപ്രം നാലകത്ത് ഷെരീഫ് എന്ന കാട്ടറബിയെ (45) ശിക്ഷിച്ചത്.
തൃശൂര്‍ ജില്ലാ സെഷന്‍സ് ജഡ്ജ് പി.എന്‍. വിനോദാണ് ശിക്ഷ വിധിച്ചത്. പിഴയടച്ചില്ലെങ്കില്‍ ആറു മാസം അധിക തടവ് അനുഭവിക്കേണ്ടി വരും.
പിഴയടക്കുന്ന പക്ഷം കൊല്ലപ്പെട്ട ജയകൃഷ്ണന്റെ അനന്തരാവകാശികള്‍ക്ക് തുക നല്‍കണമെന്നും വിധിയില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ അര്‍ഹതപ്പെട്ട വിക്ടിം കോംപന്‍സേഷന്‍ നല്‍കുന്നതിന് ജില്ലാ ലീഗല്‍സര്‍വീസ് അതോറിറ്റിയോട് വിധിയില്‍ നിര്‍ദ്ദേശിച്ചു.
ആഗസ്റ്റ് 16നാണ് കേസിനാസ്പദമായ സംഭവം. ആഗസ്റ്റ് 13ന് ഗുരുവായൂരില്‍ വെച്ച് ക്രൂരമായി മര്‍ദ്ദനത്തില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ജയകൃഷ്ണനെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. കണ്ണൂര്‍ സ്വദേശിയും, അവിവാഹിതനുമായ ജയകൃഷ്ണന് വാഹന റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. പലപ്പോഴും ആഴ്ചകളോളം കഴിഞ്ഞാണ് വീട്ടില്‍ വരാറുള്ളത്. മകനെ ആരോ ദേഹോപദ്രവമേല്പിച്ചു കൊലപ്പെടുത്തിയതാണെന്ന് ജയകൃഷ്ണന്റെ മാതാവായ നളിനി മൊഴി നല്‍കിയിരുന്നു. വയറിലും നാഭിയിലും മര്ദ്ദനമേറ്റതുമൂലം ആന്തരാവയവങ്ങള്‍ക്ക് ക്ഷതം സംഭവിച്ചാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയിരുന്നു.
ഗുരുവായൂര്‍ പോലീസ് സബ് ഇന്‍സ്പെക്ടറായിരുന്ന ടി.ജി. ദിലീപ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് ഗുരുവായൂര്‍ ഇന്‍സ്പെക്ടറായിരുന്ന കെ. സുദര്‍ശനാണ് കേസന്വേഷണം ഏറ്റെടുത്ത് കുറ്റപത്രം സമര്‍പ്പിച്ചത്.
കേസന്വേഷിക്കുന്നതിന്റെ ഭാഗമായി ജയകൃഷ്ണന്റെ മൊബൈല്‍ ഫോണിലെ നമ്പറുകളുടെ കോള്‍ വിവരങ്ങളും ഐ എം ഇ ഐ നമ്പറും പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ നിലവില്‍ ഉപയോഗിച്ചുകൊണ്ടിരുന്ന വ്യക്തിയെ കണ്ടെത്തി. അയാള്‍ക്ക് മൊബൈല്‍ ഫോണ്‍ ലഭിച്ചത് പ്രതിയായ ഷെരീഫില്‍ നിന്നാണെന്ന് കണ്ടെത്തിയായിരുന്നു അറസ്റ്റ്.
തുടര്‍ന്നുള്ള അന്വേഷണത്തില്‍ ആഗസ്റ്റ് 12ന് രാത്രി ഗുരുവായൂരിലെ ഒരു ബാറില്‍ വെച്ച് നാഷണല്‍ പെര്‍മിറ്റ് ലോറിയുടെ െ്രെഡവറായ ഷെരീഫ് കൊല്ലപ്പെട്ട ജയകൃഷ്ണനെ കണ്ടുമുട്ടിയെന്നും ഒന്നിച്ച് മദ്യപിച്ച ശേഷം ജയകൃഷ്ണന്റെ കൈവശമുണ്ടായിരുന്ന രൂപയും, മൊബൈല്‍ ഫോണും കവര്‍ച്ച ചെയ്യണമെന്ന ഉദ്ദേശത്തോടെ വീട്ടില്‍ വെച്ച് മദ്യപിക്കാമെന്നു പ്രേരിപ്പിച്ച് ഗുരുവായൂര്‍ ഇരിങ്ങപ്രത്തുള്ള ഷെരീഫിന്റെ വീട്ടിലേക്ക് ജയകൃഷ്ണനെ അനുനയിപ്പിച്ച് കൊണ്ടുപോവുകയുമായിരുന്നു.
വീട്ടില്‍വെച്ച് മദ്യപിച്ച ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെത്തുടര്‍ന്ന് രാത്രി 9 മണിയോടെ ജയകൃഷ്ണനെ മര്‍ദ്ദിച്ച് ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പരിക്കേല്പിക്കുകയും, മൊബൈല്‍ ഫോണും പണവും കൈവശപ്പെടുത്തിയ ശേഷം വാഹനത്തില്‍ കയറ്റി ഗുരുവായൂര്‍ ബസ് സ്റ്റാന്‍ഡില്‍ ജയകൃഷ്ണനെ ഇറക്കി വിട്ട് ഷെരീഫ് കടന്നു കളയുകയുമായിരുന്നു.
പരിക്കേറ്റ ജയകൃഷ്ണനെ മെഡിക്കല്‍ കോളേജില്‍ അഡ്മിറ്റ് ചെയ്യുകയും, ചികില്‍സയിലായിരിക്കെ ജയകൃഷ്ണനെ ആശുപത്രിയിലെ ബാത് റൂമിനരികില്‍ മരണപ്പെട്ട നിലയില്‍ കാണുകയുമായിരുന്നു.






