ഇറ്റലിയിലെ മനോഹര നഗരത്തില്‍  താമസിക്കാന്‍ വരൂ, 30,000 യൂറോ സമ്മാനം 

പ്രെസിക്‌സ്-  ഇറ്റാലിയന്‍ നഗരത്തില്‍ ചുരുങ്ങിയ വിലയ്ക്ക് വീടു വില്‍പ്പനയ്ക്കെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ വീടുവാങ്ങുന്നതിനുള്ള തുകയും സര്‍ക്കാര്‍ തന്നെ നല്‍കും എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇറ്റലിയുടെ തെക്കുകിഴക്കുള്ള പട്ടണമായ പ്രെസിക്‌സിലാണ് ഈ ഗംഭീര ഓഫര്‍.  ആളുകള്‍ ഒഴിഞ്ഞ് പ്രേത ഗ്രാമങ്ങളായ നിരവധി സ്ഥലങ്ങള്‍ ഈ വലിയ പട്ടണത്തിലുണ്ട്. ഇവിടെ ആള്‍താമസമില്ലാത്ത വീടുകള്‍ മാത്രമാണുള്ളത്. ഈ പ്രേത ഗ്രാമങ്ങളിലെ ജീവിതത്തിലേക്ക് ആളുകളെ തിരികെ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി പ്രഖ്യാപിച്ചിട്ടുള്ളത്. താമസം മാറുന്ന ആര്‍ക്കും 30,000 യൂറോ ലഭിക്കും. വിതരണം ചെയ്യുന്ന ഈ പണം ഉപയോഗിച്ച് ആള്‍താമസമില്ലാത്ത വീടും, വസ്തുവും വാങ്ങാനാവും. ഇവിടെയുള്ള വീടുകളില്‍ ഒരെണ്ണം വാങ്ങാമെന്ന് സമ്മതിച്ച് എത്തുന്നവര്‍ക്ക് മാത്രമാണ് തുക നല്‍കുക. അവര്‍ അവിടെ സ്ഥിരമായി താമസിക്കാനും തയ്യാറായിരിക്കണം. 9,000 ആളുകള്‍  പ്രസിക്‌സില്‍ താമസക്കാരായുണ്ട്.  എന്നാല്‍ ഇവിടെ ജനിച്ചു വളര്‍ന്നവര്‍ ഇവരില്‍ പകുതി പേര്‍ മാത്രമാണ്. 
ഒഴിഞ്ഞു കിടക്കുന്ന ഗ്രാമങ്ങളിലെ വീടുകള്‍ അതിന്റെ യഥാര്‍ത്ഥ ഉടമകള്‍ ഉപേക്ഷിച്ച് പോയതാണ്. ഗ്രാമങ്ങളില്‍ നിന്നും നഗരങ്ങളിലേക്ക് ചേക്കേറുന്നതിന്റെ ഭാഗമായി യൂറോപ്പില്‍ നിരവധി ഇടങ്ങളില്‍ ഇത്തരം അനാഥ ഗ്രാമങ്ങളുണ്ട്.
            
 

Latest News