Sorry, you need to enable JavaScript to visit this website.

സ്ത്രീയുടെ ആത്മാഭിമാനം ഉയര്‍ത്തിപ്പിടിച്ച്  മഹേഷ് നാരായണന്റെ അറിയിപ്പ് ഗോവയില്‍ 

പനാജി- മഹേഷ് നാരായണന്‍ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമായ അറിയിപ്പിന്റെ ഇന്ത്യയിലെ പ്രഥമ പ്രദര്‍ശനം ഇന്ത്യയുടെ രാജ്യാന്തര ചലച്ചിത്രമേളയില്‍ നിറഞ്ഞു കവിഞ്ഞ പ്രേക്ഷക സാന്നിദ്ധ്യത്തില്‍ നടന്നു. ഉപജീവനം തേടി ദല്‍ഹിയില്‍ എത്തുന്ന മലയാളി ദമ്പതികള്‍ നേരിടുന്ന പ്രതിസന്ധിയിലൂടെയാണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഒരു ഗ്‌ളൗസ് ഫാക്ടറിയിലെ ജീവനക്കാരാണ് നായകനും നായികയും. കോവിഡ് കാലത്ത് വിദേശത്ത് പോവാന്‍ വിസ തേടുന്നതിന്റെ ഭാഗമായാണ് ഇവര്‍ ഈ ജോലിയില്‍ പ്രവേശിച്ചത്. 
നായികയുടെ തെറ്റായ വീഡിയോ പ്രചരിക്കുന്നതും അതിനെ നേരിടാന്‍ ഇരുവരും ശ്രമിക്കുന്നതുമാണ് ചിത്രത്തിന്റെ ഇതിവൃത്തം. സ്ത്രീയുടെ ആത്മാഭിമാനം ഒരു ഒത്തുതീര്‍പ്പിനും പണയം വയ്ക്കാനാവില്ലെന്ന് അതിസമര്‍ത്ഥമായി ചിത്രം അടയാളപ്പെടുത്തുന്നു. കുഞ്ചാക്കോ ബോബനും നായിക വേഷം അവതരിപ്പിച്ച ദിവ്യപ്രഭയും മികച്ച പ്രകടനം കാഴ്ചവച്ചു. എഡിറ്റര്‍ മഹേഷ് നാരായണന്റെ സംവിധാന മികവിന് തെളിവാണ് അറിയിപ്പ്. ലൊകാര്‍ണോ ഉള്‍പ്പെട്ട എട്ട് അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം കേരളത്തിന്റെ രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ മത്സര വിഭാഗത്തിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
 

Latest News