സാക്കിര്‍ നായിക്കിനെ ക്ഷണിച്ചിട്ടില്ലെന്ന് ഖത്തര്‍, പരസ്പര ബന്ധം മോശമാക്കാന്‍ ശ്രമം

ദോഹ-  ഇസ്‌ലാമിക പ്രഭാഷകന്‍ സാക്കിര്‍ നായിക്കിനെ ലോകകപ്പ് കാണാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ഖത്തര്‍. ഇക്കാര്യം ഖത്തര്‍ ഇന്ത്യയെ നയതന്ത്രതലത്തില്‍ അറിയിച്ചു. ലോകകപ്പിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് സാക്കിര്‍ നായിക്കിനെ ക്ഷണിച്ചു എന്നത് വ്യാജപ്രചാരണം മാത്രമാണെന്നും ഖത്തര്‍ ചൂണ്ടിക്കാട്ടി,

സാക്കിര്‍ നായിക്കിനെ ക്ഷണിക്കുമെങ്കില്‍ ഇന്ത്യയുടെ ഔദ്യോഗിക പ്രതിനിധിയായി പങ്കെടുക്കേണ്ട ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറിനെ പിന്‍വലിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഖത്തറിനെ അറിയിച്ചിരുന്നു. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത ശേഷം ധന്‍കര്‍ മറ്റ് നയതന്ത്രതല ചര്‍ച്ചകളില്‍ പങ്കെടുക്കാതെ മടങ്ങിയിരുന്നു.

ലോകകപ്പിനിടെ സാക്കിര്‍ നായിക് സ്വകാര്യ സന്ദര്‍ശനം നടത്തിയിട്ടുണ്ടാകാം എന്നാണ് ഖത്തറിന്റെ വിശദീകരണം. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമാക്കുന്നതിന് വേണ്ടി മൂന്നാമതൊരു രാജ്യം സാക്കിര്‍ നായിക് വിഷയം എടുത്തിട്ടതാകാം എന്നും ഖത്തര്‍ വിശദീകരിക്കുന്നു.

സാക്കിര്‍ നായിക്ക് സ്ഥാപിച്ച ഇസ്ലാമിക് റിസര്‍ച്ച് ഫൗണ്ടേഷനെ നിയമവിരുദ്ധ സംഘടനയായി മാര്‍ച്ചില്‍ ആഭ്യന്തര മന്ത്രാലയം നിരോധിച്ചിരുന്നു. അഞ്ച് വര്‍ഷത്തേയ്ക്കാണ് നിരോധനം.

 

Latest News