മദീന - മയക്കുമരുന്ന് കടത്ത് പ്രതികളായ രണ്ടു നൈജീരിയക്കാര്‍ക്ക് വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കൊക്കൈന്‍ കടത്തുന്നതിനിടെ അറസ്റ്റിലായ അമൂദി സുലൈമാന്‍ തന്ദി, ഇദ്രീസ് അദീമോമി അദീബോജൊ എന്നിവര്‍ക്ക് മദീനയിലാണ് ശിക്ഷ നടപ്പാക്കിയത്. അതിനിടെ, ജിസാന്‍, നജ്റാന്, അസീര്‍, മക്ക, കിഴക്കന്‍ പ്രവിശ്യ, മദീന പ്രവിശ്യകളിലെ അതിര്‍ത്തികള്‍ വഴി മയക്കുമരുന്ന് കടത്തുന്നതിനിടെ 82 പേരെ അതിര്‍ത്തി സുരക്ഷാ സേന അറസ്റ്റ് ചെയ്തതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് കേണല്‍ മിസ്ഫര്‍ അല്‍ഖരൈനി അറിയിച്ചു. ഇക്കൂട്ടത്തില്‍ 18 പേര് സ്വദേശികളും 64 പേര് നുഴഞ്ഞുകയറ്റക്കാരുമാണ്. നുഴഞ്ഞുകയറ്റക്കാരില്‍ 34 പേര് എത്യോപ്യക്കാരും 30 പേര് യെമനികളുമാണ്. ഇവര്‍ കടത്താന്‍ ശ്രമിച്ച 26.5 ടണ്‍ ഖാത്തും 671 കിലോ ഹഷീഷും 2,90,170 ലഹരി ഗുളികകളും സൈന്യം പിടികൂടി. തുടര്‍ നടപടികള്‍ക്ക് തൊണ്ടി സഹിതം പ്രതികളെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറിയതായി അതിര്‍ത്തി സുരക്ഷാ സേനാ വക്താവ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍, അസീര്‍ പ്രവിശ്യയില്‍ പെട്ട സറാത്ത് ഉബൈദയിലെ അല്‍ജുവ ചെക്ക് പോസ്റ്റില്‍ വെച്ച് മയക്കുമരുന്ന് ശേഖരവുമായി പാക്കിസ്ഥാനിയെ സുരക്ഷാ സൈനികര്‍ അറസ്റ്റ് ചെയ്തു. പ്രതി ഓടിച്ച ഇന്ധന ടാങ്കറിനകത്ത് ഒളിപ്പിച്ച നിലയില്‍ 135 കിലോ മയക്കുമരുന്ന് കണ്ടെത്തി. തുടര്‍ നടപടികള്‍ക്ക് പ്രതിയെ പിന്നീട് ബന്ധപ്പെട്ട വകുപ്പിന് കൈമാറി.