ന്യൂദല്‍ഹി- ആര്. എസ്. എസ് നേതാവ് കതിരൂര്‍ മനോജിനെ കൊലപ്പെടുത്തിയ കേസില്‍ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന സി. ബി. ഐയുടെ ആവശ്യം സുപ്രിം കോടതി തള്ളി. ആവശ്യം രാഷ്ട്രീയ പ്രേരിതമാണെന്ന വിമര്‍ശനവും കോടതി ഉന്നയിച്ചു.
കേസിന്റെ നടപടികള്‍ നാലു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് വിചാരണ കോടതിക്ക് നിര്‍ദേശം നല്കിയ സുപ്രിം കോടതി കോടതി നടപടികളുടെ തല്‍സ്ഥിതി റിപ്പോര്‍ട്ട് നല്‍കണമെന്നും ആവശ്യപ്പെട്ടു.
സി. പി. എം നേതാവ് പി. ജയരാജന് ഉള്‍പ്പടെ പ്രതികളായ കേസിന്റെ വിചാരണ എറണാകുളത്ത് നിന്ന് കര്‍ണാടകയിലേക്കോ തമിഴ്നാട്ടിലേക്കോ മാറ്റണമെന്നായിരുന്നു സി. ബി. ഐ ട്രാന്‍സ്ഫര്‍ ഹരജിയില്‍ ആവശ്യപ്പെട്ടത്. തലശ്ശേരി സെഷന്‍സ് കോടതിയില്‍ നിന്ന് കൊച്ചിയിലെ പ്രത്യേക സി. ബി. ഐ കോടതിയിലേക്ക് കേസിന്റെ വിചാരണ നേരത്തേ സുപ്രിം കോടതി മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് കേരളത്തിനു പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സി. ബി. ഐ സുപ്രിം കോടതിയെ സമീപിച്ചത്.






