ബംഗളൂരു- തന്റെ മാതാവ് മറ്റു പലരേക്കാളും മികച്ച ഇന്ത്യക്കാരിയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ മറുപടി. സോണിയാ ഗാന്ധിയുടെ ഇറ്റാലിയൻ പൈതൃകത്തെ ചോദ്യം ചെയ്ത പ്രധാനമന്ത്രിക്ക് വാർത്താ സമ്മേളനത്തിലാണ് രാഹുൽ മറുപടി നൽകിയത്.
എന്റെ അമ്മ ജീവിതത്തിന്റെ ഏറിയ പങ്കും ഈ നാട്ടിലാണ് ജീവിച്ചത്. ഈ രാജ്യത്തിനു വേണ്ടി ഒരുപാടു ത്യാഗങ്ങളർപ്പിച്ചതാണ് അവരുടെ ജീവിതം -വികാരഭരിതനായി രാഹുൽ പറഞ്ഞു.
അമ്മയെ അധിക്ഷേപിക്കുന്നതിൽ പ്രധാനമന്ത്രി ആഹ്ലാദം കണ്ടെത്തുന്നുണ്ടെങ്കിൽ അത് അദ്ദേഹത്തിന്റെ നിലവാരമാണ് സൂചിപ്പിക്കുന്നത്. പക ഉള്ളിലൊളിപ്പിച്ച് സംസാരിക്കുന്നയാളാണ് പ്രധാനമന്ത്രി. എല്ലാവരിലും അദ്ദേഹം ഒരു ഭീഷണി കാണുന്നുണ്ട്. എന്നെയും ഒരു ഭീഷണിയായാണ് കാണുന്നത് -രാഹുൽ പറഞ്ഞു.
കർണാടകയുടെ ഭാവിയെക്കുറിച്ചോ കർഷകരെക്കുറിച്ചോ ഒന്നും പറയാനില്ലാതെ വ്യക്തി വിമർശനങ്ങളുടെ വേദിയാക്കി മോഡി തെരഞ്ഞെടുപ്പ് പ്രചാരണത്തെ മാറ്റി. 8000 കോടി രൂപയാണ് കർണാടക സർക്കാർ കർഷകർക്കു കടാശ്വാസം നൽകിയത്. കേന്ദ്രം നയാപൈസ നൽകിയില്ല. പുരോഗമന വാദികളായ കർണാടക ജനതയുടെ ജീവിതം ആർ.എസ്.എസ് നിയന്ത്രിക്കണമോയെന്ന് അവർ തീരുമാനിക്കും. കോൺഗ്രസ് അധികാരം നിലനിർത്തുമെന്നും അതിനാൽ സഖ്യസാധ്യതയെക്കുറിച്ച് ഇപ്പോൾ ചർച്ച ചെയ്യേണ്ട കാര്യമില്ലെന്നും രാഹുൽ ചോദ്യത്തിനു മറുപടി നൽകി.






