Sorry, you need to enable JavaScript to visit this website.

മുഖ്യധാരയിലേക്ക് 'ക്വിയർ മനുഷ്യർ'

അരികുകളിൽ നിന്ന് മുഖ്യധാരയിലേക്കുള്ള പോരാട്ടങ്ങളുടെ ചരിത്രം കൂടിയാണ് സത്യത്തിൽ മനുഷ്യ ചരിത്രം. പല വിഭാഗങ്ങളും അതിൽ വിജയിക്കുന്നു. പല വിഭാഗങ്ങളും പരാജയപ്പെടുന്നു. ചില വിഭാഗങ്ങളാകട്ടെ വഞ്ചിക്കപ്പെടുന്നു. കേരള ചരിത്രത്തിൽ തന്നെ ഇതിനു നിരവധി ഉദാഹരണങ്ങൾ ചൂണ്ടിക്കാട്ടാനാകും. ദളിത്, ആദിവാസി വിഭാഗങ്ങളും മത്സ്യത്തൊഴിലാളികളും തോട്ടം തൊഴിലാളികളും മറ്റും പരാജയപ്പെടുകയോ വഞ്ചിക്കപ്പെടുകയോ ചെയ്തവരാണ്. ഇപ്പോഴുമവർ പോരാട്ടം തുടരുകയാണ്. മറുവശത്ത് മുഖ്യധാരയാണോ ശരി, അതിലേക്കെത്തലാണോ പ്രധാനം എന്ന ചോദ്യവും ഉയരുന്നു. മുഖ്യധാര എന്നതിനെ തന്നെ പുനർനിർവചിക്കേണ്ടതുണ്ട് എന്ന ആവശ്യവും സജീവമായി ഉയർന്നിട്ടുണ്ട്. അപ്പോഴും കേരളത്തിന്റെ (എതു സമൂഹത്തിന്റെയും) സാമൂഹ്യ - സാമ്പത്തിക മൂലധനത്തിലും രാഷ്ട്രീയാധികാരത്തിലുമൊക്കെ അർഹമായ പങ്കാളിത്തം എന്നത് ഏതു സമൂഹത്തിന്റെയും അവകാശമാണ്. 
കേരളത്തിൽ ഇന്നു അരികുകളിൽ നിന്ന് മുഖ്യധാരയിലെത്താൻ ശക്തമായി പോരാടുന്ന വിഭാഗം ഏതാണെന്നു ചോദിച്ചാൽ അത്് ക്വിയർ സമൂഹമാണെന്നു പറയേണ്ടിവരും. വാസ്തവത്തിൽ ക്വിയർ മനുഷ്യർ എന്നതിന്റെ അർത്ഥം പോലും അറിയാത്തവരാണ് ഭൂരിപക്ഷം മലയാളികളും. അധികാരത്തിലിരിക്കുന്നവരുടെ അവസ്ഥ പോലും വ്യത്യസ്തമല്ല. ട്രാൻസ്‌ജെൻഡർ എന്ന പദം വരെയാണ് മിക്കവർക്കും പരമാവധി അറിയുക. സർക്കാർ രേഖകളിലും പരമാവധിയുള്ളത് അതാണ്. സർക്കാർ നടത്തുന്ന പ്രഖ്യാപനങ്ങളും ക്ഷേമപദ്ധതികളും പരമാവധി അവർക്കു വേണ്ടിയാണ്.  ട്രാൻസ്‌ജെൻഡർ പോളിസി പ്രഖ്യാപിക്കുകയും ട്രാൻസ്‌ജെൻഡർ ബോർഡ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. അപേക്ഷ ഫോമുകളിലും വോട്ടേഴ്‌സ് ലിസ്റ്റിലുമൊക്കെ ആ പദം ഉപയോഗിക്കുന്നുണ്ട്. അടുത്ത കാലം വരെ നാട്ടിൽ ജീവിക്കാൻ പോലും കഴിയാതിരുന്നവർക്ക് പോരാടിയാണെങ്കിലും ഇന്നിവിടെ കഴിയാമെന്ന അവസ്ഥ വന്നിട്ടുണ്ട്. അവരോടുള്ള പൊതുസമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ വ്യത്യാസം വന്നിട്ടില്ല എന്നതു വേറെ കാര്യം. 
മറുവശത്ത് വ്യത്യസ്ത ലിംഗ - ലൈംഗിക അഭിരുചിയുള്ള വിഭാഗങ്ങൾ നിരവധിയാണെന്നതാണ് വസ്തുത. LBTIQ+ എന്ന ചുരുക്കെഴുത്തിൽ അവരെ ഉൾക്കൊള്ളിക്കാൻ ശ്രമിക്കാറുണ്ടെങ്കിലും അതുപോലും അപര്യാപ്തമാണ്. അങ്ങനെയാണ് അവരെയെല്ലാം ഏറെക്കുറെ ഉൾക്കൊള്ളാൻ ശ്രമിക്കുന്ന ക്വിയർ എന്ന പദം രൂപപ്പെടുന്നത്. നീതിക്കും തുല്യതക്കുമായുള്ള സ്ത്രീകളുടെയും പിന്നീട് ട്രാൻസ് സമൂഹത്തിന്റെയും പോരാട്ടത്തിന്റെ തുടർച്ചയാണ് ഇപ്പോൾ ക്വിയർ സമൂഹം നടത്തുന്ന പോരാട്ടങ്ങളും. 
കേരളത്തിൽ ക്വിയർ സമുദായങ്ങളുടെ മനുഷ്യാവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സഹയാത്രികയുടെ ഇരുപതാം വാർഷികാഘോഷങ്ങൾ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി കേരള സാഹിത്യ അക്കാദമി ഹാളിൽ നടക്കുകയും നവംബർ 20, ജീവിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ട് കൊല ചെയ്യപ്പെടുകയോ ആത്മഹത്യ ചെയ്യുകയോ ചെയ്ത ട്രാൻസ്‌ജെൻഡർ മനുഷ്യരുടെ ഓർമദിനമായി ആഗോളതലത്തിൽ തന്നെ ആചരിക്കുകയും ചെയ്ത പശ്ചാത്തലത്തിലാണ് ഈ കുറിപ്പ്്. മുൻ അഭിനേത്രിയും മനുഷ്യാവകാശ പ്രവർത്തകയുമായ ഷക്കീലയുടെയും ബിഗ് ബോസ് ഫെയിം റിയാസ് സലീമിന്റെയും സാന്നിധ്യമാണ് ഇടം എന്ന പേരിൽ സംഘടിപ്പിക്കപ്പെട്ട സഹയാത്രികയുടെ സമ്മേളനത്തെ ശ്രദ്ധേയമാക്കിയതെങ്കിലും വളരെ ഗൗരവപരമായ ചർച്ചകൾക്ക് അത് വേദിയായി. 1980 കൾക്കു ശേഷം കേരളത്തിൽ രൂപം കൊണ്ട നവരാഷ്ട്രീയത്തിന്റെ വിവിധ ധാരകൾ രൂക്ഷമായ പ്രതിസന്ധി നേരിടുമ്പോൾ ഇപ്പോഴും യൗവനം കാത്തുസൂക്ഷിക്കുന്ന ഒന്നാണ് ക്വിയർ രാഷ്ട്രീയം എന്നു വിളിച്ചുപറയുന്ന ഒന്നായിരുന്ന ഇടം. ഏതു സമ്മേളനത്തിലും നാം കാണുന്നത് മധ്യവയസ്‌കരെയും വൃദ്ധരെയുമാണെങ്കിൽ ചെറുപ്പക്കാരുടെ പൂർണമായ സാന്നിധ്യമാണ് ക്വിയർ രാഷ്ട്രീയത്തിന്റെ സവിശേഷത. തങ്ങൾക്കും മനുഷ്യരായി ജീവിക്കാനുള്ള അവകാശമുണ്ടെന്നു തന്നെയാണ് ഇടത്തിൽ അവർ പ്രഖ്യാപിച്ചത്. 
സാമൂഹ്യ ക്ഷേമ വകുപ്പ് മന്ത്രി ആർ. ബിന്ദുവാണ് സമ്മേളനം  ഉദ്ഘാടനം ചെയ്തത്. മുകളിൽ സൂചിപ്പിച്ചപോലെ അവരും പറഞ്ഞുകൊണ്ടിരുന്നത് ട്രാൻസ്‌ജെൻഡർ എന്ന പദം മാത്രമായിരുന്നു എന്നതിൽ നിന്നു തന്നെ ക്വിയർ മനുഷ്യർക്ക് യാത്ര ചെയ്യാനുള്ള ദൂരം ഏറെയാണെന്നു വ്യക്തമായിരുന്നു.  പ്രണയങ്ങൾ, ലൈംഗികതകൾ, ജീവിതാഘോഷങ്ങൾ: അനുഭവവും രാഷ്ടീയവും, മഴവിൽ മനുഷ്യരും ആരോഗ്യ രംഗത്തെ വെല്ലുവിളികളും, രാഷ്ട്രീയ പ്രാതിനിധ്യം, വിമത മുന്നേറ്റത്തിലെ സമാന്തര പാതകൾ, അരികുകളിൽ നിന്ന് മുഖ്യധാരയിലേക്ക് സാമൂഹ്യ നീതിയിലേക്കുള്ള പല വഴികൾ തുടങ്ങിയ വിഷയങ്ങളിലെ സെമിനാറുകളും ക്വിയർ ഫെമിനിസ്റ്റ് മീറ്റും സമ്മേളനത്തെ പ്രൗഢഗംഭീരമാക്കി. സമാപന സമ്മേളനത്തിലായിരുന്നു മൂവായിരം ട്രാൻസ് കുഞ്ഞുങ്ങളുടെ അത്താണിയായ ഷക്കീലയും റിയാസ് സലീമും വി.ടി. ബൽറാമും മറ്റും പങ്കെടുത്തത്. രേഖാരാജ്, ഡോ. ജയശ്രീ, കെ.കെ. ബാബുരാജ്, ദീപ വാസുദേവൻ, വിജയരാജമല്ലിക, ശീതൾ ശ്യാം തുടങ്ങി നിരവധി പേരുടെ സാന്നിധ്യവും ശ്രദ്ധേയമായിരുന്നു. 
ഏതു വിഷയമെടുത്താലും ഇരട്ടത്താപ്പിനുടമകളാണല്ലോ പൊതുവിൽ മലയാളികൾ. തങ്ങൾ പുരോഗമനവാദികളും പ്രബുദ്ധരുമാണെന്ന മിഥ്യാധാരണ നിലനിർത്തണം, അതേസമയം ജീവിതത്തിൽ അതുമായി ഒരു പുലബന്ധം പോലും ഉണ്ടായിരിക്കുകയുമില്ല. സാമൂഹ്യ ജീവിതത്തിലെ ഏതു വിഷയമെടുത്താലും ഈ കാപട്യം പ്രകടമാണ്. ലിംഗ - ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള നിലപാടിൽ അതേറെ പ്രകടമാണ്. ഇന്ത്യയിലാദ്യമായി ഒരു ലിംഗ - ലൈംഗിക ന്യൂനപക്ഷ നയം പ്രഖ്യാപിച്ചത് കേരളത്തിലാണെന്നത് യാഥാർത്ഥ്യം തന്നെ. എന്നാൽ ഇപ്പോൾ പോലും ലിംഗ - ലൈംഗിക ന്യൂനപക്ഷ വിഭാഗങ്ങളോട് ഏറ്റവും കൂടുതൽ വിവേചനം നിലനിൽക്കുന്നതും പീഡനങ്ങൾ അരങ്ങേറുന്നതും കേരളത്തിൽ തന്നെ. പിന്നോക്കമെന്ന് നാം ആരോപിക്കുന്ന പല സംസ്ഥാനങ്ങളിലും ലൈംഗിക ന്യൂനപക്ഷങ്ങൾ എത്രയോ ഉയർന്ന പദവിയിലെത്തിയിട്ടും കേരളത്തിൽ സ്ഥിതി വ്യത്യസ്തമാകാൻ കാരണം ഈ ഇരട്ടത്താപ്പല്ലാതെ മറ്റൊന്നുമല്ല.
ലൈംഗികാഭിരുചിയുടെ കാര്യത്തിൽ വ്യത്യസ്തരായി എന്ന കാരണത്താൽ ലൈംഗിക ന്യൂനപക്ഷങ്ങൾക്കു നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. അവർ മർദിക്കപ്പെടുന്നതോ അപമാനിക്കപ്പെടുന്നതോ ആത്മഹത്യയിലഭയം തേടുന്നത് പോലുമോ മനുഷ്യാവകാശ പ്രശ്നമായി നമ്മുടെ മുഖ്യധാര രാഷ്ട്രീയ പ്രസ്ഥാനങ്ങൾ കണക്കാക്കുന്നില്ല. അത്തരത്തിലുള്ള എത്രയോ സംഭവങ്ങൾ കേരളത്തിൽ നടക്കുന്നു. മുമ്പൊക്കെ അത്തരം സംഭവങ്ങൾ ആരും ഗൗനിക്കാതെ സ്വാഭാവികമെന്ന മട്ടിലാണ് സംഭവിച്ചിരുന്നത്. എന്നാൽ ഏതാനും വർഷങ്ങളായി അതിനെതിരെ പല ട്രാൻസ്‌ജെൻഡറുകളും ഫെമിനിസ്റ്റ് മനുഷ്യാവകാശ പ്രവർത്തകരും ക്വിയർ പ്രവർത്തകരുമൊക്കെ രംഗത്തിറങ്ങുന്നതിനാൽ ചെറിയ മാറ്റമുണ്ടെന്നുമാത്രം.  ലൈംഗിക ന്യൂനപക്ഷങ്ങൾ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങൾ, നീതിനിഷേധങ്ങൾ ഇവയിലൊക്കെ കാര്യക്ഷമമായി ഇടപെടുക, ന്യായമായ അവരുടെ അവകാശങ്ങൾക്ക് അംഗീകാരം നേടിക്കൊടുക്കുക, അവരവരുടെ ലൈംഗിക സ്വത്വം നിലനിർത്തിക്കൊണ്ട് അന്തസ്സോടെ തൊഴിലെടുത്ത് ജീവിക്കുന്നതിനുള്ള സാമൂഹിക സാഹചര്യം സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളിൽ ഏർപ്പെടുക തുടങ്ങിയ ലക്ഷ്യങ്ങളോടെ  ക്വിയർ പ്രൈഡ് കേരളം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷം തോറും വർണാഭമായ ക്വിയർ പ്രൈഡ് പരേഡ് എന്ന പരിപാടിയും നടക്കുന്നുണ്ട്്. കുടുംബത്തെയും സമൂഹത്തെയും പേടിച്ച് സ്വന്തം സ്വത്വം മറച്ചുവെച്ചു ജീവിച്ചിരുന്ന പലരും  പുറത്തു വന്നിട്ടുണ്ട്. ഇവിടെ ജീവിക്കാൻ കഴിയാത്തതിനാൽ ബാംഗ്ലൂരിലും മറ്റും അഭയം തേടിയിരുന്ന  പലരും തിരിച്ചു വന്നിട്ടുമുണ്ട്. 
വീട്ടിൽ നിന്നേ തുടങ്ങുന്ന വിവേചനങ്ങളും അതിക്രമങ്ങളും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും തൊഴിലിടങ്ങളിലും ആശുപത്രികളിലും പൊതുയിട ങ്ങളിലുമെല്ലാം നിലനിൽക്കുന്ന സാമൂഹ്യ ചുറ്റുപാടിലാണ് ലൈംഗിക ന്യൂനപക്ഷങ്ങൾക്ക് ഇപ്പോഴും കേരളത്തിൽ ജീവിക്കേണ്ടി വരുന്നത്. ആരോഗ്യകരമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അഭാവം, കേരളീയ സമൂഹത്തിൽ പൊതുവെ നിലനിൽക്കുന്ന സ്ത്രീവിരുദ്ധവും ആൺകോയ്മയിലധിഷ്ഠിതവുമായ യാഥാസ്ഥിതിക ധാരണകൾ, ലൈംഗികതയെക്കുറിച്ചുള്ള മിഥ്യാധാരണകൾ ഇവയൊക്കെ ഇവർക്കെതിരായുള്ള വിവേചനങ്ങൾക്ക് പശ്ചാത്തലമാകുന്നു. 
നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത മൂലം പലപ്പോഴും നിയമപാലകരുടെ വരെ സദാചാര പോലീസിംഗിന് ഇവർ ഇരകളാവേണ്ടി വരുന്ന സാഹചര്യങ്ങളും കുറവല്ല.  ഇത്തരം സാഹചര്യത്തിലാണ് ശക്തമായ സമ്മർദങ്ങളുടെ ഫലമായി സർക്കാർ ട്രാൻസ്‌ജെൻഡർ നയം പ്രഖ്യാപിച്ചത്. അപ്പോഴുമത് ട്രാൻസ്‌ജെൻഡർ വിഭാഗത്തെ മാത്രമാണ് അഭിസംബോധന ചെയ്യുന്നത്. അതും നിരവധി പോരായ്മയോടെ. ഇത്തരം സാഹചര്യത്തിലാണ് തങ്ങളും മനുഷ്യരാണെന്ന് പ്രഖ്യാപിച്ച് ക്വിയർ മനുഷ്യർ കൂടുതൽ കൂടുതൽ ദൃശ്യരാകുന്നത്. ഈ സാഹചര്യത്തിൽ അവർക്കൊപ്പം നിൽക്കലാണ് ജനാധിപത്യവാദികളെടയും സാമൂഹ്യ നീതിയിൽ വിശ്വസിക്കുന്നവരുടെയും രാഷ്ട്രീയ ഉത്തരവാദിത്തം.

Latest News