മാറ്റങ്ങളുടെ ചാലകം അടിസ്ഥാനവര്‍ഗം- എം. മുകുന്ദന്‍

മനാമ - ഏതൊരു സമൂഹത്തിലും വ്യവസ്ഥാമാറ്റം സംഭവിക്കുക ആ കാലത്ത് ജീവിക്കുന്ന അടിസ്ഥാന ജനവിഭാഗത്തിലൂടെ ആയിരിക്കുമെന്ന് മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ എം. മുകുന്ദന്‍ അഭിപ്രായപ്പെട്ടു. ബഹ്‌റൈന്‍ കേരളീയ സമാജം സംഘടിപ്പിച്ച പുസ്തകമേളയില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു. പ്രവാസത്തിന്റെ തീക്ഷണമായ അനുഭവങ്ങള്‍ മനസിലാക്കാന്‍ സാധിച്ചത് ഗള്‍ഫ് നാടുകളില്‍നിന്നാണ്. ഇവിടുത്തെ ലേബര്‍ ക്യാംപുകളും സാധാരണക്കാരുടെ തൊഴിലിടങ്ങളും തനിക്ക് നല്‍കിയ പൊള്ളുന്ന അനുഭവങ്ങള്‍ തന്റെ എഴുത്തിലൂടെ അനുവാചകര്‍ക്ക് പകര്‍ന്നു നല്‍കാന്‍ ശ്രമിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പ്രമുഖ എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ ജോസ് പനച്ചിപ്പുറത്തിനും എം. മുകുന്ദനും നല്‍കിയ സ്വീകരണത്തില്‍ ഫ്രണ്ട്‌സ് സോഷ്യല്‍ അസോസിയേഷന്‍ പ്രസിഡന്റ് സൗദ് റമദാന്‍ നദ്‌വി അധ്യക്ഷത വഹിച്ചു. മുകുന്ദനെ അദ്ദേഹം പൊന്നാട അണിയിച്ചു.

 

Latest News