ദുബായ്- ഇരുപത്തേഴര ലക്ഷത്തിലധികം ദിര്‍ഹം കവര്‍ച്ച ചെയ്യാനുള്ള ശ്രമം പരാജയപ്പെടുത്തിയ ഇന്ത്യക്കാരന് ദുബായ് പോലീസിന്റെ ആദരം. കെഷൂര്‍ കാര ചവദ കരു ഘേല എന്നയാളെയാണ് ആദരിച്ചത്. തിങ്കളാഴ്ച കെഷൂരിന്റെ ജോലിസ്ഥലത്തിനു സമീപമായിരുന്നു തട്ടിപ്പ് ശ്രമം.
നായിഫ് പ്രദേശത്ത് ഒന്‍പതര കോടിയോളം രൂപ (42,50,000 ദിര്‍ഹം) അടങ്ങിയ രണ്ടു ബാഗുകളുമായി രണ്ട് ഏഷ്യക്കാര്‍ നടന്നുവരുമ്പോള്‍ പ്രധാന പ്രതിയും കൂട്ടാളികളും ഇവരെ തടഞ്ഞുനിര്‍ത്തി രണ്ടു ബാഗുകളില്‍ ഒന്ന് തട്ടിയെടുക്കുകയായിരുന്നു. ഇതില്‍ വ്യത്യസ്ത കറന്‍സികളാണ് ഉണ്ടായിരുന്നത്. ഏഷ്യക്കാര്‍ സഹായത്തിനായി നിലവിളിച്ചപ്പോള്‍, മോഷ്ടിച്ച ബാഗുമായി മോഷ്ടാവ് തന്റെ അടുത്തേക്ക് ഓടിവരുന്നത് കെഷൂര്‍ കണ്ടു. അയാള്‍ ധൈര്യം സംഭരിച്ച് മോഷ്ടാവിനെ പിടികൂടുകയായിരുന്നു. മല്‍പിടുത്തത്തിനൊടുവില്‍ മോഷ്ടാവിനെ പോലീസ് പട്രോള്‍ എത്തി അറസ്റ്റ് ചെയ്യുന്നതുവരെ നിലത്തു കിടത്തുകയും ചെയ്തതായി മേജര്‍ ജനറല്‍ തഹ്‌ലാക്ക് പറഞ്ഞു.