- ചേന്ദമംഗലൂർ മിനി പഞ്ചാബിലെ പള്ളിയിലാണ് സംഭവം
കോഴിക്കോട് - സിനിമ ചിത്രീകരണത്തിനെതിരെ രണ്ടംഗ സംഘത്തിന്റെ ആക്രമണം ഉണ്ടായതായി പരാതി. ചേന്ദമംഗലൂരിലെ മിനി പഞ്ചാബിലെ പള്ളിയിലാണ് സംഭവം. സിനിമയുടെ ചിത്രീകരണം പുരോഗമിക്കുന്നതിനിടെ റോഡിലൂടെ പോവുകയായിരുന്ന രണ്ടുപേർ പള്ളിയിൽ കയറി ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞ് അക്രമം കാണിക്കുകയായിരുന്നുവെന്ന് സംവിധായകൻ ഷമീർ ഭരതന്നൂർ പറഞ്ഞു.
ഷൂട്ടിങ്ങിനായി തയ്യാറാക്കിയ അലങ്കാര ബൾബുകൾ ഉൾപ്പെടെ അക്രമികൾ നശിപ്പിച്ചു. ഷമീർ സംവിധാനം ചെയ്യുന്ന 'അനക്ക് എന്തിന്റെ കേടാ' എന്ന സിനിമയുടെ സെറ്റിലാണ് അതിക്രമം ഉണ്ടായത്. അക്രമത്തെ തുടർന്ന് സിനിമയുടെ ഷൂട്ടിംഗ് നിർത്തി വെച്ചു. പള്ളി അധികൃതരുടെ അനുമതി വാങ്ങിയാണ് ചിത്രീകരണം തുടങ്ങിയതെന്നും ആരാണ് അക്രമത്തിന് പിന്നിലെന്ന് അറിയില്ലെന്നും സംവിധായകൻ പറഞ്ഞു.
അക്രമത്തെക്കുറിച്ച് സംവിധായകന്റെ പരാതി ലഭിച്ചെന്നും അന്വേഷിച്ചു വരികയാണെന്നും മുക്കം പോലീസ് പ്രതികരിച്ചു.
ബി.എം.സി ഫിലിം പ്രൊഡക്ഷൻസിന്റെ ബാനറിൽ ഫ്രാൻസിസ് കൈതാരത്ത് നിർമിച്ച സിനിമയുടെ ചിത്രീകരണം പാഴൂരിൽ അഡ്വ. പി.ടി.എ റഹിം എം.എൽ.എ കഴിഞ്ഞദിവസമാണ് സ്വിച്ച് ഓൺ ചെയ്തത്.