ദമാം - ഫുട്‌ബോള്‍ പ്രേമികള്‍ക്കു വേണ്ടി കിഴക്കന്‍ പ്രവിശ്യയിലെ അല്‍ഹസയില്‍ നിന്ന് ദോഹയിലേക്ക് ദിവസേന പത്തു ബസ് സര്‍വീസുകള്‍ നടത്തുന്നതായി അല്‍ഹസ സാപ്റ്റ്‌കോ സ്റ്റേഷന്‍ മേധാവി മുഹമ്മദ് അല്‍ഫര്‍ദാന്‍ പറഞ്ഞു. ഞായറാഴ്ച മുതല്‍ അല്‍ഹസയില്‍ നിന്നുള്ള സാപ്റ്റ്‌കോ ബസ് സര്‍വീസുകള്‍ക്ക് തുടക്കമായിട്ടുണ്ട്. രാവിലെ ഏഴു മുതല്‍ അര്‍ധരാത്രി 12 വരെയാണ് അല്‍ഹസയില്‍ നിന്ന് ദോഹയിലേക്ക് ബസ് സര്‍വീസുകളുള്ളത്. രണ്ടു മണിക്കൂര്‍ ഇടവേളകളില്‍ ബസ് സര്‍വീസുകളുണ്ട്.
ഇംഗ്ലണ്ട്, ഫ്രാന്‍സ്, ഈജിപ്ത്, സുഡാന്‍ അടക്കം യൂറോപ്പില്‍ നിന്നും അറബ് രാജ്യങ്ങളില്‍ നിന്നുമുള്ളവരും സൗദി ഫുട്‌ബോള്‍ പ്രേമികളും സാപ്റ്റ്‌കോയുടെ ദോഹ ബസ് സര്‍വീസുകള്‍ ഇതിനകം പ്രയോജനപ്പെടുത്തിയിട്ടുണ്ട്. എന്തെങ്കിലും കാരണവശാല്‍ ഏതെങ്കിലും യാത്രക്കാര്‍ക്ക് സീറ്റ് ബുക്ക് ചെയ്ത ബസില്‍ നിശ്ചിത സമയത്ത് കയറിപ്പറ്റാന്‍ സാധിക്കാതെ വരുന്ന സാഹചര്യങ്ങളില്‍ അവര്‍ക്ക് തൊട്ടടുത്ത ബസ് സര്‍വീസുകളില്‍ യാത്ര ചെയ്യാന്‍ സാധിക്കും. യാത്രക്കാരില്‍ നിന്നുള്ള ആവശ്യം ഉയരുന്ന പക്ഷം അധിക സര്‍വീസുകള്‍ ഏര്‍പ്പെടുത്തുമെന്നും മുഹമ്മദ് അല്‍ഫര്‍ദാന്‍ പറഞ്ഞു.