കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്‌ഫോടനം; കൊച്ചിയില്‍ അടിയന്തര യോഗം

കൊച്ചി- കേന്ദ്രസംസ്ഥാന സുരക്ഷാ ഏജന്‍സികളിലെ ഉന്നതരുടെ സംയുക്ത അടിയന്തര യോഗം കൊച്ചിയില്‍ ചേരും. ചൊവ്വാഴ്ച കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ ആസ്ഥാനത്താണ് യോഗം. റോ ഉള്‍പ്പെടെയുള്ള ഏജന്‍സികളുടെ ഉന്നത ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമെന്നാണ് വിവരം. കോയമ്പത്തൂരിലെയും മംഗളൂരുവിലെയും സ്‌ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ വിലയിരുത്തുന്നതിനും മുന്‍കരുതല്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിനുമാണ് യോഗം ചേരുന്നത്. കോയമ്പത്തൂരിന് പിന്നാലെ മംഗളൂരുവിലും ഉണ്ടായ സ്‌ഫോടനം ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. മംഗളൂരുവില്‍ ഓട്ടോറിക്ഷയില്‍ സ്‌ഫോടനം നടത്തിയ വ്യക്തിയെക്കുറിച്ച് നടത്തിയ അന്വേഷണത്തില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടെ നിരവധി തവണ ഇയാള്‍ കേരളം സന്ദര്‍ശിച്ചതായി കണ്ടെത്തി. ഇയാളുടെ തീവ്രവാദ ബന്ധവും ഏജന്‍സികള്‍ ഗൗരവമായി അന്വേഷിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളും യോഗം ചര്‍ച്ച ചെയ്യും. മംഗളൂരുവിലെ കങ്കനാടിയില്‍ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയില്‍ ശനിയാഴ്ചയാണ് സ്‌ഫോടനമുണ്ടായത്. ശിവമോഗ സ്വദേശി ഷാരിഖാണ് സ്‌ഫോടനത്തിന് പിന്നിലെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ നിരോധിച്ചതിന് ശേഷമുള്ള സംസ്ഥാനത്തെ സ്ഥിതിഗതികള്‍ വിലയിരുത്തുക എന്നതും യോഗത്തിന്റെ ലക്ഷ്യമാണ്. തീവ്രവാദ ബന്ധമുള്ളവര്‍ക്ക് പിന്നാലെ മാസങ്ങളായി ഏജന്‍സികള്‍ അന്വേഷണം നടത്തുന്നുണ്ട്.

 

Latest News