പ്രതിഷേധങ്ങളെ സർക്കാർ ഇഷ്ടപ്പെടുന്നില്ല. എല്ലാ വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നു. പെട്രോൾ വില കുറഞ്ഞ വേളയിലും രാജ്യത്ത് വില കൂട്ടിയാണ് വിൽപന നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില 110 ശതമാനമാണ് വർധിപ്പിച്ചത്. നികുതികൾ വർധിപ്പിച്ചാണ് 10 ലക്ഷം കോടി നേടിയെന്ന് പറയുന്നത്. ഈ പണം എന്തിന് ചെലവിട്ടുവെന്ന് ജനങ്ങളെ ബോധിപ്പിക്കണം. ഒഴിവാക്കാൻ സാധിക്കുമായിരുന്ന മണ്ടത്തരങ്ങളുടെ ആവർത്തനമാണ് മോഡി സർക്കാരിന്റേത്. മതിയായ ആലോചനകൾ നടത്താതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്.
കർണാടകയിൽ തെരഞ്ഞെടുപ്പ് യുദ്ധം അരങ്ങേറുകയാണ്. സംസ്ഥാന ഭരണം പിടിച്ചാൽ അടുത്ത പൊതു തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാം എന്ന ധാരണയിൽ പ്രധാന കക്ഷികൾ അരയും തലയും മുറുക്കി രംഗത്തുണ്ട്. മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗും ബംഗളൂരുവിലെത്തിയിരുന്നു. രാഷ്ട്രീയക്കാരനെന്നതിലുപരി ലോകം മാനിക്കുന്ന സാമ്പത്തിക വിദഗ്ധനാണ് അദ്ദേഹം. അതുകൊണ്ടു തന്നെ മുൻ പ്രധാനമന്ത്രി പ്രകടിപ്പിച്ച ആശങ്കയിൽ നൂറ്റി ഇരുപത് കോടിയിലേറെ വരുന്ന ഇന്ത്യക്കാരുടെ വികാരം പ്രതിഫലിക്കുന്നുണ്ട്.
ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ പൂർണമായും തകർക്കുകയാണ് നരേന്ദ്ര മോഡി സർക്കാർ ചെയ്യുന്നതെന്നാണ് പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ അദ്ദേഹം അഭിപ്രായപ്പെട്ടത്. മോഡി സർക്കാർ നടപ്പാക്കിയ പല പദ്ധതികളും മണ്ടൻ ആശയങ്ങളായിരുന്നുവെന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തിന്റെ ഓരോ മേഖലയും തകരുകയാണെന്ന് പറഞ്ഞ മൻമോഹൻ തെളിവ് സഹിതമാണ് സംസാരിച്ചത്. പുതിയ ഒരു നയം പോലും കൊണ്ടുവരാൻ മോഡി സർക്കാരിന് സാധിച്ചില്ല. ബാങ്കിംഗ് ഉൾപ്പെടെയുള്ള മേഖലകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടു.
കോടികളുടെ വെട്ടിപ്പ് നടത്തിയവർക്കെതിരെ ഒന്നും ചെയ്തില്ല സർക്കാർ.
ഉന്നയിച്ച ഓരോ കാര്യത്തിനും തെളിവ് നിരത്തിയാണ് സിംഗ് സംസാരിച്ചത്. ലോകത്തെ മൂന്നാമത്തെ സാമ്പത്തിക ശക്തിയാണ് ഇന്ത്യ. അത്തരത്തിലൊരു ശക്തിയെ ഘട്ടങ്ങളായി തകർക്കുകയാണ് മോഡി ചെയ്യുന്നത്. യുപിഎ സർക്കാരിന്റെ എല്ലാ നേട്ടങ്ങളും മോഡി സർക്കാർ വന്ന് നാല് വർഷം പിന്നിടുമ്പോഴേക്കും ഇല്ലാതാക്കി. എല്ലാ മേഖലകളിലും ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ബാങ്കിംഗ് മേഖലയിൽ വിശ്വാസ്യത പൂർണമായും ഇല്ലാതായി. കർഷകരുടെ നിലനിൽപ് പ്രതിസന്ധി നേരിടുന്നു. ഉദ്യോഗാർഥികൾക്ക് യാതൊരു പ്രതീക്ഷ നൽകാനും മോഡി സർക്കാരിന് സാധിച്ചില്ല -വാർത്താ സമ്മേളനത്തിൽ മൻമോഹൻ സിംഗ് പറഞ്ഞു. കൃത്യമായ ആലോചനയില്ലാതെ നടപ്പാക്കിയ പദ്ധതികളാണ് ഇന്ത്യയെ തകർത്തത്. യുക്തി ഉപയോഗിക്കാതെ മണ്ടൻ ആശയങ്ങൾ നടപ്പാക്കുകയായിരുന്നു. ലോകത്തെ മൂന്നാം സാമ്പത്തിക ശക്തിയാകാൻ ഇന്ത്യ ഏറെക്കാലം അധ്വാനിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിവേഗം തകരുകയാണ്. യുപിഎ സർക്കാരിന്റെ കാലത്ത് വളർച്ചാ നിരക്ക് ഏഴ് ശതമാനത്തിന് മുകളിലായിരുന്നു. അന്താരാഷ്ട്ര തലത്തിൽ അനുകൂല സാഹചര്യമുണ്ടായിട്ടും ഇപ്പോൾ രാജ്യം പിന്നോട്ടടിക്കുന്നു. രാജ്യം നേരിടുന്ന പ്രതിസന്ധികൾ ഒഴിവാക്കാമായിരുന്നുവെന്നും മുൻ പ്രധാനമന്ത്രി ഓർമിപ്പിച്ചു. പ്രതിഷേധങ്ങളെ സർക്കാർ ഇഷ്ടപ്പെടുന്നില്ല. എല്ലാ വിമത ശബ്ദങ്ങളെയും ഇല്ലാതാക്കുന്നു. പെട്രോൾ വില കുറഞ്ഞ വേളയിലും രാജ്യത്ത് വില കൂട്ടിയാണ് വിൽപന നടത്തിയത്. പെട്രോളിന്റെയും ഡീസലിന്റെയും വില 110 ശതമാനമാണ് വർധിപ്പിച്ചത്. നികുതികൾ വർധിപ്പിച്ചാണ് 10 ലക്ഷം കോടി നേടിയെന്ന് പറയുന്നത്. ഈ പണം എന്തിന് ചെലവിട്ടുവെന്ന് ജനങ്ങളെ ബോധിപ്പിക്കണം. ഒഴിവാക്കാൻ സാധിക്കുമായിരുന്ന മണ്ടത്തരങ്ങളുടെ ആവർത്തനമാണ് മോഡി സർക്കാരിന്റേത്. മതിയായ ആലോചനകൾ നടത്താതിരുന്നതാണ് പ്രശ്‌നം രൂക്ഷമാക്കിയത്. നോട്ട് നിരോധനം മണ്ടത്തരമായിരുന്നു. ചെറിയ സംരംഭകരെ പോലും തകർക്കുന്ന തരത്തിൽ ജിഎസ്ടി നടപ്പാക്കിയതും ശരിയായില്ല. പതിനായിരങ്ങളുടെ ജോലി നഷ്ടപ്പെടുകയാണ് ഇതിലൂടെയുണ്ടായത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ തകർക്കുമ്പോൾ തന്നെ 70 വർഷം ഭരിച്ച കോൺഗ്രസ് ഭരണകൂടങ്ങളെ കുറ്റപ്പെടുത്തുകയായിരുന്നു മോഡി. ചരിത്ര ബോധമില്ലാത്ത വിമർശനങ്ങളായിരുന്നു ഏറെയും. ഭക്ഷ്യ മേഖലയിൽ ഇന്ത്യയെ സമ്പന്നമാക്കിയത് ഹരിത വിപ്ലവമായിരുന്നു. കഴിഞ്ഞ 25 വർഷമായി രാജ്യത്തുണ്ടായ മുന്നേറ്റങ്ങളുടെ കാരണം കോൺഗ്രസ് സർക്കാർ നടപ്പാക്കിയ ഉദാരവൽക്കരണ നയമായിരുന്നു.
1991 ൽ കോൺഗ്രസ് സർക്കാർ ഉദാരവൽക്കരണം നടപ്പാക്കിയതിന്റെ ഗുണഫലങ്ങൾ ഇന്ത്യൻ സമൂഹം അനുഭവിച്ചു തുടങ്ങിയത് പുതിയ നൂറ്റാണ്ട് പിറന്നത് മുതലാണ്. എന്നാൽ മോഡി അതേക്കുറിച്ച് പരാമർശിക്കുന്നതേയില്ല. ബാങ്കുകളിലെ നിക്ഷേപങ്ങൾ മൊത്തമായി തട്ടിപ്പിലൂടെ നഷ്ടപ്പെടുന്നതാണ് ജനങ്ങൾക്ക് വിശ്വാസ്യത നഷ്ടപ്പെടാൻ കാരണം -സാമ്പത്തിക വിദഗ്ധന്റെ നിരീക്ഷണ പാടവത്തോടെ മൻമോഹൻ സിംഗ് വിവരിച്ചു. 86 ശതമാനം കറൻസിയും പിൻവലിച്ചുകൊണ്ടുള്ള തീരുമാനം ഇന്ത്യയിൽ അല്ലാതെ ലോകത്ത് വേറൊരിടത്തും നടപ്പാക്കിയിട്ടില്ല. ഈ നടപടിയിലൂടെ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഒരു ലക്ഷ്യം പോലും നേടാനായില്ല. തുടർന്നുള്ള വാചകമടിയല്ലാതെ പ്രായോഗിക തലത്തിൽ കേന്ദ്ര സർക്കാർ സമ്പൂർണ പരാജയമായിരുന്നു.
പണരഹിത സമ്പദ്‌വ്യവസ്ഥയെ പ്രോത്സാഹിപ്പിക്കാൻ നോട്ട് നിരോധനം ഒട്ടും ഫലപ്രദമല്ല. നോട്ട് നിരോധനവും ചരക്ക് സേവന നികുതിയും രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലുണ്ടായ ദുരന്തങ്ങളാണ്. ഇവ രണ്ടും ചെറുകിട സംരംഭങ്ങളുടെ നട്ടെല്ലൊടിച്ചു. നോട്ടു നിരോധനത്തിന്റെ ലക്ഷ്യം കള്ളപ്പണം ഇല്ലാതാക്കുകയാണെന്ന വാദം പരാജയപ്പെട്ടപ്പോൾ നോട്ടു നിരോധനം ഇന്ത്യയെ നോട്ട് രഹിത സാമ്പത്തിക സമൂഹമാക്കുമെന്ന് മോഡി പറഞ്ഞിരുന്നു. എന്നാൽ റിസർവ് ബാങ്കിന്റെ കണക്ക് പ്രകാരം ഡിജിറ്റൽ പണമിടപാട് ആദ്യം ഉയർന്നെങ്കിലും ഇപ്പോൾ അത് താഴ്ന്ന നിലയിലാണുള്ളത്. നോട്ട് നിരോധനത്തിന് ശേഷം മാസം തോറും ഡിജിറ്റൽ പണമിടപാടിന്റെ തോത് കുറഞ്ഞു വരികയായിരുന്നു. ഇതിലും വലിയ പ്രശ്‌നമാണ് പ്രധാന നഗരങ്ങളിൽ ഇടക്കിടെ അനുഭവപ്പെടുന്ന നോട്ട് ക്ഷാമം. സാധാരണക്കാരുടെ ഇടപാടുകൾ സുഗമമാക്കുന്നതിൽ മുഖ്യ പങ്ക് വഹിക്കുന്ന നൂറ് രൂപ നോട്ട് അടുത്തിടെ മുംബൈയിൽ കിട്ടാക്കനിയായി. വിപണിയിൽ മതിയായ അളവിൽ നൂറ് രൂപ നോട്ട് ഇല്ലാതായത് ബാങ്കുകളെയും കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. മതിയായ അളവിൽ അച്ചടിക്കാത്തതാണ് പ്രശ്‌നം വഷളാക്കിയത്. എടിഎമ്മുകളിൽ നിന്ന് നൂറ് രൂപ നോട്ട് കിട്ടാത്തതാണ് വിപണിയിൽ പ്രതിസന്ധി സൃഷ്ടിച്ചത്. നൂറ് രൂപ തങ്ങൾക്ക് ലഭിക്കുന്നില്ലെന്നാണ് ബാങ്കുകളുടെ വിശദീകരണം. എടിഎമ്മിൽ വരുത്തിയ മാറ്റം 100 രൂപയുടെ നോട്ട് കിട്ടാനില്ലാത്ത സാഹചര്യം സൃഷ്ടിച്ചുവെന്നും ബാങ്കുകാർ പറയുന്നു. പുതിയ നോട്ടുകളുടെ വലിപ്പത്തിന് അനുസരിച്ച് എടിഎമ്മിൽ വരുത്തിയ ഘടനാ മാറ്റങ്ങൾ നൂറ് രൂപയുടേതിൽ നിന്ന് വ്യത്യസ്തമാണ്. ഇതാണ് എടിഎം വഴി വിതരണത്തിന് തടസ്സമായത്. പ്രശ്‌നം പരിഹരിക്കാൻ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ അടിയന്തരമായി ഇടപെടണമെന്ന് ബാങ്കുകൾ ആവശ്യപ്പെടുകയും ചെയ്തു. പുതിയ നൂറ് രൂപ നോട്ടുകൾ വേഗത്തിൽ വിപണിയിൽ എത്തിച്ചില്ലെങ്കിൽ 500 രൂപ നോട്ടിനെ കൂടുതൽ ഇടപാടുകൾക്ക് ആശ്രയിക്കുന്ന സാഹചര്യമുണ്ടാകും. ഇത് വിപണിയിലുള്ള പണത്തിന്റെ തോത് താളം തെറ്റിക്കുമെന്നാണ് ബാങ്കുകൾ ആർബിഐയെ അറിയിച്ചത്. നോട്ട് നിരോധം മുതലാണ് രാജ്യത്ത് പണത്തിന്റെ ലഭ്യതയിൽ ഇടിവ് വന്നത്. അതു വരെയുണ്ടായിരുന്ന 1000, 500 നോട്ടുകളാണ് 2016 നവംബർ എട്ടിന് പിൻവലിച്ചത്. തൊട്ടു പിന്നാലെ വിപണിയിൽ നേരിട്ട പ്രതിസന്ധി തരണം ചെയ്യാൻ കൂടുതലായി നൂറ് രൂപ വിതരണം ചെയ്തിരുന്നു. നോട്ട് നിരോധനത്തിന് ശേഷം എത്തിയ 2000 രൂപ നോട്ട് സാധാരണക്കാരുടെ ഇടപാടുകൾക്ക് അത്ര ഗുണം ചെയ്തിട്ടില്ല. പുതുതായി 500 രൂപയുടെ നോട്ടുകൾ അച്ചടിക്കാനാണ് സർക്കാരിന്റെ തീരുമാനം. 3000 കോടി രൂപയുടെ പുതിയ അഞ്ഞൂറിന്റെ നോട്ടുകൾ പ്രതിദിനം അച്ചടിക്കുന്നുണ്ടെന്ന് സാമ്പത്തികാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് പറയുന്നു. 500, 200, 100 നോട്ടുകളാണ് ജനങ്ങൾക്ക് വിനിമയത്തിന് എളുപ്പം. ഇന്ത്യയിലെ 85 ശതമാനം എടിഎമ്മുകളും പ്രവർത്തനക്ഷമമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനർഥം പതിനഞ്ച് ശതമാനം ടെല്ലറുകൾ ഇടപാടുകാർക്ക് ഉപകാരപ്പെടുന്നില്ല എന്നാണല്ലോ.