Sorry, you need to enable JavaScript to visit this website.

കാളക്കൂട്ടത്തെ വാരാന്ത്യം തുരത്തിസെൻസെക്സിനും നിഫ്റ്റിക്കും നഷ്ടം

കാളയും കരടിയും ഇഞ്ചോട് ഇഞ്ച് പോരാട്ടമാണ് കഴിഞ്ഞവാരം ഇന്ത്യൻ ഓഹരി വിപണിയിൽ കാഴ്ച്ചവെച്ചത്. നാലാഴ്ച മാർക്കറ്റിനെ കൈപിടിയിൽ ഒതുക്കിയ കാളക്കൂട്ടത്തെ വാരാന്ത്യം രംഗത്ത് നിന്നും തുരത്തി ആധിപത്യം സ്ഥാപിച്ചതിനിടയിൽ സെൻസെക്സിനും നിഫ്റ്റിക്കും നഷ്ടം നേരിട്ടു. ബോംബെ സെൻസെക്സ് 131 പോയിന്റും നിഫ്റ്റി സൂചിക 42 പോയിന്റും കുറഞ്ഞു. 
മുൻവാരം വ്യക്തമാക്കിയതാണ് ഓപറേറ്റർമാർ ലാഭമെടുപ്പിനും പുതിയ ഷോട്ട് പൊസിഷനുകൾക്കുമുള്ള മത്സര വേദിയാക്കി 18,500 നെ മാറ്റുമെന്ന്. അത് ശരിവെക്കും വിധത്തിലായിരുന്നു സൂചികയിലെ ഓരോ ചലനവും. എന്നാൽ കണക്ക് കൂട്ടിയത് പോലെ 18,500 ലേയ്ക്ക് നിഫ്റ്റിയെ പോകാൻ അനുവധിക്കാതെ 18,442 ൽ തന്നെ എല്ലാ ശക്തിയുമായി കരടിക്കൂട്ടം നടത്തിയ ആക്രമണങ്ങൾക്ക് ഇടയിലും ആദ്യ നാല് ദിവസങ്ങളിൽ സൂചിക 18,300 മുകളിൽ പിടിച്ചു നിന്നു. 
എന്നാൽ പലിശ നിരക്കിൽ വർദ്ധന അനിവാര്യമെന്ന സൂചനയുമായി സെൻറ് ലൂയിസ് ഫെഡ് പ്രസിഡന്റ് ജെയിംസ് ബുള്ളാർഡിന്റെ വരവ് സ്ഥിതിഗതികൾ തകിടം മറിച്ചു. നാണയപ്പെരുപ്പം നിയന്ത്രിക്കാൻ പലിശ അഞ്ച് ശതമാനമായി അമേരിക്ക ഉയർത്തേണ്ടി വരുമെന്ന വെളിപ്പെടുത്തൽ വെള്ളിയാഴ്ച ഏഷ്യൻ ഓഹരി ഇൻഡക്സുകളെ മൊത്തത്തിൽ പിടിച്ച് ഉലച്ചു. 
ഇത് അവസരമാക്കി ഒരു വിഭാഗം വിൽപന സമ്മർദം ശക്തമാക്കിയതോടെ നിഫ്റ്റി 18,300 ലെ താങ്ങ് തകർത്ത് 18,209 ലേയ്ക്ക് ഇടിഞ്ഞു. എന്നാൽ വിട്ടു കൊടുക്കാൻ ഒട്ടും ഭാവമില്ലെന്ന നിലപാടിൽ താഴ്ന്ന റേഞ്ചിൽ പുതിയ ബയ്യിംഗിന് ബുൾ ഇടപാടുകാർ മത്സരിച്ച ഫലമായി മാർക്കറ്റ് ക്ലോസിംഗിൽ സൂചിക 18,307 ലേയ്ക്ക് ഉയർന്നു.  ഈവാരം 18,19618,086 പോയിന്റുകളിലെ സപ്പോർട്ട് നിലനിർത്തിയാൽ വാങ്ങലുകാരുടെ പിൻബലത്തിൽ നിഫ്റ്റി 18,429 ലേയ്ക്കും തുടർന്ന് 18,552 ലേയ്ക്കും ചുവടുവെക്കാം. നിക്ഷേപകർ ഉറ്റ്നോക്കുന്നത് 18,604 പോയിന്റിനെയാണ്. 
നിഫ്റ്റിയുടെ സാങ്കേതിക ചലനങ്ങൾ വിലയിരുത്തിയാൽ സൂപ്പർ ട്രെന്റ്, പാരാബോളിക്ക് എസ്.എ.ആർ എന്നിവ നിക്ഷേപകർക്ക് അനുകൂലമായാണ് നീങ്ങുന്നത്. എം.ഏ.സി.ഡി ബുള്ളിഷെയെങ്കിലും താൽക്കാലികമായി ഒന്ന് റിവേഴ്സ് ഗിയറിൽ അകപ്പെട്ട അവസ്ഥയിലേയ്ക്ക് തിരിയുന്നതിനാൽ വീണ്ടും തിരുത്തലുകൾ പ്രതീക്ഷിക്കാം. 
ബോംബെ സൂചികയ്ക്ക് 61,795 ൽ നിന്ന് 62,052 വരെ ഉയരാനായുള്ളൂ, മുൻവാരം സൂചിപ്പിച്ച 62,245 ലെ പ്രതിരോധ മേഖലയിലേയ്ക്ക് അടുക്കാൻ അവസരം നൽക്കാത്ത വിധത്തിലുള്ള വിൽപന സമ്മർദം അലയടിച്ചതോടെ സൂചികയെ 61,337 വരെ താഴ്ന്നങ്കിലും ക്ലോസിംഗിൽ 61,663 പോയിന്റിലാണ്. ഈ വാരം 62,031 ലെ ആദ്യ പ്രതിരോധം തകർത്താൽ 62,399 ൽ വീണ്ടും തടസ്സം നേരിടാം. ലാഭമെടുപ്പിനായി ഫണ്ടുകൾ വിൽപനയ്ക്ക് ശ്രദ്ധതിരിച്ചാൽ സെൻസെക്സ് 61,316 60,969 റേഞ്ചിലേയ്ക്ക് ചാഞ്ചാടാം.  
വിദേശ ഫണ്ടുകൾ പോയവാരം 1358 കോടി രൂപയുടെ വിൽപനയും 1707 കോടി രൂപയുടെ നിക്ഷേപവും നടത്തി. ആഭ്യന്തര ഫണ്ടുകൾ 549 കോടി രൂപയുടെ ഓഹരികൾ വിറ്റഴിച്ചെങ്കിലും പിന്നീട് 2823 കോടിയുടെ നിക്ഷേപത്തിന് തയാറായി. 
മുൻ നിര ബാങ്കിംഗ് ഓഹരികളിൽ ഫണ്ടുകളും പ്രദേശിക നിക്ഷേപകരും താൽപര്യം കാണിച്ചു. എസ.ബി.ഐ, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, ആക്സിസ് ബാങ്ക് തുടങ്ങിയവയുടെ നിരക്ക് കയറി. ഐ.ടി വിഭാഗത്തിൽ ഇൻഫോസീസ്, ടി.സി.എസ്, എച്ച്.സി.എൽ ടെക്, ടെക് മഹീന്ദ്ര, എയർടെൽ, എൽ ആൻറ് ടി തുടങ്ങിയ ഓഹരി വിലകളും ഉയർന്നു. 
ക്രൂഡ് ഓയിൽ വീണ്ടും താഴ്ന്നു. ന്യൂയോർക്കിൽ എണ്ണ വില വീപ്പയ്ക്ക് 80.30 ഡോളറിലാണ്. വിപണിയുടെ സാങ്കേതിക ചലനങ്ങൾ ഡെയ്ലി ചാർട്ടിൽ വിലയിരുത്തിയാൽ 75 ഡോളറിലെ താങ്ങിൽ പിടിച്ചു നിൽക്കാനായില്ലെങ്കിൽ ക്രിസ്തുമസിന് മുന്നോടിയായി ക്രൂഡ് വില 66 ഡോളറിലേയ്ക്ക് താഴാം.

Latest News