മലപ്പുറത്തുകാരെ നിങ്ങള് നല്‍കുന്ന സ്‌നേഹം വലുതാണ്, അതു കൊണ്ട് അമിതാഹാരം വേണ്ട; മെസ്സിയുടെ ഉപദേശം

പാണ്ടിക്കാട് ബാസില്‍ ഹോമിയോ ആശുപത്രിയില്‍ ലോകകപ്പ് താരങ്ങളെ ഉപയോഗിച്ചുള്ള ആരോഗ്യബോധവല്‍ക്കരണം.

മലപ്പുറം-ലോകകപ്പ് ആവേശം വാനോളം എത്തി നില്‍ക്കുമ്പോള്‍ നെയ്മറിനെയും മെസ്സിയെയും റൊണാള്‍ഡോയേയും ചികില്‍സക്ക് ഉപയോഗിക്കുകയാണ് പാണ്ടിക്കാട് ഡോക്ടര്‍ ബാസില്‍ ഹോമിയോ ആശുപത്രി. മലപ്പുറത്തുകാരുടെ പ്രിയതാരങ്ങള്‍ക്ക് പന്ത് കളിക്കാന്‍ മാത്രമല്ല ചികിത്സിക്കാനും അറിയാമെന്ന് തിരിച്ചറിവാണ് വ്യത്യസ്തമായ ഒരു  ബോധവല്‍ക്കരണത്തിന് ഒരു സംഘം ഡോക്ടര്‍മാരെ പ്രേരിപ്പിച്ചത്.
ജീവിതശൈലിയും ലഹരി ഉപയോഗവും മാനസിക സമ്മര്‍ദ്ദവും ആണ് ഇന്ന് രോഗങ്ങള്‍ക്ക് പ്രധാന കാരണം. ഈ തിരിച്ചറിവില്‍ നിന്നാണ് ജീവിതശൈലി നിയന്ത്രണവും ലഹരി മുക്തിയും മാനസിക ഉല്ലാസവും മുന്‍നിര്‍ത്തി ആശുപത്രി ബോധവല്‍ക്കരണം നടത്തുന്നത്. ഇതിനായി തിരഞ്ഞെടുത്തിട്ടുള്ളത് മലപ്പുറത്തുകാരുടെ ഇഷ്ടതാരങ്ങളായ മെസ്സിയെയും നെയ്മറിനെയും റൊണാള്‍ഡോയെയും തന്നെയാണ്. കേവലം കൊടി തോരണങ്ങള്‍ക്കും ഫ്‌ളെക്‌സിനും പകരം ജീവന്‍ തുടിക്കുന്ന കട്ടൗട്ടറുകള്‍ ഇവിടെ ആരോഗ്യ ബോധവല്‍ക്കരണ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നത് ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റുന്നുണ്ട്. കോളകളോട് നോ പറഞ്ഞു പച്ചവെള്ളം കുടിക്കാന്‍ പറയുന്ന റൊണാള്‍ഡോയും ലഹരിയോട് നോ പറയാന്‍ നിര്‍ദ്ദേശിക്കുന്ന നെയ്മറും ഇക്കൂട്ടത്തില്‍ ഉണ്ട്.എന്നല്‍,  'മലപ്പുറത്തുകാരെ നിങ്ങള് എനിക്ക് നല്‍കുന്ന സ്‌നേഹം വലുതാണ്,   ആ സ്‌നേഹം കൊണ്ട് ഞാന്‍ പറയുകയാണ്, അമിതാഹാരം വേണ്ട' എന്ന നിര്‍ദ്ദേശവുമായി നില്‍ക്കുന്ന മെസ്സിയാണ്  കൂടുതല്‍ ആളുകളെ ആകര്‍ഷിക്കുന്നത്.
മലപ്പുറത്തുകാര്‍ക്ക് ഏറെ സ്വാധീനമുള്ള നെയ്മറിനെയും മെസ്സിയെയും ഉപയോഗിച്ചാല്‍ വളരെ ഫലപ്രദമായി ആരോഗ്യ ബോധവല്‍ക്കരണം നടത്താമെന്നും ഇതിനാലാണ് ഇത്തരത്തില്‍ ഒരു വ്യത്യസ്തമായ രീതി പരീക്ഷിച്ചത് എന്നും ആശുപത്രി എംഡി ഡോക്ടര്‍ ബാസില്‍ യൂസുഫ് അഭിപ്രായപ്പെട്ടു. ഇന്ന് ആളുകള്‍ രോഗത്തിന് അടിമയാകുന്നത് ആഹാരത്തിന്റെ കുറവുകൊണ്ടല്ല, മറിച്ച് മാനസിക സമ്മര്‍ദ്ദവും ജീവിതശൈലിയും ലഹരിയും എല്ലാം കരണമാണ്. ഈ സാഹചര്യത്തില്‍ ഫുട്‌ബോള്‍ എന്ന ലഹരിയെ പോസിറ്റീവായി ഉപയോഗപ്പെടുത്തുവാനാണ് ആശുപത്രിയുടെ ശ്രമം. ഇതിന്റെ ഭാഗമായി ആശുപത്രി പ്രവര്‍ത്തന സമയം വരെ മാറ്റം വരുത്തിയിട്ടുണ്ട്. കളികഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞു വന്നാല്‍ പോലും ടോക്കണ്‍ നല്‍കുന്ന രീതിയിലാണ് പുതിയ സമയക്രമീകരണം. കൂടാതെ രോഗികള്‍ക്കും കൂട്ടിയിരിപ്പുകാര്‍ക്കും മത്സരം ആസ്വദിക്കുവാനുള്ള സംവിധാനവും ആശുപത്രിയില്‍ ഒരുക്കിയിട്ടുണ്ട്.
മാനസിക രോഗങ്ങളുടെ പ്രധാന കാരണം അനാവശ്യമായിട്ടുള്ള ഈഗോയാണ്. നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന സ്‌പോര്‍ട്‌സ്മാന്‍ സ്പിരിറ്റ് തിരിച്ചെടുക്കുകയാണെങ്കില്‍ വ്യക്തി ബന്ധങ്ങളിലും സാമൂഹിക ജീവിതത്തിലും നമുക്ക് ഒരുപാട് മുന്നോട്ടു പോവാന്‍ ആകും. 90 മിനിട്ട് ഗ്രൗണ്ടില്‍ യുദ്ധം ചെയ്തു, കളി കഴിയുമ്പോള്‍ കെട്ടിപ്പിടിച്ച് പിരിയുന്ന ആ ഒരു ചിന്താഗതി ജീവിതത്തിലും ഉണ്ടാവുകയാണെങ്കില്‍ അനാവശ്യമായ വഴക്കുകളോ മാനസിക സംഘര്‍ഷങ്ങളോ ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ല.ഡോക്ടര്‍ ലാസിമ സാദിക് അഭിപ്രായപ്പെട്ടു.
വ്യത്യസ്തമായ ഈ  ആരോഗ്യബോധ വല്‍ക്കരണം  ആളുകളെ ഏറെ സ്വാധീനിക്കുന്നുണ്ട് എന്നുതന്നെയാണ് രോഗികളുടെ പ്രതികരണങ്ങളും തെളിയിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍ താരങ്ങളെ ഉള്‍പ്പെടുത്തി പുതിയ സന്ദേശങ്ങള്‍ കൂടി ആളുകളിലേക്ക് എത്തിക്കുന്നതിനാണ് ആശുപത്രി അധികൃതരുടെ ശ്രമം

 

Latest News