Sorry, you need to enable JavaScript to visit this website.

ഇലന്തൂരിലെ നരബലി; മൃതദേഹം പത്മയുടേതും റോസ്‌ലിയുടേതും തന്നെ, ബന്ധുക്കൾക്ക് കൈമാറും

കൊച്ചി / തിരുവനന്തപുരം - പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിൽ നടന്ന ഇരട്ട നരബലിക്ക് ഇരയായത് തമിഴ്‌നാട് സ്വദേശിനി പത്മയും കാലടിയിൽ താമസിച്ച റോസ്‌ലിയുമാണെന്ന് സ്ഥിരീകരണം. തിരുവനന്തപുരം ഫൊറൻസിക് ലാബിൽ നടത്തിയ ഡി.എൻ.എ പരിശോധനയിലാണ് മൃതദേഹങ്ങൾ ഇരുവരുടേതുമാണെന്ന് ഉറപ്പിച്ചത്. ഡി.എൻ.എ ഫലം അന്വേഷണ സംഘത്തിന് ഇന്ന് കൈമാറിയേക്കും. തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ നടപടി സ്വീകരിക്കുമെന്നാണ് പറയുന്നത്.
 ഇലന്തൂരിൽ വീടിന് സമീപത്ത് പലയിടത്തായി കുഴിച്ചിട്ട നിലയിലായിരുന്നു മൃതദേഹഭാഗങ്ങൾ. പത്മയുടേത് 56 കഷ്ണങ്ങളാക്കി പലഭാഗത്തായി മറവു ചെയ്ത നിലയിലായിരുന്നു. റോസ്‌ലിയുടെ മൃതദേഹം ഭാഗങ്ങളാക്കിയിരുന്നില്ല. കൊച്ചി കടവന്ത്ര സ്വദേശിയായ പത്മം എന്ന ലോട്ടറി വിൽപ്പനക്കാരിയെ കാണാനില്ലെന്ന കുടുംബത്തിന്റെ പരാതിയിൽ നടന്ന അന്വേഷണത്തിലാണ് കേരളത്തെ നടുക്കിയ നരബലി പുറത്തായത്. തുടർന്ന് അന്വേഷണം കാലടിയിലെ റോസ്‌ലിയിലേക്കും എത്തുകയായിരുന്നു. 
 ഇലന്തൂരിൽ തിരുമ്മൽ ചികിൽസാ കേന്ദ്രം നടത്തുന്ന ഭഗവൽ സിംഗും ഭാര്യ ലൈലയും ചേർന്നാണ് സാമ്പത്തിക അഭിവൃദ്ധിക്കുള്ള നരബലി എന്ന രീതിയിൽ രണ്ട് സ്ത്രീകളെ കഴുത്തറുത്ത് കൊന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളായാണ് വീട്ടുപറമ്പിൽ കുഴിച്ചിട്ടത്. ഭഗവൽ സിംഗിനും ലൈലയ്ക്കും ദുർമന്ത്രവാദത്തിന്റെ ഭാഗമായി കൊലചെയ്യാൻ സ്ത്രീകളെ കൊച്ചിയിൽ നിന്ന് തിരുവല്ലയിൽ എത്തിച്ച ഏജന്റ് പെരുമ്പാവൂർ സ്വദേശിയായ ഷിഹാബ് എന്ന റഷീദ് ആണ്. സാങ്കേതിക വിദ്യകളെല്ലാം കലക്കിക്കുടിച്ച ന്യൂജെൻ ക്രിമിനലാണ് ഇയാളെന്നാണ് പോലീസ് വിശേഷിപ്പിച്ചത്. ഇയാളെ കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ഇരട്ടക്കൊലയുടെ ചുരുളഴിഞ്ഞത്.
 

Latest News