Sorry, you need to enable JavaScript to visit this website.

തൊഴിൽ, സാമ്പത്തിക മേഖലകളിലെ സൗദി വനിതാ മുന്നേറ്റം

വിഷൻ 2030 പദ്ധതിയുടെ ഭാഗമായ സൗദിവൽക്കരണ പദ്ധതികളും ശക്തമായ സാമ്പത്തിക വളർച്ചയുമാണ് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയാക്കിയത്. ഇതിൽ ശ്രദ്ധേയമായത് വനിതകളുടെ മുന്നേറ്റമാണ്. ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ ഉണ്ടായ തൊഴിലവസരങ്ങളിൽ 63 ശതമാനവും കൈപ്പിടിയിലൊതുക്കിയത് വനിതകളാണ്. ഇക്കാലയളവിൽ 1,32,600 ഓളം സ്വദേശി വനിതകൾ സ്വകാര്യ മേഖലയിൽ തൊഴിൽ സമ്പാദിച്ചു.

 

സൗദിയിൽ വനിതകളുടെ തൊഴിൽ, സാമ്പത്തിക പങ്കാളിത്തം അനുദിനം വർധിക്കുകയാണ്. ദേശീയ പരിവർത്തന പദ്ധതിയുടെയും വിഷൻ 2030 പദ്ധതിയുടെയും ഭാഗമായി ആവിഷ്‌കരിക്കപ്പെട്ട പരിഷ്‌കാരങ്ങളിലൂടെയാണ് വനിതാ രംഗത്തെ മുന്നേറ്റം. തൊഴിൽ, സാമ്പത്തിക രംഗങ്ങളിൽ മാത്രമല്ല, സാമൂഹിക, സാംസ്‌കാരിക, കായിക രംഗങ്ങളിലും സൗദി വനിതകളുടെ കുതിപ്പ് കാണാനാവും. എല്ലാ രംഗങ്ങളിലും വനിതാ പ്രാതിനിധ്യം ഉറപ്പാക്കാൻ ഭരണകർത്താക്കൾ എടുത്ത തീരുമാനങ്ങൾ അതിന്റെ ഫലപ്രാപ്തിയിലെത്താൻ തുടങ്ങിയിരിക്കുകയാണ്. വനിതകൾക്ക് വാഹനം ഓടിക്കുന്നതിനും സ്റ്റേഡിയങ്ങളിൽ പ്രവേശനം അനുവദിച്ചും 2018ൽ എടുത്ത തീരുമാനം വിപ്ലവാത്മകമായ മാറ്റങ്ങളാണ് രാജ്യത്ത് കൊണ്ടുവന്നത്.

നടപ്പുവർഷം ആദ്യ ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ 2,10,400 സ്വദേശികൾക്കാണ് പുതുതായി തൊഴിൽ ലഭിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 80,000 പേർക്കു മാത്രമായിരുന്നു സ്വകാര്യ മേഖലയിൽ തൊഴിൽ ലഭിച്ചത്.  അതു 180 ശതമാനം തോതിലാണ് ഒറ്റ വർഷംകൊണ്ട്  വർധിച്ചത്. സ്വദേശിവൽക്കരണം ആരംഭിച്ച ശേഷമുള്ള സർവകാല റെക്കോർഡാണിത്. വിഷൻ 2030 പദ്ധതിയുടെ ഭാഗമായ സൗദിവൽക്കരണ പദ്ധതികളും ശക്തമായ സാമ്പത്തിക വളർച്ചയുമാണ് സ്വകാര്യ മേഖലയിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടാൻ ഇടയാക്കിയത്. ഇതിൽ ശ്രദ്ധേയമായത് വനിതകളുടെ മുന്നേറ്റമാണ്.
ഒമ്പതു മാസത്തിനിടെ സ്വകാര്യ മേഖലയിൽ ഉണ്ടായ തൊഴിലവസരങ്ങളിൽ 63 ശതമാനവും കൈപ്പിടിയിലൊതുക്കിയത് വനിതകളാണ്. ഇക്കാലയളവിൽ 1,32,600 ഓളം സ്വദേശി വനിതകൾ സ്വകാര്യ മേഖലയിൽ തൊഴിൽ സമ്പാദിച്ചു. അതേ സമയം പുരുഷൻമാർക്ക് ലഭിച്ചത് 77,800 തൊഴിലുകൾ മാത്രം, 37 ശതമാനം. വനിതകളുടെ തൊഴിൽ രംഗത്തേക്കുള്ള ഈ കടന്നുവരവ് സൗദിവൽക്കരണ തോത് 23.5 ശതമാനമായി ഉയർത്താൻ സഹായിച്ചുവെന്നാണ് ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസിന്റെ കണക്കുകൾ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മയുടെ തോതും ഗണ്യമായി കുറയാൻ ഇതു സഹായിച്ചിട്ടുണ്ട്. സ്വദേശികളിലെ തൊഴിലില്ലായ്മ നിരക്ക് 9.7 ശതമാനമായാണ് കുറഞ്ഞത്. ഇത് കഴിഞ്ഞ 20 വർഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ്. സ്വകാര്യ മേഖലയിൽ മാത്രം ഇപ്പോൾ 22 ലക്ഷം സ്വദേശികൾ ജോലി ചെയ്യുന്നുണ്ട്. സ്വകാര്യ മേഖലാ സ്ഥാപനങ്ങളിൽ 98 ശതമാനവും വേതന സംരക്ഷണ നിയമവും സൗദിവൽക്കരണവും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ മറ്റു നടപടികളും ശരിയാംവണ്ണം പാലിക്കുന്നതിനാൽ ഇവർക്കെല്ലാം മാന്യമായ ശമ്പളവും തൊഴിൽ സുരക്ഷയും ലഭിക്കുന്നുണ്ട്. 
ഈ വർഷം അവസാനത്തിനു മുൻപായി 12 മേഖലകളിൽ കൂടി സ്വദേശിവൽക്കണം നടപ്പാക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതോടെ സ്വദേശികളുടെ തൊഴിലില്ലായ്മയുടെ തോത് വീണ്ടും കുറയും. 2030ൽ തൊഴിലില്ലായ്മ നിരക്ക് 7 ശതമാനമായി കുറക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്. പുതിയ തൊഴിൽ രംഗത്തും വനിതകൾ തന്നെയാവും മുന്നിലുണ്ടാവുകയെന്നതിനാൽ വനിതകളുടെ തൊഴിൽ രംഗത്തെ സാന്നിധ്യം വീണ്ടും വർധിക്കാൻ അതു സഹായിക്കും. പരാശ്രയമില്ലാതെ സ്ത്രീകൾക്ക് എവിടെയും പോകാമെന്ന സ്വാതന്ത്ര്യമാണ് തൊഴിൽ രംഗത്തേക്ക് സ്ത്രീകൾ കൂടുതൽ കടന്നു വരാനുള്ള സാഹചര്യം ഒരുക്കിയിട്ടുള്ളത്.

തൊഴിൽ രംഗത്തു മാത്രമല്ല, സൗദിയിലെ അവരുടെ സാമ്പത്തിക പങ്കാളിത്തവും വർധിക്കുകയാണ്. ആറു വർഷത്തിനിടെ വനിതാ സാമ്പത്തിക പങ്കാളിത്തം ഇരട്ടിയിലേറെയായാണ് ഉയർന്നത്. വിഷൻ 2030 പദ്ധതി പ്രഖ്യാപിക്കുന്നതിനു മുമ്പ് വനിതകളുടെ സാമ്പത്തിക പങ്കാളിത്തം 17.7 ശതമാനമായിരുന്നുവെങ്കിൽ  ഇപ്പോഴിത് 35.6 ശതമാനമായി ഉയർന്നു. ഇത് സർവകാല റെക്കോർഡാണ്. വീട്ടിലിരുന്ന് ജോലി ചെയ്യാവുന്ന സാധ്യതകളിൽ 85 ശതമാനവും പ്രയോജനപ്പെടുത്തിയത് വനിതകളാണ്. രാജ്യത്തെ സാമ്പത്തിക വളർച്ചയും സ്വദേശികൾക്ക് കൂടുതൽ തൊഴിൽ സാധ്യതകൾ സൃഷ്ടിക്കപ്പെടാൻ സഹായിച്ചു. മൂന്നാം പാദത്തിൽ 8.6 ശതമാനവുമായി സാമ്പത്തിക വളർച്ചയിൽ നേരിയ കുറവ് രേഖപ്പെടുത്തിയെങ്കിലും ഒന്നാം പാദത്തിൽ 9.9 ശതമാനവും രണ്ടാം പാദത്തിൽ 12.2 ശതമാനവും സാമ്പത്തിക വളർച്ചയാണ് രാജ്യം കൈവരിച്ചത്. സ്വകാര്യ മേഖലയിൽ ആദ്യ പാദത്തിൽ 3.6 ശതമാനം സാമ്പത്തിക വളർച്ചയായിരുന്നുവെങ്കിൽ പിന്നീടത് അത് 8.3 ശതമാനമായി വർധിച്ചു.

തൊഴിലില്ലായ്മ തോത് കുറയുമ്പോഴും സ്വദേശിവൽക്കരണ തോത് ഉയരുമ്പോഴും നെഞ്ചിടിപ്പ് കൂടുന്നത് വിദേശികളുടേതാണ്. തൊഴിൽ രംഗത്ത് സ്വദേശികളായ യുവതീ, യുവാക്കൾ ഏതു പണിയെടുക്കാനും തയാറായി രംഗത്തു വന്നതോടെ വിദേശികളുടെ പുതിയ തൊഴിൽ സാധ്യതകൾ മങ്ങുകയാണ്. തൊഴിലുള്ളവർക്കാകട്ടെ ഏതു നിമിഷവും അതു നഷ്ടപ്പെട്ടേക്കാമെന്ന ഭീതിയും. ഇപ്പോൾ വിദേശികൾക്ക് തൊഴിൽ സാധ്യതകൾ തുറക്കപ്പെടുന്നത് ഒന്നുകിൽ ഏറ്റവും താഴേക്കിടയിലുള്ള കഠിനാധ്വാനത്തിന്റേത്, അതല്ലെങ്കിൽ ഐടി മേഖലയിലെ പുതുപുത്തൻ സാധ്യതകൾ. അതിനിടയിൽ വരുന്ന മേഖലകളിലെ തൊഴിൽ സാധ്യതകൾ  കുറഞ്ഞുവരികയാണ്. അതിനാൽ വിദേശികളുടെ പുതിയ തലമുറ ഗൾഫ് രാജ്യങ്ങളേക്കാളും പുതിയ മേച്ചിൽപുറങ്ങൾ തേടാനാണ് താൽപര്യപ്പെടുന്നത്. പഠനത്തോടൊപ്പം തൊഴിലെന്ന  ചിന്താഗതി ശക്തമായതോടെ പ്ലസ് ടു കഴിഞ്ഞവർ മുതൽ ഉന്നത പഠനം ആഗ്രഹിക്കുന്നവർ വരെ യൂറോപ്യൻ രാജ്യങ്ങളിലേക്കും അമേരിക്ക, കാനഡ തുടങ്ങിയ മറ്റു രാജ്യങ്ങളിലേക്കും പറക്കുകയാണ്. ഇവരുടെ തള്ളിക്കയറ്റം അവിടങ്ങളിലും പ്രതിസന്ധിയുണ്ടാക്കാൻ തുടങ്ങിയിട്ടുണ്ടെന്നതിനാൽ ഉദ്യോഗാർഥികൾ വലിയ പ്രതിസന്ധിയെയാണ് അഭിമുഖീകരിക്കുന്നത്. തൊഴിലിനോടുള്ള ആഭിമുഖ്യത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ടെന്നതിനാൽ എവിടെ പോയും എന്തു ജോലിയും ചെയ്യാൻ സന്നദ്ധമാണെന്നതു മാത്രമാണ് ഇപ്പോൾ ആശ്വാസമായുള്ളത്. പുതുപുത്തൻ സാങ്കേതിക വിദ്യകളിൽ പ്രാപ്തിയും തൊഴിൽ പ്രാവീണ്യവും കൈവരിക്കാൻ കഴിഞ്ഞാൽ അത്തരക്കാർക്ക് എവിടെയും എക്കാലവും ഡിമാന്റ് ഉണ്ടാകുമെന്നതിൽ തർക്കമില്ല. അതിനാൽ പ്രവാസികൾ അവരുടെ പുതു തലമുറയെ വാർത്തെടുക്കേണ്ടത് ആ രീതിയിലായിരിക്കണം.

Latest News