Sorry, you need to enable JavaScript to visit this website.

കുറച്ചുനേരം ആകാശം നോക്കിയിരുന്നുകൂടെ; നക്ഷത്രങ്ങൾക്കും ചിലത് പറയാനുണ്ട്

പറയൂ,   ഇമ്പത്തോടെ ആകാശത്തിലെ  നക്ഷത്രങ്ങളെ, ചന്ദ്രനെ  നിങ്ങൾ ഒടുവിൽ   നോക്കിയതെന്നാണ്?
രാത്രി കാലത്ത്   വിജനമായ  മരുഭൂമിയിലോ പാടത്തോ കുന്നിൻ മുകളിലോ ബോധപൂർവം ചെന്ന്  നിന്ന്ആകാശ കാഴ്ചകൾ   വെറുതെ നോക്കിയിരിക്കാൻ തിരക്കുകൾക്കിടയിൽ  എപ്പോഴെങ്കിലും അവസരം കണ്ടെത്തിയിരുന്നോ?
കുടുംബത്തോടൊത്ത് മുഴുവൻ വിളക്കുമണച്ച് വീട്ട് മുറ്റത്ത്  നിന്ന് വൃക്ഷലതാദികൾക്കിടയിലൂടെ താരനിബിഡമായ വാനത്തെ നോക്കി പ്രകൃതി വിസ്മയങ്ങളിലേക്ക് കണ്ണോടിക്കാൻ നാം ചിലവഴിക്കുന്ന നേരം എത്ര മാത്രം ഹൃദ്യമാണെറിയാമോ!
ജീവിതത്തിന്റെ ഹൃദ്യതയ്ക്കും ഉല്ലാസത്തിനും മാത്രമല്ല,  ഗൗരവമായ ആത്മവിചിന്തനത്തിനും  രാത്രികാല ആകാശ കാഴ്ചകൾ  നിത്യേന സമ്മാനിക്കുന്ന അതീവ വിസ്മയകരമായ വിഭവങ്ങളെ  നഷ്ടപ്പെടുത്തിക്കളയരുത്. വൈദ്യുതിയും സ്മാർട്ട് ഫോണും നമ്മുടെ രാത്രി ജീവിതത്തിന്റെ മനോഹാരിതയ്ക്ക് ചെറുതല്ലാത്ത പരിക്കേൽപിച്ചെന്ന് പറഞ്ഞാൽ അത് വസ്തുതാ വിരുദ്ധമാവാനിടയില്ല.
പ്രത്യേകിച്ചും പ്രകാശമലിനീകരണം കൊണ്ട് അസ്വസ്ഥരായി പോവുന്ന പട്ടണവാസികൾക്ക് നിശാകാശവും അവിടുത്തെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും ഏറെ അന്യമാണിപ്പോൾ.
പൂർവ്വ കാലങ്ങളിൽ വിജന നിശീഥിനികളിലെ ആകാശം ധ്യാന നിരതമാക്കിയ എത്രയെത്ര മനസ്സുകളുണ്ടായിരുന്നു ! ആകാശക്കാഴ്ചകൾ പ്രചോദിപ്പിച്ച കഥകളും കവിതകളും ഐതീഹ്യങ്ങളും എണ്ണിയാലൊടുങ്ങില്ലല്ലോ? ഭാവ ഗായകരും ഭാവനാശാലികളും പാതിരാംബര കാഴ്ചകളെ ആവോളം നുകരുകയും അവരുടെ  സർഗ്ഗാത്മകതയുടെയും ഗവേഷണ ത്വരയുടേയും  തോതനുസരിച്ച് സാധാരണക്കാർക്ക് മുന്നിൽ വേണ്ടുവോളം അവയുടെ സൗന്ദര്യത്തിന്റെയും സങ്കീർണതയുടെയും ചുരുളഴിച്ച് ഉൾവെളിച്ചം പകർന്ന് തന്നിട്ടുമുണ്ട്.
കൊച്ചു കുഞ്ഞുങ്ങളെ വളർത്തുന്ന മാതാപിതാക്കൾ കുട്ടികൾക്ക് പ്രകൃതി വിസ്മയങ്ങൾ കാട്ടി കൊടുക്കാനും അവരിൽ അടങ്ങാത്ത  കൗതുകം വളർത്താനും  ഡിജിറ്റൽ കാലത്തെ ഒട്ടൊരു പാട് തിരക്കുകളിൽ മറന്ന് പോവാറുണ്ടെന്നത് ഒരു യാഥാർത്ഥ്യമാണ്. കുഞ്ഞുങ്ങൾക്ക് അമ്പിളി മാമനെ കാട്ടി പാടി കൊടുക്കാനും താര മനോഹര ലിപികളാൽ  കവിതകളെഴുതുന്ന വാനലോകത്തെ ആസ്വദിപ്പിക്കാനും  സമയം കണ്ടെത്തണം.
ഇരുട്ടിൽ കേൾക്കുന്ന വിവിധ ശബ്ദങ്ങൾക്ക് കാതോർക്കാനും അവരെ പരിശീലിപ്പിക്കണം. ചീവീടുകൾ, കിളികൾ, ദലമർമ്മരങ്ങൾ എല്ലാം  കേട്ട് വളരാൻ പൈതങ്ങൾക്ക്  അവസരമൊരുക്കണം.
ജീവിതാന്ത്യം വരെ നീണ്ട് നിൽക്കുന്ന പ്രകൃതിയുമായുള്ള അവരുടെ കാരുണ്യ പൂർവ്വമുള്ള പാരസ്പര്യത്തെ അത് ഗണ്യമായി സ്വാധീനിക്കും.
ജീവിതം ഏറെ ഭാരിച്ചതാവുമ്പോൾ വെറുതെ ഇത്തിരി നേരം രാത്രികാല ആകാശത്തെ നോക്കിയിരുന്ന് സ്വയം നഷ്ടപ്പെട്ട് നോക്കാൻ ജ്ഞാനികൾ പറഞ്ഞത് വെറുതെയല്ല.
ആധുനിക സമൂഹത്തെ ആപാദചൂഢം ഗ്രസിച്ചിരിക്കുന്ന മൂല്യച്യുതിക്കും അനാവശ്യ വെപ്രാളങ്ങൾക്കും വിഷാദ രോഗങ്ങൾക്കും പലകാരണങ്ങളിലൊന്ന്  രാത്രിയിലെ മനോഹരവും ചിന്തോദ്ദീപകവുമായ  ആകാശക്കാഴ്ചകളിൽ കുറച്ച് നേരമെങ്കിലും ബോധപൂർവ്വം രമിക്കാത്തത് കൂടിയാണെന്ന് പറഞ്ഞാൽ അത് അതിശയോക്തിയാവാനിടയില്ല.

Latest News