സവർക്കർക്കെതിരായ പരാമർശം; രാഹുൽ ഗാന്ധിക്കെതിരെ കേസ്, പ്രസ്താവനയിൽ ഉറച്ച് കോൺഗ്രസ്

മുംബൈ - സംഘപരിവാറിന്റെ വീരനായകനായ വി.ഡി സവർക്കർക്കെതിരായ പരാമർശത്തിന്റെ പേരിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ പോലീസ് കേസെടുത്തു. 
 ഭാരത് ജോഡോ യാത്രയ്ക്കിടെയുണ്ടായ രാഹുലിന്റെ പരാമർശം അപകീർത്തികരമാണെന്നും പ്രാദേശിക പൗരന്മാരുടെ വികാരം വ്രണപ്പെടുത്തിയെന്നാരോപിച്ചും ശിവസേന ഷിൻഡെ വിഭാഗം നേതാവ് വന്ദന്ദ ഡോംഗ്രെ നല്കിയ പരാതിയിലാണ് താനെ നഗർ പോലീസ് കേസെടുത്തത്. ഐ.പി.സി 500, 501 വകുപ്പുകൾ പ്രകാരമാണ് കേസെന്ന് പോലീസ് പറഞ്ഞു. രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സവർക്കറുടെ കൊച്ചുമകൻ രജ്ഞിത്ത് സവർക്കറും ശിവസേന എം.പി രാഹുൽ ഷെവാലെയും പോലീസിൽ പരാതി നൽകിയിട്ടുണ്ട്.  
 ഭാരത് ജോഡോ യാത്രയ്ക്കിടെ താൻ ബ്രിട്ടീഷുകാരന്റെ സേവകനാകാൻ യാചിക്കുന്നുവെന്ന വി.ഡി സവർക്കറുടെ കത്ത് രാഹുൽ വാർത്താസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്നു. മഹാത്മഗാന്ധി, ജവഹർലാൽ നെഹ്‌റു, സർദാർ പട്ടേൽ തുടങ്ങിയ നേതാക്കളെ സവർക്കർ വഞ്ചിച്ചുവെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കിയിരുന്നു. ഇതാണ് തീവ്രഹിന്ദുത്വ ശക്തികളുടെ പ്രകോപനം. 
 അതേസമയം, പ്രസ്താവനയിൽ ഉറച്ച് നിൽക്കുകയാണ് കോൺഗ്രസ്. രാഷ്ട്രപിതാവ് മഹാത്മജിയും സർദാർ വല്ലഭായ് പട്ടേലും ജവഹർലാൽ നെഹ്‌റുവും വർഷങ്ങളോളം ജയിലിൽ കിടന്നിട്ടുണ്ട്. എന്നിട്ട് അവരാരും ബ്രിട്ടീഷുകാരോട് മാപ്പു പറഞ്ഞില്ല. 'സർ, അങ്ങയുടെ അനുസരണയുള്ള സേവകനായി തുടരാൻ ഞാൻ അപേക്ഷിക്കുന്നു' എന്നെഴുതി സവർക്കർ ഒപ്പിട്ട് ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ നല്കി എന്ന് രാഹുൽഗാന്ധി പറഞ്ഞതിൽ എന്താണ് തെറ്റ്? അത് ചരിത്രവസ്തുതയാണ്. അത് നിഷേധിക്കാനാവില്ലെന്നും കോൺഗ്രസ് വ്യക്തമാക്കി. 
 എന്നാൽ, രാഹുൽ ഗാന്ധിയുടെ പരാമർശത്തെ തള്ളി കോൺഗ്രസിന്റെ സഖ്യകക്ഷിനേതാവ് ഉദ്ധവ് താക്കറേ രംഗത്തെത്തി. താൻ നയിക്കുന്ന ശിവസേനയ്ക്ക് സവർക്കറോട് അതിയായ ബഹുമാനമുണ്ടെന്നാണ് ഉദ്ധവ് താക്കറേ പറഞ്ഞത്. 'രാഹുൽ ഗാന്ധി പറഞ്ഞതിനോട് ഞങ്ങൾ യോജിക്കുന്നില്ല. ഞങ്ങൾ വീർ സവർക്കറെ ബഹുമാനിക്കുന്നു. അതേസമയം, നിങ്ങൾ ഞങ്ങളുടെ സഖ്യത്തെ ചോദ്യം ചെയ്യുകയാണെങ്കിൽ എനിക്ക് ചോദിക്കാനുള്ളത് ബി.ജെ.പി എന്തുകൊണ്ടാണ് പി.ഡി.പിയുമായി സഖ്യം ചേർന്നിരിക്കുന്നത് എന്നാണ്. ഞങ്ങൾ കോൺഗ്രസുമായി സഖ്യത്തിലായത് ബ്രിട്ടീഷുകാരിൽ നിന്ന് നേടിയെടുത്ത സ്വാതന്ത്ര്യം നിലനിർത്താനാണെന്നും' ഉദ്ധവ് താക്കറേ പ്രതികരിച്ചു. 2019-ലാണ് ബി.ജെ.പിയുമായുള്ള സഖ്യം ഉപേക്ഷിച്ച് ഉദ്ധവ് താക്കറേയുടെ ശിവസേന നേതൃത്വം കോൺഗ്രസും എൻ.സി.പിയുമായി ചേർന്ന് മഹാ വികാസ് അഖാഡി സഖ്യമുണ്ടാക്കിയത്.
 

Latest News