സൗദിയില്‍ സിംഹങ്ങളുമായി ഒരാള്‍ കൂടി അറസ്റ്റില്‍; ഇസ്തിറാഹയില്‍ വളര്‍ത്തിയത് നാല് സിംഹങ്ങളെ

ബുറൈദ - അല്‍ഖസീം അല്‍ശുഖ ഡിസ്ട്രിക്ടിലെ ഇസ്തിറാഹയില്‍ സിംഹങ്ങളെ വളര്‍ത്തിയ സൗദി പൗരനെ സുരക്ഷാ വകുപ്പുകളുമായി ചേര്‍ന്ന് അറസ്റ്റ് ചെയ്തതായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് അറിയിച്ചു. നാലു സിംഹങ്ങളെയാണ് ഇസ്തിറാഹയില്‍ സൗദി പൗരന്‍ വളര്‍ത്തിയിരുന്നത്. ഇവയെ സുരക്ഷാ വകുപ്പുകളുമായി സഹകരിച്ച് നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫിനു കീഴിലെ കേന്ദ്രത്തിലേക്ക് മാറ്റി.
അല്‍ശുഖ ഡിസ്ട്രിക്ടിലെ ഇസ്തിറാഹയില്‍ സിംഹങ്ങളെ വളര്‍ത്തുന്നതായി സൗദി പൗരന്മാരില്‍ ഒരാള്‍ അല്‍ഖസീം പോലീസില്‍ അറിയിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത ഇസ്തിറാഹ ഉടമയെ നിയമ നടപടികള്‍ക്ക് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി നാഷണല്‍ സെന്റര്‍ ഫോര്‍ വൈല്‍ഡ്‌ലൈഫ് അറിയിച്ചു. സൗദിയില്‍ വന്യമൃഗങ്ങളെ കൈവശം വെക്കുന്നവര്‍ക്ക് പത്തു വര്‍ഷം വരെ തടവും മൂന്നു കോടി റിയാല്‍ വരെ പിഴയും ശിക്ഷ ലഭിക്കും.

 

 

Latest News