കേരളത്തിന് സമാനമായി തമിഴ്നാട്ടിലും ഭരണം തടസ്സപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഗവർണറെ തിരിച്ചുവിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും മറ്റു ഭരണ കക്ഷികളും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നതും ഇതിനോട് ചേർത്തുവായിക്കണം. സമരം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാജ്ഭവൻ രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും നൽകുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരിന്റെ തലവൻ ഗവർണറാണ്. രാജ്ഭവൻ റിപ്പോർട്ട് കൂടുതൽ വിവാദത്തിന് ചൂടു പകരാതിരിക്കട്ടെയെന്ന് മാത്രമേ പറയാനുള്ളൂ.
ഗവർണറും സർക്കാരും തമ്മിലുള്ള തർക്കങ്ങൾ അതിരു വിടുന്നുവെന്ന തോന്നൽ ജനങ്ങൾക്കുണ്ട്. ഇങ്ങനെ മുന്നോട്ട് പോയാൽ ഭരണ സ്തംഭനത്തിലേക്ക് കാര്യങ്ങൾ ചെന്നവസാനിക്കും. അടിയന്തരമായി ഇക്കാര്യത്തിൽ പ്രശ്നപരിഹാരം ഉണ്ടാകേണ്ടതുണ്ട്. ഗവർണറുടെ അധികാരമെന്തൊക്കെയാണെന്ന് ഭരണഘടന വ്യക്തമാക്കുന്നുണ്ട്. നിയമസഭക്കും സർക്കാരിനും അതിന്റേതായ അധികാര ശക്തിയുണ്ട്. ഇരുകൂട്ടരും ഇതു മാനിക്കാൻ തയാറാകണം. പ്രശ്നങ്ങൾ തെരുവിലേക്ക് വലിച്ചിഴക്കുന്നത് ഗവർണറായാലും സർക്കാരായാലും അതു പ്രശ്നങ്ങൾ വർധിപ്പിക്കുകയേയുള്ളൂ.
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല നവീകരിക്കപ്പെടണമെന്ന കാര്യത്തിൽ ആർക്കും സംശയമില്ല. അഴിമതിയും കെടുകാര്യസ്ഥതയും കക്ഷിരാഷ്ട്രീയവും മറ്റെല്ലാ മേഖലയിലെന്ന പോലെ ഈ രംഗവും അടക്കിവാഴുകയാണ്. ഇവിടെ പലരുടെയും ഗവേഷണ പ്രബന്ധങ്ങളുടെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണ്. ഒരു കൂട്ടുകച്ചവടം പോലെ സർവകലാശാലകളിൽ ചിലരിതൊക്കെ സംഘടിപ്പിച്ചെടുക്കുന്നു. ഉദ്യോഗക്കയറ്റത്തിനും അധികാരസ്ഥാനങ്ങൾ പിടിച്ചുപറ്റാനും സ്റ്റാറ്റസിനും വേണ്ടിയാണിതൊക്കെ തട്ടിയെടുക്കുന്നത്. ആത്മാർത്ഥമായി പണിയെടുക്കുന്നവർ തഴയപ്പെടുകയും ചെയ്യുന്നു. ബുദ്ധിയുള്ള യുവജനങ്ങളൊക്കെ വിദേക സർവകലാശാലകളിൽ അഭയം തേടുന്നു. ആരും ഭരിച്ചാലും ഇതാണ് നിലവിലെ സ്ഥിതി. ഇതിന് മാറ്റം വരണം.
ഉന്നത വിദ്യാഭ്യാസ മേഖലയിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സംഘപരിവാർ അജണ്ട നടപ്പാക്കുകയാണെന്ന് ആരോപിച്ച് എൽ.ഡി.എഫിന്റെ നേതൃത്വത്തിൽ രാജ്ഭവന് മുമ്പിൽ പ്രതിഷേധ കൂട്ടായ്മ കഴിഞ്ഞ ദിവസം ചേരുകയുണ്ടായി. എൽ.ഡി.എഫ് പ്രഖ്യാപിച്ചതു പോലെ ലക്ഷത്തോളം പേർ പ്രതിഷേധ കൂട്ടായ്മയിൽ പങ്കെടുത്തു. എൽ.ഡി.എഫിന്റെ ജനകീയ അടിത്തറ കൂടി വിളബരം ചെയ്യുന്നതായിരുന്നു പ്രതിഷേധ കൂട്ടായ്മ.
കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും സി.പിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത് ഗൗരവത്തോടെ കാണണം. പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. പ്രതിഷേധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണെന്നും യെച്ചൂരി വിശദീകരിക്കുകയും ചെയ്തു. പശ്ചിമ ബംഗാൾ, തമിഴ്നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും ബി.ജെ.പിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കേയാണ് ഈ കടന്നുകയറ്റമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇങ്ങനെ ഒരു തോന്നൽ ബി.ജെ.പി. ഇതര ഭരണം നടക്കുന്ന സംസ്ഥാനങ്ങൾക്കുണ്ടാകുന്നത് നമ്മുടെ ദേശീയ താൽപര്യത്തിന് ഗുണം ചെയ്യില്ലെന്ന് കേന്ദ്ര സർക്കാർ ഓർക്കണം. ബി.ജെ.പി
ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഗവർണർമാരുടെ നിലപാടല്ല മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാരുടേതെന്ന് വ്യക്തവുമാണ്. ഈ തെറ്റ് കേന്ദ്രം തിരുത്തണം. രാജ്യതാൽപര്യത്തിനാണ് മുൻഗണനനൽകേണ്ടത്. രാഷ്ട്രീയ താൽപര്യത്തിനല്ല.
ഗവർണർ ചാൻസലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഗവർണർക്ക് ചാൻസലർ പദവി കൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിർഭാഗ്യവശാൽ ചില കോടതി വിധികൾ സംസ്ഥാന നിയമങ്ങൾക്ക് എതിരെയുണ്ടായെന്ന യെച്ചൂരിയുടെ വാക്കുകളും ശ്രദ്ധേയമാണ്.
യു.ജി.സി മാർഗനിർദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു. ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണെന്നും അദ്ദേഹം വിശദീകരിച്ചു. തീർച്ചയായും ഇക്കാര്യങ്ങളെല്ലാം ഉന്നത തലങ്ങളിൽ ചർച്ച ചെയ്തു പരിഹരിക്കണം. കോടിതികളുടെ വിശ്വാസ്യത ജനാധിപത്യത്തിൽ വളരെ പ്രധാനമാണ്. ജനങ്ങൾക്ക് കോടതിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടാൽ രാഷ്ട്രം ദുർബലമാവും.
രാജ്ഭവനുകൾ ബിജെപിയുടെ രാഷ്ട്രീയ ഏജൻസികളായി മാറുന്നസ്ഥിതി ഒരിക്കലും ഉണ്ടാകരുത്. ഇന്നത്തെ ഭരണകക്ഷി നാളത്തെ പ്രതിപക്ഷമാകാം. സംവിധനങ്ങളുടെ ശുദ്ധിയാണ് പ്രധാനം. വിദ്യാഭ്യാസ മേഖലയെ കാവിവത്കരിക്കാൻ ശ്രമങ്ങൾ നടക്കുന്നുവെന്ന യെച്ചൂരിയുടെ ആരോപണത്തിനും പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഇക്കാര്യത്തിലും ശാസ്ത്രീയമായ സമീപനം ഉണ്ടാകണം. രാജ്യത്തിന്റെ വൈവിധ്യങ്ങൾ സംരക്ഷിക്കുകയെന്നതും വളരെ പ്രധാനമാണ്. വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാൻ അനുവദിക്കില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പ്രതിഷേധ കൂട്ടായ്മയിൽ പറയുകയുണ്ടായി. ഉത്തരേന്ത്യൻ മാതൃകയിൽ ആർ.എസ്.എസും ബി.ജെ.പിയും നടപ്പിലാക്കുന്ന കാവിവൽക്കരണം കേരളത്തിലും നടപ്പിലാക്കാനാണ് ഗവർണർ ശ്രമിക്കുന്നത്. ഇതിനെതിരെയുള്ള കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധമാണ് പതിനായിരങ്ങൾ പങ്കെടുക്കുന്ന പ്രതിഷേധ കൂട്ടായ്മയെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്. എന്തായാലും ഏറ്റുമുട്ടലിന്റെ പാത ഒരിക്കലും നന്നാവില്ല. നയപരമായിപ്രശ്നപരിഹാരം വളരെ പ്രധാനപ്പെട്ട കാര്യമാണ്.
ഇതിനുള്ള പരിശ്രമങ്ങൾ പരാജയപ്പെട്ടതുകൊണ്ടു കൂടിയാവും ഗവർണറുടെ നിലപാടിനെതിരെ ജനങ്ങളെ അണിനിരത്താൻ നിർബന്ധിതരായതെന്ന് വാദം ഉയരാം. എങ്കിലും ഇക്കാര്യങ്ങളിലെല്ലാം കൂടുതൽ ശ്രദ്ധവെക്കണം. ബി.ജെപി ഗവർണറെ പിന്തുണച്ച് രാജ്ഭവൻ കൂട്ടായ്മ വെച്ചാൽ എന്താവും സ്ഥിതി. പ്രശ്നം സങ്കീർണമാകും.
വി.സി നിയമനങ്ങളിലും സർവകലാശാല ഭരണത്തിനായി തെരഞ്ഞെടുക്കുന്നവരെയും രാഷ്ട്രീയത്തിനതീതമായി അക്കാദമിക് ഗുണനിലവാരമുള്ളവരെ തെരഞ്ഞെടുക്കേണ്ടതുണ്ട്. നമുക്ക് ലോകം അംഗീകരിച്ച വൈസ് ചാൻസലർമാരില്ലെന്നത് പോരായ്മതന്നെയാണ്. ദേശീയ തലത്തിൽ ശ്രദ്ധ നേടിയ മികച്ച പണ്ഡിതരെ സർവകലാശാലകളുടെ തലപ്പത്തേക്ക് കൊണ്ടുവരണം.
എൽ.ഡി.എഫ് സർക്കാർ സംസ്ഥാനത്തെ സ്കൂളുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിച്ചു. പൊതു വിദ്യാലയങ്ങളിൽ വിദ്യാർത്ഥികളുടെ എണ്ണം കൂടി. പൊതുവിദ്യാഭ്യാസ മേഖല വലിയ രീതിയിൽ മുന്നേറുകയാണ്. അതൊക്കെ ശരി തന്നെയാണ്. എന്നാൽ അതുകൊണ്ടു മാത്രം നമ്മൾക്ക് ആധുനിക ലോകത്ത് മുന്നേറാവാനാവില്ല. സംഘടിത ശക്തിയായി നിന്ന് ഉദ്യോഗസ്ഥരും അധ്യാപകരും നേടിയെടുക്കുന്ന അവകാശങ്ങളോടൊപ്പം കടമയുടെ കാര്യത്തിൽ അവർ നീതി പുലർത്തുന്നുണ്ടോയെന്നത് സംശയമാണ്. വാങ്ങിയെടുക്കുന്ന വലിയ ശമ്പളത്തിന് ഇക്കൂട്ടർ അർഹരാണോ. അഴിമതിയില്ലാത്ത എത്ര ഉദ്യേഗസ്ഥരാണ് നമുക്കുള്ളത്. വളരെ കുറവായിരിക്കും. ജനാധിപത്യ കേരളം ഇതൊക്കെ ആലോചിക്കണം.
രാജ്യത്ത് ജനാധിപത്യം അപകടത്തിലെന്ന് ഡി.എം.കെ രാജ്യസഭ നേതാവ് തിരുച്ചി ശിവം എം.പി പറഞ്ഞതും ശ്രദ്ധേയമാണ്. ജനാധിപത്യത്തെയും ഫെഡറിലസത്തെയും കേന്ദ്രം ഇല്ലായ്മ ചെയ്യുന്നു. തമിഴ്നാട്ടിൽ ആർ.എൻ. രവിയും കേരളത്തിൽ ആരിഫ് മുഹമ്മദ് ഖാനും ജനഹിതത്തെ അട്ടിമറിക്കാൻ ശ്രമം നടത്തുന്നു. കേന്ദ്രം ഗവർണറെ തിരിച്ചുവിളിക്കണമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രതിഷേധ കൂട്ടായ്മക്ക് അഭിവാദ്യം അർപ്പിച്ചുവെന്നും തിരുച്ചി ശിവം പറയുകയുണ്ടായി. തമിഴ്നാടിന്റെ വികാരമാണ് തിരുച്ചി ശിവത്തിലൂടെ പുറത്തുവന്നത്. ഇങ്ങനെ ഓരോ സംസ്ഥാനങ്ങളും അസംതൃപ്തരായാൽ എന്താവും സ്ഥിതിയെന്ന് ആലോചിക്കേണ്ടതുണ്ട്.
കേരളത്തിന് സമാനമായി തമിഴ്നാട്ടിലും ഭരണം തടസ്സപ്പെടുത്താൻ ഗവർണർ ശ്രമിക്കുന്നതായി ആരോപണമുണ്ട്. കഴിഞ്ഞ ദിവസം ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് ഡി.എം.കെയും മറ്റു ഭരണ കക്ഷികളും രാഷ്ട്രപതിക്ക് കത്തയച്ചിരുന്നതും ഇതിനോട് ചേർത്തുവായിക്കണം. സമരം സംബന്ധിച്ച് വിശദമായ റിപ്പോർട്ട് രാജ്ഭവൻ രാഷ്ട്രപതിക്കും കേന്ദ്ര സർക്കാരിനും നൽകുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരിന്റെ തലവൻ ഗവർണറാണ്. രാജ്ഭവൻ റിപ്പോർട്ട് കൂടുതൽ വിവാദത്തിന് ചൂടു പകരാതിരിക്കട്ടെയെന്ന് മാത്രമേ പറയാനുള്ളൂ.






