Sorry, you need to enable JavaScript to visit this website.

ഖത്തറില്‍ പ്രവാസികളെ പണം നല്‍കി ആരാധകരാക്കുന്നു, മറുപടിയുമായി ലോകകപ്പ് സി.ഇ.ഒ

ദോഹ-ഖത്തറില്‍ ഫുട്‌ബോള്‍ ആവേശം അലടയിക്കുകയും നിത്യവും ആയിരക്കണക്കിന് ഫുട്‌ബോള്‍ ആരാധകര്‍ തെരുവിലിറങ്ങി ആഘോഷത്തിന് മാറ്റുകൂട്ടുകയും ചെയ്യുമ്പോള്‍ ഖത്തറിലെ ഫുട്‌ബോള്‍ ആവേശം കണ്ട്് അമ്പരന്ന പാശ്ചാത്യ മാധ്യമങ്ങള്‍ക്ക് ഉരുളക്കുപ്പേരിയുമായി ഫിഫ ലോകകപ്പ് സിഇഒ നാസര്‍ അല്‍ ഖാതര്‍.
ഖത്തറിലെ കുടിയേറ്റ തൊഴിലാളികളെ പണം നല്‍കി ആരാധകരായി പോസ് ചെയ്യാന്‍ ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതമാണ് അല്‍ ഖാതര്‍ തുറന്നടിച്ചു.
ഖത്തര്‍ സ്വദേശികളേയും വിദേശികളേയും വിശ്വാസത്തിലെടുത്താണ് ലോകത്തിലെ ഏറ്റവും കായികമാമാങ്കത്തിന് ആതിഥ്യമരുളുന്നതെന്നും ഖത്തറില്‍ അലയടിക്കുന്ന ഫുട്‌ബോള്‍ ആവേശത്തെ കുറച്ചുകാണുന്ന പാശ്ചാത്യ സമീപനം അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു.

ഖത്തര്‍ ന്യൂസ് ഏജന്‍സിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ കുടിയേറ്റ തൊഴിലാളികളെ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ ആരാധകരായി അവതരിപ്പിക്കുന്നതിനെക്കുറിച്ച് ചില ഇംഗ്ലീഷ്, ഫ്രഞ്ച് പത്രങ്ങള്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടുകള്‍ തികച്ചും അടിസ്ഥാനരഹിതമാണെന്നും അറബ് ലോകത്തെ കായികാവേശത്തെ അപകീര്‍ത്തിപ്പെടുത്താനും ചോദ്യം ചെയ്യാനുള്ള അടവ് വിലപ്പോവില്ലെന്നും വ്യക്തമാക്കി.

ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നതിനുള്ള ബഹുമതി ഖത്തര്‍ നേടിയത് മുതല്‍, ഈ ടൂര്‍ണമെന്റിനെ അപകീര്‍ത്തിപ്പെടുത്താന്‍ കഴിഞ്ഞ 12 വര്‍ഷമായി തുടര്‍ച്ചയായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും ഇവയൊക്കെ തെറ്റാണെന്ന് തെളിയിച്ച് ഖത്തര്‍ അസാധാരണമായ ഒരു ടൂര്‍ണമെന്റ് സംഘടിപ്പിക്കുമെന്നും ഇത് കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ വ്യക്തമാകുമെന്നും അല്‍ ഖാഥര്‍ കൂട്ടിച്ചേര്‍ത്തു.

ഖത്തറില്‍ താമസിക്കുന്ന പ്രവാസികളേയും അവരുടെ കായികാവേശത്തേയും രാജ്യത്തോടുള്ള പ്രതിബദ്ധതയേയും ഇകഴ്ത്തുന്നത് ഒരു നിലക്കും അംഗീകരിക്കാനാവില്ല. ദീര്‍ഘകാലമായി ഖത്തറില്‍ താമസിക്കുന്നവരാണ് പ്രവാസികളിലധികവുമെന്ന് അല്‍ ഖാഥര്‍ പറഞ്ഞു.

''ഇതുവരെ 3.1 ദശലക്ഷം ടിക്കറ്റുകള്‍ വിറ്റ ലോകകപ്പിനായി ലോകകപ്പ് മത്സരങ്ങള്‍ കാണുന്ന ആരാധകരെ ഇകഴ്ത്തുകയും ശമ്പളമുള്ള തൊഴിലാളികള്‍ എന്ന് വിശേഷിപ്പിക്കുകയും ചെയ്യുന്നത് ലജ്ജാകരമാണ്,'' ഖത്തര്‍ നിവാസികള്‍ ഫുട്‌ബോളിനെക്കുറിച്ച് വളരെ ആവേശഭരിതരാണെന്ന് അല്‍ ഖതര്‍ പറഞ്ഞു.

ഖത്തറിലെ എല്ലാ നിവാസികള്‍ക്കും അയച്ച സന്ദേശത്തില്‍, ഖത്തര്‍ 2022 ലോകകപ്പ് എല്ലാവര്‍ക്കും വേണ്ടിയുള്ള ഒരു ടൂര്‍ണമെന്റാണെന്നും ഖത്തറിനെയും അവിടുത്തെ ജനങ്ങളെയും (പൗരന്മാരെയും താമസക്കാരെയും) ഗള്‍ഫ് രാജ്യങ്ങളെയും മുഴുവന്‍ പ്രദേശത്തെയും പ്രതിനിധീകരിക്കുന്നുവെന്നും അല്‍ ഖതര്‍ പറഞ്ഞു.

അറബ് മേഖലയിലും മിഡില്‍ ഈസ്റ്റിലും നടക്കുന്ന ആദ്യ പതിപ്പായി ഫിഫ 2022 ലോകകപ്പ് ഖത്തര്‍ നവംബര്‍ 20 ഞായറാഴ്ചയാണ് ആരംഭിക്കുന്നത്.
ഖത്തര്‍ ദേശീയ ടീം ഇക്വഡോറിനെതിരെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം കളിക്കും.

ഖത്തറിനെ തുരങ്കം വയ്ക്കാനും അതിന്റെ കഴിവുകളെയും ഒരു അറബ്മുസ്‌ലിം രാജ്യത്ത് ആദ്യമായി ലോകകപ്പ് സംഘടിപ്പിക്കാന്‍ അവര്‍ വര്‍ഷങ്ങളായി നടത്തിയ ശ്രമങ്ങളെയും ചോദ്യം ചെയ്യാനുള്ള ശ്രമത്തില്‍ വ്യാജ കെട്ടുകഥകളുടെ പ്രചാരണങ്ങള്‍ എല്ലാ പരിധികളും ലംഘിച്ചിരിക്കുകയാണ് .

വിദ്വേഷം ഉണര്‍ത്തുകയും യഥാര്‍ത്ഥ ന്യായീകരണങ്ങളില്ലാതെ രാജ്യത്തെ വ്രണപ്പെടുത്തുകയും ചെയ്യുന്ന വ്യവസ്ഥാപിത വംശീയ വ്യവഹാരം സ്വീകരിച്ചുകൊണ്ട് ഖത്തറിനെതിരായ കെട്ടിച്ചമയ്ക്കലുകളും ആരോപണങ്ങളും ക്ഷുദ്രകരമായ പ്രചാരണങ്ങളുമാണ് ഒരു ഭാഗത്ത് നടക്കുന്നത്.

 

Latest News