ലോകകപ്പില്‍ എല്ലാ മത്സരങ്ങള്‍ക്കും ടിക്കറ്റ് സ്വന്തമാക്കി മലയാളി സംരംഭകന്‍

ദോഹ- കാല്‍പന്തുകളിയാരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ എല്ലാ മല്‍സരങ്ങള്‍ക്കും ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കി മലയാളി സംരംഭകന്‍. ഖത്തറിലെ പ്രമുഖ പ്രൊജക്ട് സപ്‌ളൈസ് കമ്പനിയായ സെപ്രോടെക് സി.ഇ. ഒ. ജോസ് ഫിലിപ്പാണ് നവംബര്‍ 20 മുതല്‍ ഡിസംബര്‍ 18 വരെ നടക്കുന്ന ഫിഫ 2022 ലോകകപ്പ് ഖത്തറിന്റെ എല്ലാ മല്‍സരങ്ങള്‍ക്കും ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കിയത്. ജന്മനാട് പോലെ തന്നെ നെഞ്ചേറ്റുന്ന ഖത്തറിന്റെ പുണ്യ ഭൂമിയില്‍ ചരിത്ര പ്രധാനമായ ഫിഫ ലോകകപ്പിന്റെ ഇരുപത്തിരണ്ടാമത് എഡിഷന്‍ നടക്കുമ്പോള്‍ കുടുംബത്തോടൊപ്പം കളികാണുക മാത്രമല്ല സ്വന്തക്കാരേയും ബന്ധുക്കളേയുമൊക്കെ കളികാണാന്‍ കൊണ്ടുവരാനും ഉദ്ദേശിച്ചുകൊണ്ടാണ് എല്ലാ മല്‍സരങ്ങള്‍ക്കമുള്ള ഒന്നിലധികം ടിക്കറ്റുകള്‍ സ്വന്തമാക്കിയതെന്ന് ജോസ് ഫിലിപ്പ് പറഞ്ഞു. ഏകദേശം 60000 റിയാലിനാണ് ഈ പുനലൂരുകാരനായ സംരംഭകന്‍ ടിക്കറ്റുകള്‍ വാങ്ങിയത്.

തന്റെ സ്ഥാപനത്തിലെ ജീവനക്കാര്‍ക്കും ടിക്കറ്റുകള്‍ കൊടുക്കും. മകന്‍ ലണ്ടനില്‍ നിന്നും കളികാണാനായെത്തും. അമ്മാവനായ ചലചിത്ര സംവിധായകന്‍ ബഌിയുടെ മകനടക്കം നിരവധി ബന്ധുക്കളാണ് നാട്ടില്‍ നിന്നും എത്തുന്നത്. അവര്‍ക്കൊക്കെ തന്റെ വീട്ടിലും ഗസ്റ്റ് ഹൗസിലുമൊക്കെയായി താമസവും ഒരുക്കികഴിഞ്ഞു.

ഫുട്‌ബോള്‍ ജോസ്് ഫിലിപ്പിന് എന്നും ഹരമായിരുന്നു. കേരളത്തെപ്പോലെ തന്നെ ഫുട്‌ബോള്‍ ഹരമായി കൊണ്ടുനടക്കുന്ന കല്‍ക്കത്തയിലാണ് ജോസ് ഫിലിപ്പ് പഠിച്ചത്. ഫുട്‌ബോള്‍ ആവേശവുമായി ജീവിക്കുന്ന അദ്ദേഹത്തിന് ഖത്തറില്‍ ലോകകപ്പുമായി ബന്ധപ്പെട്ട പല പ്രൊജക്ടുകളിലും ഭാഗമാവാന്‍ കഴിഞ്ഞുവെന്നതും പ്രത്യേക പരാമര്‍ശമര്‍ഹിക്കുന്നു. എയര്‍പോര്‍ട്ട് പ്രൊജക്ടില്‍ അദ്ദേഹത്തിന്റെ കമ്പനി ബാഗേജ് ഹാന്‍ഡ്‌ലിംഗുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ എയര്‍വേയ്‌സിന്റെ വി.ഐ.പി. അതിഥിയായി നവംബര്‍ 27 ന് ജര്‍മനി സ്‌പെയിന്‍ മാച്ചിന്റെ പ്രത്യേക ക്ഷണം ലഭിച്ചിട്ടുണ്ട്.
ഖത്തറിലെ കലാസാംസ്‌കാരിക പ്രവര്‍ത്തനങ്ങളിലും ജീവകാരുണ്യ സേവന രംഗത്തുമൊക്കെ വ്യക്തി മുദ്ര പതിപ്പിച്ച് മുന്നേറുന്ന ഒരു സംരംഭകനാണ് ജോസ് ഫിലിപ്പ്.

 

Latest News