പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ച് ട്രംപ്

ഫ്‌ളോറിഡ - 2024 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍  കച്ചമുറുക്കി ട്രംപ് വീണ്ടും തിരെഞ്ഞെടുപ്പ് ഗോദയില്‍.  ചൊവാഴ്ച രാത്രി  ഒന്‍പതു മണിക്കാണ്  ഇക്കാര്യം ട്രംപ്  ഔപചാരികമായി പ്രഖ്യാപിച്ചത്. ഫ്‌ളോറിഡ പാം ബീച്ചിലുള്ള വസതിയില്‍ നൂറുകണക്കിനു അനുയായികളുടെ മുന്നിലാണ് ട്രംപിന്റെ പ്രഖ്യാപനം. റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍നിന്ന് ഇതുവരെ മറ്റാരും 2024 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പിനു സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയിട്ടില്ല.

പ്രഖ്യാപനത്തിനു മുന്‍പ് ഫെഡറല്‍ ഇലക്ഷന്‍ കമ്മീഷനു മുന്‍പാകെ മത്സരിക്കാന്‍ ആവശ്യമുള്ള രേഖകള്‍ അദ്ദേഹം സമര്‍പ്പിച്ചിരുന്നു. ഇടക്കാല തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കു പ്രതീക്ഷിച്ച വിജയം ലഭിക്കാതെ പോയതു ട്രംപിന്റെ തീവ്ര നിലപാടുകള്‍ കാരണമാണെന്ന ആരോപണം ട്രംപ് നിഷേധിച്ചു. ഇതു മാധ്യമങ്ങള്‍ വ്യാജമായി പ്രചരിപ്പിക്കുന്നതാണെന്നും താന്‍ പിന്തുണച്ച 232 സ്ഥാനാര്‍ഥികളില്‍ 22 പേര്‍ മാത്രമാണ് പരാജയപെട്ടതെന്നും അദ്ദേഹം വ്യക്തമാക്കി.

 

Latest News