കണ്ണൂര്‍- സുധാകരന്റെ പ്രസ്താവനക്കു പിന്നില്‍ ആര്‍.എസ്.എസ് ബുദ്ധിയാണെന്നും ഇത്തരം സാഹചര്യത്തില്‍ മുസ്ലിം ലീഗ് ശരിയായ നിലപാട് സ്വീകരിക്കണമെന്നും സി.പി.എം കേന്ദ്ര കമ്മറ്റിയംഗം ഇ.പി.ജയരാജന്‍.
ശരിയായ നിലപാട് എടുത്തില്ലെങ്കില്‍ പൊതു സമൂഹത്തില്‍ ലീഗ് ഒറ്റപ്പെടും. എല്‍.ഡി.എഫ് വിരുദ്ധ അപസ്മാരം എക്കാലവും കൊണ്ടു നടക്കാനാവില്ല- ജയരാജന്‍ പറഞ്ഞു.
പാര്‍ട്ടി തഴയുന്നുവെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചികിത്സയിലായതിനാലാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നത്. ചികിത്സക്കായി പാര്‍ട്ടി തനിക്ക് അവധി അനുവദിച്ചിരിക്കയാണ്. അനാരോഗ്യം മൂലം പൊതു പരിപാടികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ട അവസ്ഥയാണ്. പാര്‍ട്ടി തഴയുന്നതില്‍ പ്രതിഷേധിച്ചാണ് പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കുന്നുവെന്നത് ചിലരുടെ വക്രബുദ്ധിയിലുദിച്ച വാര്‍ത്തയാണ്- ജയരാജന്‍ പറഞ്ഞു.
പി ബി.അംഗമാവാന്‍ എം.വി.ഗോവിന്ദന്‍ തന്നെയാണ് യോഗ്യന്‍. പ്രായം കൂടി വരുന്നു. പിബി.അംഗമെന്ന നിലയില്‍ ചുമതലകള്‍ നിര്‍വ്വഹിക്കാനാവുമെന്ന് തോന്നുന്നില്ല. ബി.ജെ.പി-ആര്‍.എസ്.എസ് ബുദ്ധി രാഷ്ട്രീയത്തിലാണ് കേരളത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത്. ഇവരുടെ രാഷ്ട്രീയ തന്ത്രം വിജയിക്കുന്നതിനുള്ള ഉദാഹരണമാണ് കെ.പി.സി.സി പ്രസിഡണ്ടിന്റെ തുടര്‍ച്ചയായ പ്രസ്താവനകള്‍. യു.ഡി.എഫിനെ ആര്‍.എസ്.എസ് പാളയത്തിലെത്തിക്കാനാണ് സുധാകരന്റെ ശ്രമം.ആര്‍.എസ്.എസ് ശാഖ പ്രവര്‍ത്തിക്കാന്‍ സഹായം ചെയ്തുവെന്ന് വിളിച്ചു പറയുന്നത് കെ.പി.സി.സി പ്രസിഡണ്ടാണ്. കേരളത്തിലെ പോലീസിന്റെ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ച് ശ്രീമതി ടീച്ചര്‍ പറഞ്ഞത് വളരെ കൃത്യമാണ്. വേലിതന്നെ വിളവു തിന്നുന്നുവെന്നത് ശരിയാണ്. ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടിയെടുത്ത് സേനയെ തിരുത്തി മുന്നോട്ടു പോകണം. നടപടിയുണ്ടാവുമെന്ന് മുഖ്യമന്ത്രി തന്നെ വ്യക്തമാക്കിയിട്ടുണ്ട്- ജയരാജന്‍ പറഞ്ഞു.