Sorry, you need to enable JavaScript to visit this website.

പൃഥ്വിരാജിന്റെ  കാളിയൻ വരുന്നു

പതിനേഴാം നൂറ്റാണ്ടിലെ വീരപോരാളി കുഞ്ചിറക്കോട്ട് കാളി എന്ന കാളിയനായി പൃഥ്വിരാജ് വരുന്നു. വേണാട്ടരചൻ വീരരവിവർമ്മയുടെ വലിയ പടത്തലവൻ ഇരവിക്കുട്ടിപ്പിള്ളയുടെ വലം കൈയാണ് കാളിയൻ. 
ചരിത്രത്തിൽ വിസ്മരിക്കപ്പെട്ടുപോയ പോരാളി. അല്ലെങ്കിൽ, ഇരവിക്കുട്ടിയുടെ വീര പ്രഭാവത്തിൽ, മറഞ്ഞുപോയയാൾ. മധുര രാജാവായ വീര തിരുമല നായ്ക്കൻ പോലും പ്രശംസിച്ച കാളിയൻ പൃഥ്വിരാജിന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലാവും. പൃഥ്വിയുടെ വ്യത്യസ്ത ഗെറ്റപ്പിലുള്ള കാളിയന്റെ ആദ്യ പോസ്റ്ററും ടീസറും ഇതിനോടകം ശ്രദ്ധേയമായിക്കഴിഞ്ഞു. അടുത്ത വർഷമാണ് ചിത്രീകരണം ആരംഭിക്കുക. ബാഹുബലിയിലെ കട്ടപ്പയായ സത്യരാജ് കാളിയനിൽ സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
നവാഗത സംവിധായകനായ എസ്. മഹേഷിന്റെ ഒമ്പത് വർഷത്തെ ഗവേഷണവും അധ്വാനവുമാണ് കാളിയൻ ചരിത്ര പുരുഷനെ കണ്ടെത്തുന്നതിലും പുനഃസൃഷ്ടിക്കുന്നതിനും പിന്നിൽ. മാജിക് മൂൺ പ്രൊഡക്ഷൻസിന്റെ ബാനറിൽ രാജീവ് നായർ നിർമ്മിക്കുന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് ബി.ടി അനിൽ കുമാറാണ്.
1602 മുതൽ 1635 വരയുള്ള കാലഘട്ടം അവതരിപ്പിക്കുന്ന ബിഗ് ബജറ്റ് ചിത്രമാണ് കാളിയൻ. ലൊക്കേഷൻ ഇതുവരെ തീരുമാനിച്ചിട്ടില്ല. സ്‌പെഷ്യൽ ഇഫക്ട്‌സിനും ഗ്രാഫിക്‌സിനും അമിത പ്രാധാന്യം നൽകാതെ പരമാവധി റിയലിസ്റ്റിക്കായി ചിത്രം തയാറാക്കാനാണ് മഹേഷിന്റെ പരിപാടി. 
ചരിത്രത്തിൽ വിസ്മൃതിയിലായിപ്പോയ കാളിയനെ കണ്ടെത്തുന്നതിനും മനസ്സിലാക്കുന്നതിനും ഏറെ അധ്വാനം വേണ്ടിവന്നുവെന്ന് സംവിധായകൻ പറയുന്നു. തമിഴും മലയാളവും കലർന്നതും അത്ര പ്രചാരത്തിലില്ലാത്തതുമായ  കേരളത്തിന്റെ തെക്കൻ പാട്ടുകളിലാണ് കാളിയനെക്കുറിച്ച് പരാമർശമുള്ളത്. തെക്കൻ പാട്ടുകളിൽ കാളിയനെക്കുറിച്ച് പറയുന്ന ഭാഗങ്ങളിൽനിന്ന് സിനിമയുടെ കഥ രൂപപ്പെടുത്തുകയായിരുന്നു. 
പഴയകാലത്തെ തെക്കൻ പാട്ടു പുസ്തകങ്ങളിൽനിന്നാണ് കുഞ്ചിറക്കോട്ട് കാളിയെക്കുറിച്ച് മഹേഷ് ആദ്യമായി അറിയുന്നത്. ഇരവിക്കുട്ടിപ്പിള്ളയുടെ സഹായികളും സന്തത സഹചാരികളുമായിരുന്ന നാലു പേരിൽ ഏറ്റവും പ്രഗത്ഭനായിരുന്നു കാളിയൻ. തെക്കൻ പാട്ടുകളുടെ മലയാള പരിഭാഷ വായിച്ചപ്പോൾ കാളിയനെക്കുറിച്ച് ഒരു സിനിമ എടുക്കാനുള്ള ആശയം മനസ്സിലുദിച്ചു. ആ ആശയത്തിൽനിന്ന് ബി.പി അനിൽ കുമാർ ഒരു കഥയും തിരക്കഥയും സൃഷ്ടിക്കുകയായിരുന്നുവെന്ന് മഹേഷ് പറഞ്ഞു. 
ചരിത്ര കഥയാണ് പറയാൻ ഉദ്ദേശിക്കുന്നതെങ്കിലും കാളിയൻ എന്ന ചരിത്രപുരുഷനെ പൂർണമായി പുനഃസൃഷ്ടിക്കുകയല്ല സിനിമയിൽ. അദ്ദേഹത്തെക്കുറിച്ചുള്ള ചില സൂചനകൾ മാത്രമേ തെക്കൻ പാട്ടുകളിൽ ഉള്ളൂവെന്നതിനാൽ  അതെല്ലാം ഉൾപ്പെടുത്തി ഒരു കഥാപാത്രത്തെ സൃഷ്ടിക്കുകയായിരുന്നു. കഥയിലും കഥാപാത്രത്തിലും പല തവണ മാറ്റം വരുത്തി. അതിപ്പോഴും തുടരുകയാണെന്ന് തിരക്കഥാകൃത്ത് അനിൽ കുമാർ പറഞ്ഞു. ഏറെ ഗവേഷണം നടത്തിയാണ് പതിനേഴാം നൂറ്റാണ്ടിലെ വേഷവിധാനവും മറ്റും കണ്ടെത്തിയത്.
പല നടന്മാരെയും കണ്ടശേഷമാണ് കാളിയന്റെ കഥയുമായി അഞ്ച് വർഷം മുമ്പ് മഹേഷ് പൃഥ്വിരാജിനെ സമീപിക്കുന്നത്. കഥയുടെ വൺ ലൈൻ പറഞ്ഞപ്പോൾതന്നെ പൃഥ്വി താൽപര്യം പ്രകടിപ്പിച്ചു. പിന്നീട് പൂർണ്ണമായ തിരക്കഥ കേൾപ്പിച്ചപ്പോൾ അദ്ദേഹം സമ്മതം പ്രകടിപ്പിച്ചുവെന്ന് മാത്രമല്ല, സിനിമ എത്രയും വേഗം പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. 
നിർമാതാവായി രാജീവ് നായരുടെ പേര് പറയുന്നതും പൃഥ്വിയാണ്. കഥ കേട്ടപ്പോൾ രാജീവ് നിർമാണം ഏറ്റെടുത്തു.
പോരാളിയുടെ കഥയായതിനാൽ യുദ്ധവും ആക്ഷനും നിറഞ്ഞ സിനിമയായിരിക്കും കാളിയൻ. സുജിത് വാസുദേവാണ് ഛായാഗ്രാഹകൻ. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രഗത്ഭരായ സാങ്കേതിക പ്രവർത്തകരും ചിത്രത്തിനായി അണിനിരക്കുന്നു. വിഖ്യാത സംഗീത സംവിധായകനായ ശങ്കർ എഹ്‌സാൻ ലോയുടെ ആദ്യ മലയാള ചിത്രമാണ് കാളിയൻ. ദേശീയ പുരസ്‌ക്കാര ജേതാവായ ഷജിത് കൊയേരിയാണ് ശബ്ദലേഖകൻ. 


 

Latest News