കേരള പോലീസിന് കളങ്കം 

പ്രാഗത്ഭ്യം പുലർത്തുന്ന സേനയാണ് കേരളത്തിന്റേത്. അയൽ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ കോയമ്പത്തൂരിലും മൈസൂരുവിലും സംഘർഷാവസ്ഥയുണ്ടായപ്പോൾ ഏറ്റവുമാദ്യം വിന്യസിച്ചത് കേരള പോലീസിനെയാണ്. 

 

ഇന്ത്യയിലെ മികച്ച പോലീസ് സേനകളിലൊന്നാണ് കേരളത്തിന്റേത്. എവിടെയെങ്കിലും അപ്രതീക്ഷിത സംഘർഷങ്ങളുണ്ടാവുന്ന പക്ഷം നേരിടാൻ കേന്ദ്ര സർക്കാർ ഒരുക്കിയ ദ്രുതകർമ സേനയുടെ ബറ്റാലിയൻ കേരളത്തിലുമുണ്ട്. എന്നാൽ ആർ.എ.എഫ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഈ സേനയെ കേരളത്തിൽ വിന്യസിക്കേണ്ടി വന്നിട്ടില്ല. ബിരുദവും ബിരുദാനന്തര ബിരുദവും പിഎച്ച്.ഡിയും വരെ വിദ്യാഭ്യാസ യോഗ്യതയുള്ളവരാണ് കേരള പോലീസിലെത്തുന്നത്. സൗഹാർദത്തിന്റേതായ അന്തരീക്ഷത്തിൽ വളർന്ന പുരോഗമന കാഴ്ചപ്പാടുള്ളവരാണ് ഭൂരിഭാഗവും. അതേസമയം, പോലീസ് സേനയെ പുറത്തെ രാഷ്ട്രീയം സ്വാധീനിക്കുന്നത് സ്വാഭാവികം. സി.പി.എമ്മിനോടും കോൺഗ്രസിനോടും മത-സാമുദായിക കക്ഷികളോടും താൽപര്യമുള്ളവർ ഇതിലുണ്ടാവാം. കേരള പോലീസിന്റെ സ്‌പെല്ലിംഗിൽ രണ്ട് എൽ എഴുതുകയും വേണമെങ്കിൽ പോലീസ് സ്‌റ്റേഷനിൽ ബോംബുണ്ടാക്കുമെന്ന് പറഞ്ഞ നേതാക്കൾ വരെ ആഭ്യന്തര മന്ത്രിയായിരുന്ന സംസ്ഥാനം. ഇതൊക്കെയാണെങ്കിലും കേസ് അന്വേഷണത്തിന്റെ കാര്യത്തിലും ക്രമസമാധാന പാലനത്തിലും പ്രാഗത്ഭ്യം പുലർത്തുന്ന സേനയാണ് നമ്മുടേത്. അയൽ സംസ്ഥാനങ്ങളിലെ പ്രധാന നഗരങ്ങളായ കോയമ്പത്തൂരിലും മൈസൂരുവിലും സംഘർഷാവസ്ഥയുണ്ടായപ്പോൾ ഏറ്റവുമാദ്യം വിളിച്ചത് കേരള പോലീസിനെയാണ്. തെരുവുകളിൽ കേരള പോലീസെത്തിയപ്പോൾ സാമുദായിക സംഘർഷം പെട്ടെന്ന് കെട്ടടങ്ങുകയും ചെയ്തു. അതാണ് സേനയുടെ കീർത്തി. കേരളത്തിലെ കോളേജ്-സ്‌കൂൾ അധ്യാപകർക്ക് ലഭിക്കുന്ന അത്യാകർഷമായ ശമ്പള പാക്കേജ് നമ്മുടെ പോലീസിനില്ല. പോലീസിന് ഭവനങ്ങളുണ്ടാക്കാൻ മുമ്പ് പണം സമാഹരിച്ചത് കേരള ഭാഗ്യമാല എന്ന പേരിൽ കേരള പോലീസ് ഹൗസിംഗ് സൊസൈറ്റി പ്രതിവാര ലോട്ടറി നടത്തിയായിരുന്നു. പോലീസിന് ചീത്തപ്പേരുണ്ടാക്കുന്ന കാര്യങ്ങൾ മുമ്പും സംഭവിച്ചിട്ടുണ്ടെങ്കിലും അതെല്ലാം ഒറ്റപ്പെട്ടതെന്ന ഗണത്തിൽ പെടുത്താവുന്നത് മാത്രമായിരുന്നു. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പണ്ട് ഭക്ഷണവും താമസവും പത്ര-മാസികകളെല്ലാം ഫ്രീയായി അനുഭവിക്കുന്നത് നേരിൽ കണ്ടിട്ടുണ്ട്. തൃശൂരിലെ അതിഥി മന്ദിരത്തിൽ ഇല്ലാത്ത അധികാരം കാണിച്ച് ദമ്പതികളെ ഉപദ്രവിച്ച് പ്രശ്‌നത്തിലായ പോലീസ് ഓഫീസറുടെ അനുഭവവുമറിയാം. എങ്കിലും നമ്മുടെ സേന നമ്പർ വൺ തന്നെയായിരുന്നു. 
കേരള പോലീസ് രാജ്യത്ത് ഒന്നാം സ്ഥാനത്താണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞിട്ട് അധിക നാളായിട്ടില്ല. കൊല്ലം റൂറൽ എസ് പി ഓഫീസിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത വേളയിലാണ് അദ്ദേഹം ഇതു പറഞ്ഞത്.   പോലീസ് സേനയിലെ വിരലിൽ എണ്ണാവുന്ന ചിലർ നടത്തുന്ന പ്രവൃത്തികൾ സേനക്ക് കളങ്കം വരുത്തുന്നു. ഇവരുടെ പ്രവൃത്തി മൂലം സേനക്ക് തലകുനിക്കേണ്ടി വരുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. തന്നേക്കാൾ പ്രാധാന്യത്തോടെ തന്റെ മുന്നിലെത്തുന്ന ആളുകളെ പോലീസുകാർ കാണുകയും ഇടപെടുകയും വേണമെന്നാണ് മുഖ്യമന്ത്രി നിർദേശിച്ചത്. 
പോലീസ് സ്റ്റേഷനുകളിൽ മൂന്നാംമുറ ഉൾപ്പെടെയുള്ള പ്രവണതകൾ ഉണ്ടാകുന്നില്ല എന്നു ഉറപ്പ് വരുത്തേണ്ടതുണ്ട്. അതിനായി സിസിടിവി ക്യാമറകൾ സ്ഥാപിച്ചു വരികയാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.  
പോലീസ് നിരന്തരം വിമർശനങ്ങൾ നേരിടുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.  സംസ്ഥാനത്ത് കഴിഞ്ഞ ആറു വർഷക്കാലത്തിനിടയിൽ ക്രിമിനൽ കേസുകളുടെ എണ്ണത്തിൽ വലിയ കുറവാണ് ഉണ്ടായത്. മികച്ച ക്രമസമാധാനം പുലരുന്ന സംസ്ഥാനമായി കേരളം മാറിയത് ഇഛാശക്തിയോടെയുള്ള സർക്കാരിന്റെ ഇടപെടൽ കൊണ്ടാണ്. കുറ്റാന്വേഷണ മികവിൽ കേരള പോലീസ് രാജ്യത്ത് ഒന്നാമതാണ്. കാര്യക്ഷമതയുടെ കാര്യത്തിലും ബഹുദൂരം മുന്നിലാണ്. വർഗീയ ധ്രുവീകരണ ശ്രമങ്ങൾ നടന്നപ്പോഴൊക്കെയും മതനിരപേക്ഷതയുയർത്തിപ്പിടിച്ച് ഇടപെടാൻ പോലീസിന് കഴിഞ്ഞു. ദുരന്ത നിവാരണ-രക്ഷാപ്രവർത്തന രംഗത്തും പോലീസ് ജനങ്ങളോട് കൈകോർത്ത കാര്യവും  മുഖ്യമന്ത്രി അനുസ്മരിച്ചിരുന്നു.  നേട്ടങ്ങളുടെ വലിയ പട്ടികയുള്ളപ്പോഴും പോലീസിന്റെ യശസ്സിന് ചേരാത്ത ചില സംഭവങ്ങൾ ഉണ്ടാകുന്നു എന്നത് ഗൗരവതരമായ വിഷയമാണ്. 
ചിലരുടെ പ്രവൃത്തി ദോഷം കൊണ്ട് സർക്കാരിന് തലകുനിക്കേണ്ട സ്ഥിതിയുണ്ടാകുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പരസ്യ പ്രസ്താവന നടത്തിയതിനു തൊട്ടുപിന്നാലെയാണ് കോഴിക്കോട് ബേപ്പൂരിലെ കോസ്റ്റൽ പോലീസ് സ്റ്റേഷൻ ചുമതലക്കാരനായ സർക്കിൾ ഇൻസ്‌പെക്ടർ പി.ആർ. സുനുവിനെ കൂട്ടബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തത്. 
പൗരന്റെ ജീവനും സ്വത്തിനും മാത്രമല്ല മാനത്തിനു കൂടി കാവലാളാകേണ്ടവരാണ്  പോലീസുകാർ. ഇവർ തന്നെ ക്രിമിനൽ നടപടികളിൽ  ഇറങ്ങിയാൽ ജനം ആരെയാണ് ആശ്രയിക്കുക?  എല്ലാവർക്കും  മാതൃകയും സർവോപരി അവരുടെ രക്ഷകരുമാകേണ്ട സേനാംഗങ്ങളുടെ അപഥസഞ്ചാരം പൊറുക്കാനാവില്ല. 
കേരളത്തിലെ  പോലീസ് സേനയിലെ 744 പേർ ക്രിമിനൽ കേസുകളിൽ പ്രതികളായിട്ടും സേനയുടെ ഭാഗമായിത്തന്നെ തുടരുകയാണ്. ഇവരിൽ 38 പേർ പീഡന കേസുകളിലെ പ്രതികളാണ്. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക സംരക്ഷണം നൽകേണ്ട നിയമപാലകർ അവരുടെ മാനത്തിനു വില പറയുന്ന ഗുരുതരമായ സ്ഥിതിവിശേഷമാണിത്. 
അറസ്റ്റിലായ ഭർത്താവിനെ കേസിൽനിന്ന് മോചിപ്പിക്കാമെന്നു വാഗ്ദാനം നൽകിയാണത്രേ രണ്ടു കുട്ടികളുടെ മാതാവു കൂടിയായ യുവതിയെ സി.ഐ ഉൾപ്പെടെയുള്ളവർ മാനഭംഗപ്പെടുത്തിയത്. ഇയാൾ നേരത്തെയും സമാനമായ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്ന വിവരവും പുറത്തു വന്നിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ ഏറ്റവും ഹീനമായ പീഡനക്കേസിൽ പ്രതിയായ ശേഷവും ഇയാൾ പോലീസ് സ്റ്റേഷന്റെ ചുമതലക്കാരനായി അവരോധിക്കപ്പെട്ടെങ്കിൽ ഇത്തരം സംഭവങ്ങളോടുള്ള ആഭ്യന്തര വകുപ്പിന്റെ സമീപനം എത്രമേൽ ലാഘവത്വവുമുള്ളതാണെന്ന് ബോധ്യപ്പെടും. പോലീസിന്റെ അധികാരവും പദവിയും ദുരുപയോഗപ്പെടുത്തി സ്ത്രീകളുടെ ചാരിത്ര്യത്തിനു വിലയിടുന്ന ഉദ്യോഗസ്ഥർ ഒരു ദിവസം പോലും സർവീസിൽ തുടരാൻ അർഹരല്ല. ഗുരുതരമായ പെരുമാറ്റ ദൂഷ്യം ബോധ്യപ്പെട്ടാൽ അത്തരക്കാരെ പുറത്താക്കാൻ നിയമമുണ്ട്. 
രക്ഷിക്കേണ്ടവർ തന്നെ പീഡകരായി മാറുന്ന അനുഭവമായിരുന്നു വയനാട്ടിലെ പതിനേഴുകാരിക്കുണ്ടായത്. ഒരു പീഡനക്കേസിലെ ഇരയാണവൾ. കേസിലെ തെളിവെടുപ്പിനായി വനിത പോലീസ് അടങ്ങിയ സംഘം ഊട്ടിയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പിനിടെ അമ്പലവയൽ സ്റ്റേഷനിലെ ഗ്രേഡ് എ.എസ്.ഐ ടി.ജെ. ബാബു കുട്ടിയുടെ കൈയിൽ കയറിപ്പിടിച്ചെന്നും തെളിവെടുപ്പ് കഴിഞ്ഞ് മടങ്ങുമ്പോൾ സംഘത്തിലെ എസ്.ഐയും വനിത പോലീസുകാരും പുസ്തകം വാങ്ങാൻ പോയ തക്കത്തിന് ഉപദ്രവിച്ചെന്നുമാണ് പരാതി. വനിത പോലീസിനോട് കുട്ടി അപ്പോൾ തന്നെ വിവരം പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഇതൊന്നും പുറത്തു പറയരുതെന്നായിരുന്നു വിരട്ടൽ. പിന്നീട് കുട്ടിയുടെ വീട്ടുകാർ വിവരം പുറത്തു പറഞ്ഞു. ഗത്യന്തരമില്ലാതായപ്പോൾ എ.എസ്.ഐക്കെതിരെ പോക്‌സോ കേസെടുത്ത് സസ്‌പെൻഡ് ചെയ്തു. പോക്‌സോ കേസിലെ ഇരകളെ സ്റ്റേഷനിലേക്ക് വിളിപ്പിക്കരുതെന്നും പോലീസ് അവരുടെ സ്ഥലത്തേക്ക് പോയി നടപടികൾ കൈക്കൊള്ളണമെന്നുമുള്ള നിയമമൊന്നും ഇവർക്ക് ബാധകമല്ല. 
പോലീസ് സേനാംഗങ്ങൾ പ്രതികളായ പീഡന കേസുകൾ ഒട്ടും തന്നെ ലാഘവത്തോടെ കാണരുത്. നിസ്സഹായമാകുന്ന സ്ത്രീത്വത്തിന്റെ നിലവിളിയാണ് ഇത്തരം കേസുകളിൽ ഉയരുന്നത്. കുറ്റവാളികളെ പിടിക്കേണ്ട പോലീസ് തന്നെ കുറ്റം ചെയ്യാൻ മുതിർന്നാൽ സസ്‌പെൻഷനല്ല ഡിസ്മിസലാണ് ഏക പരിഹാരം. സേനയുടെ സൽപേരു നിലനിറുത്താൻ അസാധാരണ സാഹചര്യങ്ങളിൽ ഇതുപോലുള്ള കടുത്ത നടപടികൾ വേണ്ടിവരും.  ഭരണകക്ഷിയുടെ ആളാണെങ്കിൽ പോലീസ് ആക്ടും ശിക്ഷ നിയമങ്ങളുമൊന്നും ബാധകമല്ല. ഓരോ കുറ്റകൃത്യം ചെയ്യുമ്പോഴും പേരിനൊരു നടപടിയെടുത്ത് ആറു മാസം മാറ്റിനിറുത്തും. ഈ രീതി മാറിയാലല്ലാതെ കേരള പോലീസിന് സൽപേര് വീണ്ടെടുക്കാനാവില്ല. 

Latest News