വായന പകരം വെക്കാനില്ലാത്ത ഒരു സർഗ പ്രക്രിയയാണ്. പുസ്തകങ്ങൾ മാത്രമല്ല പരിസരവും പ്രകൃതിയും സഹജീവികളുമൊക്കെ നമ്മുടെ വായനയുടെ ഭാഗമാകാം. വായിക്കുകയും വളരുകയും ആ വളർച്ചയുടെ ഗുണം സമൂഹത്തിന് ലഭിക്കുകയും ചെയ്യണമെങ്കിൽ നല്ല വാക്കുകൾ പ്രചരിപ്പിക്കുകയെന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്.
പന്ത്രണ്ട് ദിവസം നീണ്ട ഷാർജ അന്താരാഷ്ട്ര പുസ്തകോൽവത്തിന് കഴിഞ്ഞ ദിവസം കൊടിയിറങ്ങി. ലോകത്തെ തന്നെ ഏറ്റവും വലിയ പുസ്തകമേളയെന്ന ഖ്യാതി സ്വന്തമാക്കിയാണ് ഈ വർഷത്തെ ഷാർജ രാജ്യാന്തര പുസ്തകോൽസവം സഹൃദയ ലോകത്തിന്റെ ശ്രദ്ധയാകർഷിച്ചത്. ചിന്തയുടെ ഭാവനയുടെയും ജീവിതാനുഭവങ്ങളുടെയും നേർചിത്രങ്ങളുമായി പതിനഞ്ച് ലക്ഷത്തോളം കൃതികൾ പ്രദർശനത്തിന് വെച്ച പുസ്തക മഹാമേള അക്ഷരാർഥത്തിൽ അക്ഷരങ്ങളുടെ സൗരഭ്യം അടയാളപ്പെടുത്തുന്നതായിരുന്നു. ലോകോത്തരങ്ങളായ കൃതികളും ഗ്രന്ഥകാരന്മാരും പ്രസാധകരുമെല്ലാം സമ്മേളിച്ച അക്ഷര നഗരി വാക്കുകൾ പരക്കട്ടെ എന്ന സുപ്രധാനമായ പ്രമേയമാണ് ലോകത്തിന് നൽകിയത്.
വായനയും പുസ്തകങ്ങളും സാംസ്കാരിക ജീവിതത്തിന്റെ അവിഭാജ്യ ഘടകങ്ങളാണെന്നും എന്തൊക്കെ മാറ്റങ്ങൾ സംഭവിച്ചാലും അവയുടെ രൂപഭാവങ്ങൾ വ്യത്യസ്തമാകുമെന്നല്ലാതെ ജീവിതത്തിൽ നിന്നും അടർത്തിയെടുക്കാനാവില്ലെന്ന സാക്ഷ്യപത്രമായി വേണം പ്രദർശനത്തിന്റെ ഓരോ ദിവസങ്ങളിലും അക്ഷര നഗരിയിലേക്കൊഴുകിയ പതിനായിരങ്ങൾ സാക്ഷ്യപ്പെടുത്തുന്നത്. പുസ്തകങ്ങളുടെ ആരാധകരും ആസ്വാദകരുമായി നിത്യവും അക്ഷര നഗരി നിറഞ്ഞു കവിഞ്ഞപ്പോൾ സാംസ്കാരിക ജീവിതത്തിന്റെ ശക്തമായ നിദർശനങ്ങളാണ് കാണാനായത്. പുസ്തകങ്ങൾ കാണുന്നതും അതിന്റെ സവിശേഷമായ മണം നുകരുന്നതു പോലും പുണ്യമായി കണ്ടാണ് പലരും അക്ഷര നഗരിയെ സജീവമാക്കിയതെങ്കിലും മറ്റു പലരും സാമൂഹികതയുടെ ഊഷ്മളമായ വേദികൾ സൃഷ്ടിച്ചാണ് സായൂജ്യമടഞ്ഞത്.
സാമൂഹിക സാംസ്കാരിക ചിന്താതലങ്ങളിൽ സവിശേഷ സ്ഥാനമുള്ള മലയാളികൾ നിറഞ്ഞുനിന്ന ആഘോഷമായിരുന്നു പുസ്തകോൽസവമെന്നത് ഓരോ മലയാളിക്കും അഭിമാനിക്കാൻ വകനൽകും. മുന്നൂറിലേറെ പുതിയ മലയാള പുസ്തകങ്ങളാണ് പുസ്തകോൽവത്തിൽ ഔദ്യോഗികമായി പ്രകാശിതമായത്. ഓരോ 25 മിനിറ്റുകളിലും ഒന്നോ അതിലധികമോ പുതിയ പുസ്തകങ്ങളുടെ പ്രകാശനവും പുസ്തകങ്ങൾ സംബന്ധിച്ച ചർച്ചകളും സർഗ സഞ്ചാരത്തിന്റെ ക്രിയാത്മക തലങ്ങൾ അടയാളപ്പെടുത്തിയപ്പോൾ സാംസ്കാരിക പ്രബുദ്ധതയും സാമൂഹികതയും കൂടുതൽ ഊഷ്മളമാവുകയായിരുന്നു. എഴുതുവാനും വായിക്കാനുമെന്ന പോലെ സാഹിത്യ സൃഷ്ടികൾ ആസ്വദിക്കുവാനും പ്രമുഖരായ എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ, സാമൂഹ്യ സാംസ്കാരിക നായകന്മാർ എന്നിവരുമായൊക്കെ സംവദിക്കാനും അവസരമൊരുക്കുന്നുവെന്നതാകും ഷാർജ പുസ്തകോൽസവത്തെ വ്യതിരിക്തമാക്കുന്നത്.
ഇന്ത്യയടക്കം 95 രാജ്യങ്ങളിൽ നിന്നായി 2213 പ്രസാധകർ പുസ്തകോത്സവത്തിന്റെ ഭാഗമായപ്പോൾ 200 സാംസ്കാരിക പരിപാടികൾ ഉൾപ്പെടെ 1500 പരിപാടികളിലും വിവിധ ഡയലോഗ് സെഷനുകളിലുമായി 15 രാജ്യങ്ങളിൽ നിന്നുള്ള 150 പ്രമുഖ അറബ്, വിദേശ എഴുത്തുകാർ, ചിന്തകർ, കലാകാരന്മാർ എന്നിവരും പങ്കെടുത്തുവെന്നത് ഷാർജ അന്താരാഷ്ട്ര പുസ്തകോൽസവം ഓരോ സന്ദർശകർക്കും അവിസ്മരണീയമാക്കി. അടുത്ത വർഷം കണ്ടുമുട്ടാമെന്ന പ്രതീക്ഷയോടെയാണ് പലരും പന്ത്രണ്ട് ദിവസത്തെ അക്ഷരമേളയോട് വളരെ വൈകാരികമായി വിട ചൊല്ലിയത്.
എഴുത്തും വായനയും മനുഷ്യരുടെ സർഗ ജീവിതത്തിന്റെ ഒഴിച്ചുകൂടനാവാത്ത അനിവാര്യതയാണ്. എഴുത്തുവിദ്യയുടെ കണ്ടുപിടിത്തം മാനവ സംസ്കാരത്തിന്റെ മുന്നേറ്റത്തിന് വഴിത്തിരിവ് സൃഷ്ടിച്ചുവെന്നതാണ് ചരിത്രം. സാങ്കേതിക വിദ്യയുടെ അതിപ്രസരം കേൾവിയുടെയും കാഴ്ചയുടെയും പുതിയ തലങ്ങളിലേക്ക് മനുഷ്യനെ കൊണ്ടുപോകുന്നുണ്ടെങ്കിലും വായനയെ ഗൗരവമായി സമീപിക്കുന്ന ഒരു വിഭാഗം ഇന്നും സജീവമായി നിലനിൽക്കുന്നുവെന്നതാണ് പുസ്തകോൽസവം നൽകുന്ന സന്ദേശം.
വാക്കുകൾ പ്രചരിപ്പിക്കുകയെന്നതാണ് ഈ വർഷത്തെ പുസ്തകോൽസവം മുന്നോട്ടുവെച്ച പ്രമേയം. നല്ല വാക്കുകൾ സമൂഹത്തിന്റെ സാംസ്കാരിക നിർമാണത്തിന് അനിവാര്യമാണ്. അത്തരം വാക്കുകളാണ് പ്രചരിപ്പിക്കേണ്ടത്. മാത്രമല്ല, ഓരോ വാക്കും വളരെ ശക്തമായ ആയുധമാണെന്നതിൽ ആവശ്യമുളള വാക്കുകൾ ആവശ്യമുള്ള സ്ഥലങ്ങളിൽ പ്രയോഗിക്കണമെന്നും ഈ പ്രമേയം ഉദ്ബോധിപ്പിക്കുന്നു. വാക്കുകൾ മുറിവേൽപിക്കാനുള്ളതല്ല. സമൂഹത്തെ ഉന്നതമായ ആശയങ്ങളിലേക്ക് നയിക്കാനും ജീവിത യാത്രയിൽ ഉണ്ടായാക്കാവുന്ന പ്രയാസങ്ങളും ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്ന മുറിവുണക്കാനുമാണ് വാക്കുകൾ പ്രയോജനപ്പെടേണ്ടത്. ആയുധങ്ങൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ ഉണങ്ങിയേക്കും എന്നാൽ വാക്കുകൾ കൊണ്ടുണ്ടാകുന്ന മുറിവുകൾ ഉണങ്ങാൻ പ്രയാസമാകുമെന്ന കാര്യം നാം ഓർക്കുക.
വ്യക്തി തലത്തിലും സമൂഹ തലത്തിലും നന്മയും പുരോഗതിയും വളർച്ചയും ഉയർച്ചയുമൊക്കെ സാധ്യമാകുന്ന വാക്കുകളാണ് പ്രചരിപ്പിക്കേണ്ടത്. പറയുന്നതും കേൾക്കുന്നതും നല്ല വാക്കുകളാകുമ്പോൾ സാംസ്കാരിക നൈതിക രംഗങ്ങളിൽ വളർന്ന് പരിലസിക്കുവാനും കൂടുതൽ നല്ല മനുഷ്യരാകുവാനും കഴിയും. പലപ്പോഴും നമ്മുടെ ഒരു വാക്കുമതിയാകും മറ്റു പലരുടെയും ജീവിതം മാറ്റിമറിക്കുവാൻ. അത്തരത്തിലുള്ള വാക്കുകളുടെ പ്രചാരമാണ് ലോകത്തിന് ആവശ്യം.
വായന പകരം വെക്കാനില്ലാത്ത ഒരു സർഗ പ്രക്രിയയാണ്. പുസ്തകങ്ങൾ മാത്രമല്ല പരിസരവും പ്രകൃതിയും സഹജീവികളുമൊക്കെ നമ്മുടെ വായനയുടെ ഭാഗമാകാം. വായിക്കുകയും വളരുകയും ആ വളർച്ചയുടെ ഗുണം സമൂഹത്തിന് ലഭിക്കുകയും ചെയ്യണമെങ്കിൽ നല്ല വാക്കുകൾ പ്രചരിപ്പിക്കുകയെന്ന ദൗത്യം നാം ഓരോരുത്തരും ഏറ്റെടുക്കേണ്ടതുണ്ട്.






