ജിദ്ദ - ലോകകപ്പ് മത്സരങ്ങൾ വീക്ഷിക്കാൻ ഖത്തറിലേക്ക് പോകാൻ ആഗ്രഹിക്കുന്ന ഫുട്‌ബോൾ പ്രേമികളെ സ്വീകരിക്കാൻ മുഴുവൻ ഒരുക്കങ്ങളും പൂർത്തിയാക്കിയതായി ജിദ്ദ എയർപോർട്ട്‌സ് കമ്പനി അറിയിച്ചു. പതിവ് സർവീസുകളും പ്രതിദിന ഷട്ടിൽ സർവീസുകളുമായി ജിദ്ദ വിമാനത്താവളത്തിൽ നിന്ന് ദോഹയിലേക്കുള്ള സർവീസുകളുടെ എണ്ണം കുത്തനെ ഉയർത്തിയിട്ടുണ്ട്.
ജിദ്ദയിൽ നിന്നുള്ള ലോകകപ്പ് സർവീസുകൾക്ക് ഈ മാസം 13 ന് തുടക്കമായിട്ടുണ്ട്. ഡിസംബർ 23 വരെ ഇത് തുടരും. സാദാ (ഷെഡ്യൂൾ) സർവീസുകൾക്ക് ഒന്നാം നമ്പർ ടെർമിനലും മത്സരം നടക്കുന്ന ദിവസം ദോഹയിലെത്തി കളി പൂർത്തിയായ ശേഷം അതേ ദിവസം തിരിച്ചുവരാൻ അവസരമൊരുക്കുന്ന ഷട്ടിൽ സർവീസുകൾക്ക് ഹജ് ടെർമിനലും നീക്കിവെച്ചിട്ടുണ്ട്.
ഹജ് ടെർമിനലിൽ 17-ാം നമ്പർ ഗെയ്റ്റിനു മുന്നിലെ പാർക്കിംഗിനു സമീപത്തെ അസംബ്ലി പോയിന്റിലാണ് ഖത്തറിലേക്ക് പോകുന്ന ഫുട്‌ബോൾ പ്രേമികളെ സ്വീകരിക്കുക. ഹജ് ടെർമിനലിലെ പാർക്കിംഗ് 3,000 കാറുകൾ നിർത്തിയിടാൻ വിശാലമാണ്.
ഹയ്യാ കാർഡും പാസ്‌പോർട്ടും ബോർഡിംഗ് പാസും കൈവശമുണ്ടെന്ന് ഉറപ്പുവരുത്തിയും ബുക്കിംഗിൽ നിർണയിച്ച ഡെസ്റ്റിനേഷനും സർവീസ് ഇനവും യോജിക്കുന്നതായി പരിശോധിച്ചും യാത്രക്കാരെ ബസുകളിൽ ഹജ് ടെർമിനലിൽ എത്തിക്കും. അസംബ്ലി പോയിന്റിൽ നിന്ന് ഹജ് ടെർമിനലിലേക്ക് ഇരുപത്തിനാലു മണിക്കൂറും ഷട്ടിൽ സർവീസുകൾ നടത്താൻ 18 ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. ജിദ്ദയിൽ നിന്ന് സൗദിയ, ഖത്തർ എയർവെയ്‌സ്, ഫ്‌ളൈ നാസ് വിമാനങ്ങളാണ് ലോകകപ്പ് പ്രേമികൾക്കു വേണ്ടി ഖത്തർ സർവീസുകൾ നടത്തുന്നത്.
ജിദ്ദ ഒന്നാം നമ്പർ ടെർമിനലിൽ നിന്നുള്ള സാദാ സർവീസുകൾ ദോഹയിലെ പുതിയ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലാണ് ഇങ്ങുക. ഹജ് ടെർമിനലിൽ നിന്നുള്ള ഷട്ടിൽ സർവീസുകൾ പഴയ ദോഹ എയർപോർട്ടിലാണ് ഇറങ്ങുക. ഷട്ടിൽ സർവീസുകൾ നടത്തുന്നത് സൗദിയ ആണ്. യാത്രാ നടപടികൾ വേഗത്തിലാക്കാൻ ഷട്ടിൽ സർവീസുകളിൽ ഹാന്റ് ബാഗേജ് മാത്രമേ അനുവദിക്കുകയുള്ളൂ.
ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിന്റെ പ്രവേശന കവാടങ്ങൾ സൗദി ടീമിന്റെ നിറങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. കളിക്കാരുടെ ഫോട്ടോകൾക്കു സമീപം സെൽഫികളെടുക്കാനുള്ള സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. ലോകകപ്പിലെ ഓരോ മത്സരത്തിലെയും വിജയികളെ പ്രവചിക്കുന്ന മത്സരവും നടത്തുന്നുണ്ട്. പ്രവചന വിജയികൾക്ക് ഐഫോണുകൾ അടക്കമുള്ള സമ്മാനങ്ങൾ വിതരണം ചെയ്യും.
കളിക്കാരുടെ ശിൽപങ്ങളും ലോകകപ്പിന്റെ മാതൃകയും അടങ്ങിയ പ്രത്യേക ഏരിയ ഹജ് ടെർമിനലിൽ ഒരുക്കിയിട്ടുണ്ട്. വിജയവും കളികളുമായി ബന്ധപ്പെട്ട മറ്റു വിവരങ്ങളും പ്രവചിക്കുന്ന നാലിനം മത്സരങ്ങൾ ഹജ് ടെർമിനലിൽ സംഘടിപ്പിക്കും. ഫുട്‌ബോൾ പ്രേമികൾക്കു വേണ്ടി എട്ടു റെസ്റ്റോറന്റുകളും കഫേകളും മറ്റു അടിസ്ഥാന സൗകര്യങ്ങളും ഹജ് ടെർമിനലിൽ ഏർപ്പെടുത്തിയിട്ടുണ്ട്.