കൊച്ചി - ആരോഗ്യനില മോശമായതിനെ തുടർന്ന് നടി സുമ ജയറാം ആശുപത്രിയിൽ. സോഷ്യൽ മീഡിയയിലൂടെ നടി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ആരോഗ്യനില തൃപ്തികരമല്ല, എല്ലാവരും പ്രാർത്ഥിക്കണമെന്നാണ് കുറിപ്പ്.
എന്താണ് അസുഖമെന്ന് വ്യക്തമാക്കിയിട്ടില്ല. പോസ്റ്റ് വൈറലായതോടെ നിരവധി പേർ വേഗം സുഖം പ്രാപിക്കാൻ പ്രാർത്ഥന അറിയിച്ചിട്ടുണ്ട്. 90-കളിൽ മലയാള സിനിമയിൽ ചെറുതും വലുതുമായ വേഷങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് സുമ ജയറാം. മമ്മൂട്ടിക്കും മോഹൻലാലിനും ദിലീപിനും ഒപ്പം തിളങ്ങിയ നടിയാണ്. ഇപ്പോൾ സിനിമകളിൽ അഭിനയിക്കുന്നില്ലെങ്കിലും സോഷ്യൽമീഡിയയിൽ സജീവമാണ്. തന്റെ ആരാധകരുമായി സുമ സംവദിക്കുന്നതും വിശേഷങ്ങൾ പങ്കിടുന്നതുമെല്ലാം സോഷ്യൽമീഡിയ വഴിയാണ്.
2013-ലാണ് ബാല്യകാല സുഹൃത്ത് ലല്ലുഷ് ഫിലിപ്പ് മാത്യുവുമായുള്ള സുമയുടെ വിവാഹം. അടുത്തിടെ 48-ാം വയസ്സിലാണ് ഇരട്ട കുട്ടികൾ ജനിച്ചത്. രണ്ടും ആൺകുട്ടികളാണ്. ശിശുദിനത്തിൽ ചാച്ചാജിയുടെ വേഷത്തിൽ ഇരിക്കുന്ന മക്കളുടെ ചിത്രങ്ങൾ അവർ പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറച്ച് ദിവസമായി മക്കൾക്കൊപ്പം യാത്രകളിലും അവധി ആഘോഷത്തിലും മറ്റുമായിരുന്നു അവർ.
ഇഷ്ടം,ക്രൈം ഫയൽ, ഭർത്താവുദ്യോഗം, കുട്ടേട്ടൻ, എന്റെ സൂര്യപുത്രിക്ക് തുടങ്ങി നിരവധി ചിത്രങ്ങളിൽ സുമ അഭിനയിച്ചിട്ടുണ്ട്. 1988ൽ ഉൽസവപ്പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ സുമ അരങ്ങേറ്റം കുറിച്ചത്. മമ്മൂട്ടി നായകനായ കുട്ടേട്ടനിലെ കഥാപാത്രമാണ് പ്രേക്ഷകമനസ്സിൽ സുമയുടെ സ്ഥാനം ഉറപ്പിച്ചത്. 1990ൽ സിൽക്ക് സ്മിത അഭിനയിച്ച നാളെ എന്നുണ്ടോ എന്ന ചിത്രത്തിത്തിലും അഭിനയിച്ചിട്ടുണ്ട്. 1990ൽ വചനം എന്ന ചിത്രത്തിലും കൺഗ്രാജുലേഷൻസ് മിസ് അനിത മേനോനിലും അഭിനയിച്ചിട്ടുണ്ട്. ദിലീപിനൊപ്പം ഇഷ്ടത്തിൽ അഭിനയിച്ച ശേഷം അഭിനയത്തിൽനിന്ന് ഇടവേളയെടുക്കുകയായിരുന്നു. മിനിസ്ക്രീനിലും ഒരു കാലത്ത് സുമ തിളങ്ങിയിരുന്നു. അവരുടെ അസുഖം എത്രയും വേഗത്തിൽ ഭേദമാവാനുള്ള പ്രാർത്ഥനയിലാണ് ആരാധകർ.






