പാമ്പ് കടിയേറ്റ യുവാവ് പോലീസ് സ്‌റ്റേഷനില്‍ ഓടിക്കയറി, ഉടന്‍ ആശുപത്രിയിലെത്തിച്ച് പോലീസുകാര്‍

തൊടുപുഴ- പാമ്പ് കടിച്ചെന്ന് നിലവിളിച്ച് കരിങ്കുന്നം പോലീസ് സ്‌റ്റേഷനിലേക്ക് ഓടിക്കയറിവന്ന യുവാവിനെക്കണ്ട് പോലീസുകാര്‍ അമ്പരന്നു. പിന്നീട് ഒരു നിമിഷം പോലും പാഴാക്കാതെ യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. തുടര്‍ന്ന് പോലീസ് ജീപ്പില്‍ യുവാവിനെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കരിമണ്ണൂര്‍ കോട്ടക്കവല കോട്ടയില്‍ ജിത്തു തങ്കച്ചന്‍ (18) ആണ് സഹായം ചോദിച്ചു പോലീസ് സ്‌റ്റേഷനിലെത്തിയത്. ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ജ്യോതിഷ്, അക്ബര്‍, സിപിഒ ഉമേഷ് എന്നിവര്‍ ചേര്‍ന്ന് യുവാവിന് പ്രഥമശുശ്രൂഷ നല്‍കി. പട്രോളിങ് നടത്തുകയായിരുന്ന എഎസ്‌ഐ ഷാജു, സീനിയര്‍ സിപിഒ മധു എന്നിവരെ വിവരം അറിയിച്ചതോടെ ഉടന്‍ ജീപ്പുമായെത്തി ജിത്തുവിനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാക്കി.
സ്വദേശമായ കരിമണ്ണൂരില്‍നിന്ന് ബന്ധുക്കള്‍ താമസിക്കുന്ന പാറക്കടവിലെ വീട്ടിലേക്കു വരുന്ന വഴിയില്‍ ബൈക്കിന്റെ ഹാന്‍ഡിലില്‍ കയറിക്കൂടിയ പാമ്പാണ് ജിത്തുവിന്റെ കയ്യില്‍ കടിച്ചത്. വഴിയിലും മറ്റും സഹായത്തിനായി ആരെയും കാണാതിരുന്നതിനാലാണ് പോലീസ് സ്‌റ്റേഷനിലേക്ക് ഓടിച്ചുവന്നതെന്ന് യുവാവ് പറഞ്ഞു. ടൈല്‍ പണിക്കാരനാണ് ജിത്തു. ഏതാനും ദിവസമായി ബൈക്ക് ഓടിക്കാതെ വച്ചിരിക്കുകയായിരുന്നു. ഇതിനിടയിലാകാം പാമ്പ് ബൈക്കില്‍ കയറിയതെന്നു സംശയിക്കുന്നതായി ജിത്തു പറഞ്ഞു.

 

Latest News