അല്‍ഐനില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി  പീഡിപ്പിച്ച മൂന്ന് പേര്‍ പിടിയില്‍

അല്‍ ഐന്‍- ഭര്‍തൃമതിയായ യുവതിയെ നഗരത്തില്‍നിന്ന് തട്ടിക്കൊണ്ടു പോയി കൂട്ടബലാല്‍സംഗത്തിനിരയാക്കിയ മൂന്ന് അറബ് യുവാക്കളെ പോലീസ് പിടികൂടി. പതിനേഴിനും 25നുമിടയില്‍ പ്രായമുള്ള യുവാക്കളാണ് 30ലേറെ പ്രായമുള്ള ഏഷ്യന്‍ യുവതിയെ പീഡനത്തിനിരയാക്കിയത്. അര്‍ധരാത്രിയാണ് നഗരത്തിലെ ഒരു തെരുവില്‍നിന്ന് യുവതിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോയതെന്ന് കോടതി രേഖകള്‍ പറയുന്നു. ബലംപ്രയോഗിച്ച് വാഹനത്തില്‍ വലിച്ചുകയറ്റിയ യുവതിയെ ഇവര്‍ ആളൊഴിഞ്ഞ പ്രദേശത്തെത്തിച്ച് ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു. 

അല്‍ ഐനിലെ ഒരു ഷോപ്പിങ് മാളില്‍ ജോലി ചെയ്യുന്ന യുവതി തിരികെ താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ആക്രമണമുണ്ടായതെന്ന് പോലീസ് പറഞ്ഞു. വാഹനത്തില്‍ നിന്നിറങ്ങിയ ഒരു യുവാവ് തന്നെ പിടികൂടിയപ്പോള്‍ വെറുതെ വിടണമെന്ന് യാചിക്കുകയും നിലവിളിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ലെന്ന് യുവതി പോലീസിനോട് പറഞ്ഞു. വിദൂരത്ത് കൊണ്ടു പോയി പീഡിപ്പിച്ച ശേഷം തിരികെ പിടികൂടിയ സ്ഥലത്തു തന്നെ യുവതിയെ പ്രതികള്‍ ഇറക്കിവിടുകയായിരുന്നു.

ഇരുട്ടായതിനാല്‍ പ്രതികളുടെ മുഖമോ വാഹനത്തിന്റെ രജിസ്ട്രേഷന്‍ നമ്പറോ യുവതിക്ക് കാണാന്‍ കഴിഞ്ഞിരുന്നില്ല. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങല്‍ ശേഖരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ വലയിലായത്. ഇവര്‍ കുറ്റം സമ്മതിച്ചതായി പോലീസ് പറഞ്ഞു. യുവതിയെ തട്ടിക്കൊണ്ടു പോകല്‍, നിയമവിരുദ്ധമായി തടങ്കലിലിടല്‍, ബലാല്‍സംഗം എന്നീ കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളത്. ഇവരുടെ വാദം കേള്‍ക്കാനായി അല്‍ ഐന്‍ ക്രിമിനല്‍ കോടതി കേസ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചു.

Latest News