മക്ക - ഉംറ കര്‍മം നിര്‍വഹിക്കുന്നതിനിടെ 120 സെക്കന്റോളം നേരം ഹൃദയമിടിപ്പ് നിലച്ച പാക്കിസ്ഥാനി തീര്‍ഥാടകന്റെ ജീവന്‍ കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റി റാപിഡ് റെസ്‌പോണ്‍സ് ടീം രക്ഷിച്ചു. ഹൃദയമിടിപ്പ് നിലച്ച തീര്‍ഥാടകനെ അടിയന്തിര പ്രാഥമിക ശുശ്രൂഷകള്‍ നല്‍കി ഹറം ആശുപത്രിയില്‍ നിന്ന് കിംഗ് അബ്ദുല്ല മെഡിക്കല്‍ സിറ്റിയില്‍ എത്തിക്കുകയായിരുന്നു. ആവശ്യമായ പരിശോധനകളും സി.ടി സ്‌കാനിംഗും നടത്തിയതില്‍ നിന്ന് തീര്‍ഥാടകന്റെ ഹൃദയപേശികള്‍ക്ക് ബലഹീനതയുള്ളതായും അയോര്‍ട്ടിക് വാല്‍വ് ഇടുങ്ങിയതായും വ്യക്തമായി.
തീര്‍ഥാടകന് ഉടന്‍ തന്നെ അടിയന്തിര ശസ്ത്രക്രിയ നടത്താന്‍ മെഡിക്കല്‍ സംഘം തീരുമാനിച്ചു. ഓപ്പറേഷനിലൂടെ അയോര്‍ട്ട വികസിപ്പിക്കുകയും, ഹൃദയപേശികളുടെ ബലഹീനത കണക്കിലെടുത്ത് ശരീരത്തിന് പുറത്ത് എക്‌സ്ട്രാകോര്‍പോറിയല്‍ മെമ്പ്രേയ്ന്‍ ഓക്‌സിജനേഷന്‍ മെഷീന്‍ സ്ഥാപിക്കുകയുമായിരുന്നു. ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയ ശേഷം രോഗിയെ കാര്‍ഡിയാക് ഐ.സി.യുവില്‍ പ്രവേശിപ്പിച്ച് ആരോഗ്യ സ്ഥിതി നിരീക്ഷിച്ചു. രോഗം പൂര്‍ണമായും ഭേദമായി തീര്‍ഥാടകന്‍ ആശുപത്രി വിട്ടതായും മക്ക ഹെല്‍ത്ത് ക്ലസ്റ്റര്‍ അറിയിച്ചു.