ജിദ്ദയില്‍ ലോകകപ്പിനെ വരവേല്‍ക്കാന്‍ വര്‍ണാഭ പരിപാടികളുമായി കേരള പൗരാവലി

ജിദ്ദ കേരള പൗരാവലി ഭാരവാഹികള്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍.

ജിദ്ദ- നവംബര്‍ ഇരുപതിന്  ഖത്തറില്‍ കിക്ക് ഓഫ് ചെയ്യുന്ന ലോകകപ്പിനെ വരവേല്‍ക്കാന്‍ ജിദ്ദ കേരള പൗരാവലി വര്‍ണാഭ പരിപാടികളുമായി വേള്‍ഡ് കപ്പ് ഫിയസ്റ്റ സംഘടിപ്പിക്കുന്നു.  18 വെള്ളിയാഴ്ച വൈകീട്ട് 5.30 മുതല്‍ ജിദ്ദ ഖാലിദ് ബിന്‍ വലീദ് റിയല്‍ കേരള സ്‌റ്റേഡിയത്തിലാണ് പരിപാടി. സെവന്‍സ് സോക്കര്‍, മാര്‍ച്ച് പാസ്റ്റ്്, ഷൂട്ട് ഔട്ട്, ഗേള്‍സ് ഫുട്‌ബോള്‍, അര്‍ജന്റീന 7 ആന്റ് ബ്രസീല്‍ 7, ഫ് ളാഷ് മോബ്, ഓട്ടംതുള്ളല്‍, ഒപ്പന തുങ്ങി വിവിധ കേരളീയ കലാ രൂപങ്ങള്‍  ഫിയസ്റ്റയുടെ ഭാഗമായി അരങ്ങേറുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കേരളത്തിലെ 14 ജില്ലകളില്‍ നിന്നുമുള്ള ജില്ലാ പ്രാദേശിക കൂട്ടായ്മയിലെ കലാ കായിക പ്രേമികളുടെ സാന്നിധ്യം പരിപാടികളിലുണ്ടാകും. തിരുവന്തപുരം സ്വദേശി സംഗമം, ജെഎന്‍എച്ച് എഫ്.സി, ജിദ്ദ പാന്തേഴ്‌സ് ഫോറം, കൊല്ലം ജില്ലാ പ്രവാസി കൂട്ടായ്മ, വയനാട്, തൃശൂര്‍, കോഴിക്കോട് തുടങ്ങിയ ജില്ലാ സംഘടനകള്‍ക്ക് പുറമെ ടീം തരിവളയും ഇശല്‍ കലാ വേദിയും  പാരിപാടിയുടെ ഭാഗമാകും.
തുറായ റോയല്‍ എഫ്‌സി, ഗ്ലോബ് എഫ്‌സി, ഇത്തിഹാദ് എഫ്‌സി, കെഎല്‍ ടെന്‍ ജിദ്ദ എഫദസി, ജസാ സ്‌പോര്‍ട്‌സ് അക്കാഡമി എന്നീ  ടീമുകളാണ് ലീഗ് അടിസ്ഥാനത്തിലുള്ള സെവന്‍സ് സോക്കറില്‍ മത്സരിക്കുന്നത്. വേള്‍ഡ് കപ്പ്  മാതൃകയിലുള്ള ട്രോഫിയും ക്യാഷ് അവാര്‍ഡും വിജയികള്‍ക്ക് സമ്മാനമായി നല്‍കും. വേള്‍ഡ് കപ്പ് ഫിയസ്റ്റയോട് അനുബന്ധിച്ച്  വിതരണം ചെയ്യുന്ന സമ്മാന കൂപ്പണിലെ വിജയികള്‍ക്ക് മൂന്ന് ടെലിവിഷനുകള്‍ സമ്മാനിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു.
ജിദ്ദ പൗരാവലി ചെയര്‍മാന്‍ കബീര്‍ കൊണ്ടോട്ടി. ജനറല്‍ കണ്‍വീനര്‍ മന്‍സൂര്‍ വയനാട്, ട്രഷറര്‍ ഷരീഫ് അറക്കല്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹിഫ്‌സുറഹ്മാന്‍, ടൂര്‍ണ്ണമെന്റ് കമ്മിറ്റി കണ്‍വീനര്‍ റാഫി ബീമാപള്ളി  എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.


 

 

Latest News