ശിശുദിനവും പോക്‌സോ വാർഷികവും കടന്നുപോകുമ്പോൾ

കുട്ടികൾക്കെതിരായ ലൈംഗികാതിക്രമണങ്ങൾ തടയാനായി രൂപം കൊടുത്ത ഏറ്റവും ശക്തമായ നിയമമെന്നറിയപ്പെടുന്ന പോക്‌സോ നിയമത്തിന് പത്താണ്ട് തികയുന്ന സാഹചര്യത്തിലാണ് ഇക്കുറി ശിശുദിനം കടന്നുപോയത്. അതാകട്ടെ, പോക്‌സോ കേസിൽ ഇരയായ ഒരു പെൺകുട്ടിയെ ആ കേസന്വേഷണത്തിനിടയിൽ ഒരു പോലീസ് ഉദ്യോഗസ്ഥൻ തന്നെ പീഡിപ്പിച്ച വാർത്തക്കൊപ്പം. പോലീസിനെതിരെ നിരവധി ഗൗരവപരമായ ആരോപണങ്ങൾ ഉയരുമ്പോഴാണ് ഈ സംഭവവും നടന്നിരിക്കുന്നത്. ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രിയുടെ  പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ വനിത നേതാവ് ശ്രീമതി ടീച്ചർക്ക് പോലും വേലി തന്നെ വിളവു തിന്നുന്നോ എന്ന് ശിശുദിനത്തിൽ തന്നെ ചോദിക്കേണ്ടി വന്നു എന്നത് സംഗതിയുട ഗൗരവം വ്യക്തമാക്കുന്നു. 

കഴിഞ്ഞില്ല, മറ്റൊരു ശ്രദ്ധേയമായ വാർത്തയും ഇതേ ദിവസം തന്നെ പുറത്തു വന്നിട്ടുണ്ട്. കോട്ടയം മാന്നാനത്ത് പോക്‌സോ കേസ് ഇരകളായ ഒമ്പത് പെൺകുട്ടികളെ കാണാതായി എന്നതാണത്.  ശിശുക്ഷേമ സമിതിയുടെ അഭയകേന്ദ്രത്തിൽ നിന്നാണ് കുട്ടികളെ കാണാതായിരിക്കുന്നത്.  ഒന്നു മുതൽ രണ്ട് വർഷം വരെയായി ഇവർ ഇവിടെയാണ് താമസിക്കുന്നത്. ഇത്തരം കേന്ദ്രങ്ങൾ ശിശുസൗഹൃദമല്ല എന്ന വിമർശനം ഏറെകാലമായി നിലനിൽക്കുമ്പോഴാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. 

തീർച്ചയായും  പോക്‌സോ നിയമം നേരിടുന്ന വെല്ലുവിളികൾ തന്നെയാണ് ഈ പത്താം വാർഷികത്തിൽ ഗൗരവമായി ചർച്ച ചെയേണ്ടത്.   2012 ലാണ് രാജ്യത്ത് പോക്‌സോ നിയമത്തിനു രൂപം കൊടുത്തത്. അതുവരെ ഇന്ത്യൻ ശിക്ഷ നിയമവും ക്രിമിനൽ നടപടി നിയമവുമൊന്നും കുട്ടി എന്ന പ്രത്യേക പരിഗണന നൽകിയിരുന്നില്ല. യു എന്നി ന്റെ കുട്ടികളുടെ അവകാശ പത്രിക ഇന്ത്യ അംഗീകരിച്ചിട്ടും അതായിരുന്നു അവസ്ഥ. അതിനാൽ തന്നെ കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കേസുകളിൽ നീതി ലഭിക്കുക എളുപ്പമായിരുന്നില്ല. തീർച്ചയായും പോക്‌സോ നിയമം വളരെ ശക്തമാണ്. എന്നിട്ടും കുട്ടികൾക്കെതിരായ ലൈംഗികാതിക്രമ കേസുകൾ വർധിക്കുന്നു എന്നതാണ് ഖേദകരം. ഔദ്യോഗിക കണക്കു പ്രകാരം 2012 ൽ 77, 2013- 1016, 2014- 1325, 2015- 1583, 2016- 2122, 2017- 2697, 2018- 3179,, 2019- 3609, 2020- 3056, 2021- 3549 എന്നിങ്ങനെയാണ് കണക്കുകൾ. അപ്പോഴും പ്രതികൾ മിക്കവാറും ഇരകളുടെ വീടുമായി അടുപ്പമുള്ളവരോ ബന്ധുക്കളോ അധ്യാപകരോ ആകുമെന്നതിനാൽ വളരെ ചെറിയ ഭാഗം മാത്രമേ പുറത്തുവരൂ എന്നതാണ് വാസ്തവം. 

എടുക്കുന്ന കേസുകളിൽ തന്നെ ഭൂരിഭാഗവും ശിക്ഷിക്കപ്പെടുന്നില്ല എന്നതും കാണണം. സംസ്ഥാനത്ത് ആയിരക്കണക്കിന് കേസുകളാണ് തീർപ്പാകാതെ കിടക്കുന്നത്. പ്രതികളിൽ ഭൂരിഭാഗവും കുട്ടികളുമായോ അവരുടെ കുടുംബവുമായോ അടുപ്പമുള്ളവരായിരിക്കും. അതിനാൽ തന്നെ കേസുകൾ അനന്തമായി നീളുമ്പോൾ കുട്ടികളുടെയും  വീടുകാരുടെയും മേൽ സമ്മർദദ്ദമേറുകയും അവർ മൊഴി മാറ്റിപ്പറയുന്നതും നിരന്തരമായി ആവർത്തിക്കുന്നു. 

ലൈംഗിക ആക്രമണം, ലൈംഗിക പീഡനം, അശ്ലീലത തുടങ്ങിയ കുറ്റകൃത്യങ്ങളിൽനിന്നും കുട്ടികളെ സംരക്ഷിക്കുന്നതിനും അങ്ങനെയുള്ള കുറ്റകൃത്യങ്ങളുടെ വിചാരണക്കു വേണ്ടി സ്‌പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിനും അതുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങൾക്കും വേണ്ടിയാണ് 10 വർഷം മുമ്പ് പോക്‌സോ  നിയമം നടപ്പാക്കിയത്. കുട്ടിയെ നിയമ വിരുദ്ധമായി ലൈംഗിക കൃത്യങ്ങളിൽ ഏർപ്പെടാൻ പ്രേരിപ്പിക്കുകയും നിർബന്ധിപ്പിക്കുകയും ചെയ്യുക, വേശ്യാവൃത്തിക്കോ മറ്റു നിയമവിരുദ്ധ ലൈംഗിക പ്രവർത്തനങ്ങൾക്കോ വേണ്ടി ചൂഷണം ചെയ്യുക, അശ്ലീല വസ്തുക്കൾ നിർമിക്കുന്നതിനും അവ അനുകരിക്കുന്നതിനും പ്രേരിപ്പിക്കുക തുടങ്ങിയ സാഹചര്യങ്ങൾ ഫലപ്രദമായി തടയുന്നതിനു വേണ്ടിയാണ് ഇത്തരമൊരു നിയമം  പ്രാബല്യത്തിൽ വരുത്തിയത്.

പോക്‌സോ നിയമമനുസരിച്ച് ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണത്തിന് 7 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെ ആകാവുന്നതുമായ കാലത്തേക്ക് രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും  പിഴശിക്ഷക്കും അർഹരാകുന്നതാണ്. ഗൗരവപരമായ ലൈംഗിക കടന്നുകയറ്റത്തിലൂടെയുള്ള ആക്രമണമാണെങ്കിൽ അത് 10 വർഷത്തിൽ കുറയാത്തതും ജീവപര്യന്തം വരെയാകാവുന്നതുമായ കാലത്തേക്ക് കഠിനതടവിനും  പിഴക്കും ശിക്ഷാർഹരാകും.   ലൈംഗിക ആക്രമണമാകട്ടെ, 3 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും  പിഴശിക്ഷക്കും കൂടി അർഹനായിത്തീരുന്നതാണ്. ഗൗരവതരമായ ലൈംഗിക ആക്രമണം 3 വർഷത്തിൽ കുറയാത്തതും ഏഴു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴശിക്ഷക്കും കൂടി അർഹനാകും. 
ലൈംഗിക പീഡനം 3 വർഷത്തിൽ കുറയാത്തതും അഞ്ചു വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴശിക്ഷക്കും കാരണമാകും. അശ്ലീല കാര്യങ്ങൾക്കു വേണ്ടി  കുട്ടിയെ ഉപയോഗിക്കൽ 8 വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും പിഴശിക്ഷക്കും അർഹനാക്കും.  കുട്ടി ഉൾപ്പെടുന്ന അശ്ലീല സാമഗ്രികൾ ശേഖരിച്ചുവെച്ചാൽ 3 വർഷം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും  പിഴശിക്ഷക്കും അർഹനാകുന്നതുമാണ്. കുറ്റകൃത്യം റിപ്പോർട്ട് ചെയ്യുന്നതിലോ റെക്കോർഡ് ചെയ്യുന്നതിലോ വീഴ്ച വരുത്തിയാൽ 6 മാസം വരെ ആകാവുന്ന രണ്ടിലേതെങ്കിലും തരത്തിൽപെട്ട തടവുശിക്ഷക്കും കൂടാതെ പിഴശിക്ഷക്കും അർഹനാകും. മാധ്യമത്തിലെ റിപ്പോർട്ടിലൂടെയും കുട്ടിയെ തിരിച്ചറിയുന്ന തരത്തിൽ  പേര്, വിലാസം, ഫോട്ടോ, കുടുംബ വിവരങ്ങൾ, സ്‌കൂൾ, അയൽവാസം അല്ലെങ്കിൽ കുട്ടിയെ തിരിച്ചറിയാൻ സഹായിക്കുന്ന തരത്തിലുള്ള മറ്റു വിവരങ്ങൾ അടങ്ങിയ റിപ്പോർട്ടുകൾ വെളിപ്പെടുത്തിയാൽ 6 മാസത്തിൽ കുറയാത്തതും ഒരു വർഷം വരെ ആകാവുന്നതുമായ തടവിനും അല്ലെങ്കിൽ പിഴക്കും അല്ലെങ്കിൽ രണ്ടിനും കൂടി ശിക്ഷാർഹനാകുന്നതുമാണ്. ഇത്രക്കൊക്കെ ശക്തമായ നിയമമാണ് പോക്‌സോ എന്ന് അവകാശപ്പെടുമ്പോഴും കുറ്റങ്ങൾ വർധിക്കുകയാണെന്നതാണ് വസ്തുത.
    
കേസന്വേഷണത്തിനും നിരവധി നിർദേശങ്ങൾ നിയമത്തിലുണ്ട്. മൊഴി രേഖപ്പെടുത്തേണ്ടത് പീഡനത്തിന് ഇരയായത് പെൺകുട്ടിയാണെങ്കിൽ വൈദ്യപരിശോധന നടത്തേണ്ടത് ഒരു വനിത ഡോക്ടറായിരിക്കണം. ഒരു കുട്ടിയാണ് കുറ്റകൃത്യം ചെയ്യുന്നതെങ്കിൽ അതിന് പാലിക്കേണ്ട നടപടിക്രമവും സ്‌പെഷ്യൽ കോടതി വയസ്സ് നിർണയിക്കുന്ന രീതിയും  2000 ലെ ബാലനീതി (കുട്ടികളുടെ പരിചരണവും സംരക്ഷണവും) ആക്ടി (2000ലെ 56) ലെ വ്യവസ്ഥകൾക്ക് അനുസൃതമായിരിക്കും. കുട്ടി മൊഴി നൽകുന്ന സമയം യാതൊരു കാരണവശാലും പ്രതിയെ കുട്ടി കാണുന്നില്ലെന്നും അതേ സമയം കുട്ടി പറയുന്നത് പ്രതിക്ക് കേൾക്കാൻ കഴിയുന്നുണ്ടെന്നും അയാൾക്ക് അഭിഭാഷകനോട് ആശയവിനിമയം നടത്താൻ കഴിയുന്നുണ്ടെന്നും ഉറപ്പു വരുത്തേണ്ടതാണ്. കുട്ടിയുടെ രക്ഷാകർത്താക്കളുടെയോ കുട്ടിക്ക് പൂർണ വിശ്വാസമുള്ള ആളുടെ സാന്നിധ്യത്തിൽ രഹസ്യമായിട്ടായിരിക്കണം വിചാരണ നടത്തേണ്ടത്.

Latest News