Sorry, you need to enable JavaScript to visit this website.

ചെന്നൈയില്‍ നിന്ന് മൈസുരുവിലേക്ക് ഇനി എളുപ്പം പറക്കാം

കേരളത്തിന്റെ പടിവാതിൽക്കൽ -പ്രമുഖ ദക്ഷിണേന്ത്യൻ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് ആദ്യ സർവീസ്- സൗത്തിലെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനിൽ എളുപ്പമെത്താം.

ഇന്ത്യയിൽ നിർമിച്ച സെമി ഹൈസ്പീഡ് ട്രെയിൻ സർവീസായ വന്ദേഭാരത് ദക്ഷിണേന്ത്യയിലുമെത്തി. സൗത്തിന്റെ തലസ്ഥാനമെന്ന്് വിശേഷിപ്പിക്കാവുന്ന ചെന്നൈ മഹാനഗരത്തെ ഐടി -സ്റ്റാർട്ട്പ്പ് ഹബായ ബംഗളൂരുവുമായി ബന്ധിപ്പിക്കുന്നതാണ് ഇത്. യാത്ര അവസാനിക്കുന്നതോ ദക്ഷിണേന്ത്യയിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ മൈസൂരു നഗരത്തിലും. വടക്കേ ഇന്ത്യയിൽ നിന്ന് എല്ലാ സീസണിലും ധാരാളം ടൂറിസ്റ്റുകൾ എത്തിച്ചേരുന്ന സ്‌പോട്ടാണ് മൈസൂരു. ദസറ കാലമായാൽ തിരക്കിന്റെ കാര്യം പറയാനുമില്ല. മൈസൂരുവിലാണ് സർവീസ് തീരുന്നതെങ്കിലും കർണാടകയിലെ കുടക്, കേരളത്തിലെ വയനാട്, നീലഗിരി മലനിരകളുടെ റാണിയായ ഊട്ടി തുടങ്ങിയ പ്രദേശങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികൾക്കും ആശ്രയിക്കാവുന്ന വേഗം കൂടിയ ട്രെയിൻ സർവീസാണിത്. ഡി.എം.കെ ഭരിക്കുന്ന തമിഴക തലസ്ഥാനമായ ചെന്നൈയിൽ നിന്നാണ് സർവീസുകളുടെ തുടക്കം. ഏറെ വൈകാതെ നിയമസഭ തെരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുന്ന കർണാടകയാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കൾ. ഒരു കാര്യം തീർത്തു പറയാം. ഏറെ വൈകാതെ വാളയാർ ചുരം കടന്ന് വന്ദേഭാരത് കേരളത്തിലുമെത്തും. പ്രത്യേകിച്ച് പാലക്കാട്-മംഗളൂരു പാത വേഗം കൂടിയ ട്രെയിൻ ഓടിക്കാൻ അനുയോജ്യമാണെന്നാണ് സാങ്കേതിക വിഭാഗത്തിന്റെ റിപ്പോർട്ട്്. എറണാകുളം-തിരുവനന്തപുരം സെക്ടർ കൂടി മെച്ചപ്പെടുത്തിയാൽ ഇതിന്റെ പ്രയോജനം കേരളത്തിനാകെ ലഭിക്കും. പഴയ നമ്പർ വൺ മദ്രാസ് മെയിലിന്റെ റൂട്ടായ മംഗലാപുരം-ചെന്നൈ റൂട്ടിൽ എപ്പോൾ വേണമെങ്കിലും സർവീസ് ആരംഭിക്കാവുന്നതേയുള്ളൂ. മൈസൂരുവിലേക്ക് 78 കിലോമീറ്റർ വേഗത്തിലാണ് ഓടുന്നത്. അതു വെച്ചുനോക്കുമ്പോൾ മലബാറിലെ പാതക്ക് ഇതിലും കൂടിയ വേഗം താങ്ങാനാവും. 
ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനായ മൈസൂരുവിനെയും ചെന്നൈയെയും ബന്ധിപ്പിക്കുന്ന സർവീസാണ് കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡി  ഫ്‌ളാഗ് ഓഫ് ചെയ്തത്.   ഇതോടെ രാജ്യത്തെ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളുടെ എണ്ണം അഞ്ചായി. 


 ചെന്നൈക്കും മൈസൂരിനും ഇടയിലുള്ള 500 കിലോമീറ്റർ ദൂരം ആറു മണിക്കൂർ 30 മിനിറ്റ് കൊണ്ട് ട്രെയിൻ പിന്നിടും. ചെന്നൈ-മൈസൂരു സർവീസിനിടയിൽ കാട്പാടി, ബംഗളൂരു എന്നീ രണ്ട് സ്റ്റോപ്പുകൾ മാത്രമാണുള്ളത്.
ഇന്ത്യയിൽ ഇതേ വരെ നാല്  വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളാണ് സർവീസ് നടത്തിയിരുന്നത്. ആദ്യം ട്രാക്കിലെത്തിയത് ന്യൂദൽഹി - വരാണസി ട്രെയിനാണ്. ശേഷം  ന്യൂദൽഹി - കത്ര ട്രെയിൻ സർവീസ് ആരംഭിച്ചു.  തുടർന്ന്്  ഗുജറാത്തിലെ ഗാന്ധിനഗറിൽ നിന്ന് മുംബൈയിലേയ്ക്കുള്ള ട്രെയിൻ ആരംഭിച്ചു. നാലാമതായി  ഹിമാചൽ പ്രദേശിലെ ഉനയിലേക്കുള്ള ട്രെയിൻ ആരംഭിച്ചു. 
വ്യവസായ കേന്ദ്രമായ ചെന്നൈ, ടെക്, സ്റ്റാർട്ടപ്പ് ഹബ്ബായ ബംഗളൂരു, വിനോദസഞ്ചാര കേന്ദ്രമായ മൈസൂരു എന്നീ നഗരങ്ങൾ തമ്മിലുള്ള ബന്ധം പുതിയ ട്രെയിൻ സർവീസ് മുഖേന കൂടുതൽ മെച്ചപ്പെടുമെന്ന് പ്രധാനമന്ത്രി ബംഗളൂരുവിലെ കെഎസ്ആർ റെയിൽവേ സ്റ്റേഷനിലെ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംസാരിക്കവേ പറഞ്ഞു. 
ചെന്നൈ-മൈസൂരു യാത്രക്ക് ചെയർ കാറിന് 1200 രൂപയാണ് ടിക്കറ്റ് നിരക്ക്. 


എക്‌സിക്യൂട്ടീവ് ക്ലാസിന് 2296 രൂപയും. മൈസൂരു-ചെന്നൈ യാത്രക്ക് യഥാക്രമം 1365 രൂപയും 2486 രൂപയുമാണ്.
ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് ഈ ട്രെയിൻ നിർമിച്ചത്. നൂതന സൗകര്യങ്ങളോടെയാണ്  വന്ദേഭാരത് എക്സ്പ്രസ് ട്രെയിനുകൾ നിർമിച്ചിരിക്കുന്നത്. ഈ ട്രെയിനുകൾക്ക്   വളരെ പെട്ടെന്ന്  ഉയർന്ന വേഗം കൈവരിക്കാനുള്ള സംവിധാനമുണ്ട്.   അതിനാൽ യാത്രാ സമയം 25% മുതൽ 45% വരെ കുറയ്ക്കാനും സാധിക്കും. ഓട്ടോമാറ്റിക് ഡോറുകൾ, ജിപിഎസ്, വൈഫൈ എന്നീ സംവിധാനങ്ങൾ ട്രെയിനിന്റെ പ്രത്യേകതകളാണ്. എയർ കണ്ടീഷൻഡ് ചെയർ കാർ കോച്ചുകളും 180 ഡിഗ്രി വരെ തിരിയാൻ കഴിയുന്ന റിവോൾവിംഗ് ചെയറും ഉണ്ട്.  
2019 ഫെബ്രുവരി 15 നാണ് ഇന്ത്യയുടെ ആദ്യ വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിൻ സർവീസ് ആരംഭിച്ചത്. ഓരോ വർഷവും കൂടുതൽ ട്രെയിനുകളുടെ നിർമാണം പൂർത്തീകരിച്ച് പുതിയ റൂട്ടുകളിൽ സർവീസ് ആരംഭിച്ചു വരികയാണ്. 
ചെന്നൈ-ബംഗളൂരു സർവീസിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കൾ ഐ.ടി രംഗത്തെ പ്രൊഫഷണലുകളായിരിക്കുമെന്നതിൽ സംശയമില്ല. ബുധനാഴ്ച ഒഴികെ എല്ലാ ദിവസവും സർവീസുണ്ട്. വിമാന യാത്രയിലും കുറഞ്ഞ സമയം മതിയെന്നാണ് അവകാശവാദം. എയർപോർട്ടുകളിലെ ഡ്രില്ലുകൾക്ക് വേണ്ടി വരുന്ന സമയം കൂടി നോക്കുമ്പോൾ വന്ദേഭാരതാണ് എളുപ്പം. ജോലാർപേട്ടക്കും മൈസൂരുവിനുമിടയിൽ ട്രെയിനിന്റെ വേഗം 130 കിലോ മീറ്ററാക്കി ഉയർത്തുന്ന ജോലി പുരോഗമിച്ചു വരികയാണ്. ചെന്നൈ-ബംഗളൂരു  റൂട്ടിന് മറ്റൊരു സവിശേഷത കൂടിയുണ്ട്. തെക്കേ ഇന്ത്യയിൽ ആദ്യമായി ശതാബ്ദി സർവീസ് 1994 ൽ ആംരഭിച്ചതും ഇതേ റൂട്ടിലാണ്. 

Latest News